Kannur
HomeNews

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ആഭ്യന്തര വിനോദസഞ്ചാര യാത്രക്കാരുടെ എണ്ണത്തിൽ വൻവർധന.

16 Feb 20191 മിനിറ്റ് വായന
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ആഭ്യന്തര വിനോദസഞ്ചാര യാത്രക്കാരുടെ എണ്ണത്തിൽ വൻവർധന.

മട്ടന്നൂർ∙ ‌കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ആഭ്യന്തര വിനോദസഞ്ചാര യാത്രക്കാരുടെ എണ്ണത്തിൽ വൻവർധന. കൂട്ടമായി ടിക്കറ്റ് ബുക്ക് ചെയ്യുന്ന ബൾക്ക് ബുക്കിങ് പ്രയോജനപ്പെടുത്തിയാണു സഞ്ചാരികൾ യാത്ര ചെയ്യുന്നത്. ബൾക്ക് ബുക്കിങ് വഴി യാത്രാ നിരക്കിൽ ഇളവ് ലഭിക്കുന്നതാണു  പ്രധാന ആകർഷണം. കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ സംഘടനാ പ്രവർത്തകർ, സ്വയം സഹായ സംഘം പ്രവർത്തകർ, റസിഡന്റ്സ് അസോസിയേഷനുകൾ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, അധ്യാപകർ തുടങ്ങിയവർ അടുത്ത ദിവസങ്ങളിൽ ബൾക്ക് ബുക്കിങ് സംവിധാനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ബെംഗളൂരുവിലേക്കാണ് ഏറ്റവും കൂടുതൽ ബുക്കിങ്. കണ്ണൂർ വിമാനത്താവളത്തിൽ നിന്നു ബെംഗളൂരുവിൽ പോയി വരാൻ ഒരാൾക്കു 3,500 രൂപ മുതൽ 4,000 രൂപ വരെയാണു ടിക്കറ്റ് നിരക്ക്. രാവിലെ പോയി അത്യാവശ്യം സ്ഥലങ്ങൾ കണ്ടു വൈകിട്ടു തിരിച്ചെത്താം എന്നതും ബെംഗളൂരു യാത്രയെ ആകർഷകമാക്കുന്നതായി ബൾക്ക് ബുക്കിങ്ങിനെത്തിയ കുറ്റ്യാടി വിദ്യാനികേതനിലെ അധ്യാപകൻ പ്രവീൺ കുമാർ പറഞ്ഞു. സന്ദർശക ഗാലറിയിൽ തിരക്ക് വേനൽ അവധിക്കാല വിനോദ യാത്രയിലും കണ്ണൂർ വിമാനത്താവളം പ്രധാന താവളമായി മാറിയിട്ടുണ്ട്. സ്കൂൾ അവധി ദിവസങ്ങളിൽ ധാരാളം പേർ വിമാനത്താവള സന്ദർശനത്തിന് എത്തുന്നുണ്ട്. കണ്ണൂരിനു പുറമേ വയനാട്, കാസർകോട്, കർണാടക എന്നിവിടങ്ങളിൽ നിന്നും വിദ്യാർഥികൾ കൂട്ടത്തോടെ എത്തുന്നു. പ്രൈമറി വിദ്യാർഥികളാണു കൂടുതൽ. സ്കൂളിലെ പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രവുമായി  എത്തുന്നവർക്ക് പ്രവേശന ഫീസിൽ 50 ശതമാനം ഇളവ് ലഭിക്കും.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക