Kannur
മട്ടന്നൂരില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 15 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റ് വിവിധ ആശുപത്രികളില്‍
15 Feb 20191 മിനിറ്റ് വായന

മട്ടന്നൂര്‍: തെരുവുനായയുടെ കടിയേറ്റ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഇരുപതു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തോടെ ശിവപുരം, വെമ്ബടി, പരിയാരം, പത്തൊന്‍പതാം മൈല്‍ പ്രദേശങ്ങളിലാണ് നായയുടെ ആക്രമണമുണ്ടായത്. മണക്കായിയിലെ സൗമിനി (67), ഇടപ്പഴശിയിലെ ഉഷ (38), പരിയാരത്തെ പി.എ. യൂസഫ് (48), പരിയാരം യുപി സ്കൂളിലെ ആറാം ക്ളാസ് വിദ്യാര്‍ഥിനി വെമ്ബടിത്തട്ടിലെ നജാ ഫാത്തിമ (12), പ്ലസ്ടു വിദ്യാര്‍ഥിനി ഫര്‍സാന (17), സി.എച്ച്. അലിയാര്‍ (55), ശ്രീജ (36), കാര്‍ത്തിക് മോഹന്‍ (24), അന്പിളി തുടങ്ങിയവര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇവരെ മട്ടന്നൂര്‍ ഗവ.ആശുപത്രിയിലും കണ്ണൂര്‍ ജില്ലാ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.
വിദ്യാര്‍ഥിനികള്‍ക്ക് സ്കൂളിലേക്ക് നടന്നുപോകുമ്ബോഴും സൗമിനിക്ക് റോഡിന്‍റെ നിര്‍മാണപ്രവൃത്തി നടത്തുന്നതിനിടെയും മറ്റുള്ളവര്‍ക്ക് വാഹനം കാത്ത് റോഡരികില്‍ നില്‍ക്കുമ്ബോഴും മറ്റുമാണ് കടിയേറ്റത്.
കാലിനാണ് എല്ലാവര്‍ക്കും കടിയേറ്റത്. കടിയേറ്റവരെ മട്ടന്നൂര്‍ ഗവ.ആശുപത്രിയിലെത്തിച്ച് കുത്തിവയ്പ് നടത്തിയതിനുശേഷം ഗുരുതരമായി പരിക്കേറ്റവരെ കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു. മട്ടന്നൂരിലും പരിസരപ്രദേശങ്ങളിലും തെരുവുനായയുടെ ശല്യം രൂക്ഷമാണ്. ഇതുസംബന്ധിച്ച് നഗരസഭ, പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.





