Information
HomeNews

'ഇവനെ കഴിക്കല്ലേ ഇവൻ വിഷമാണ് 'മുളച്ച ഉരുളക്കിഴങ്ങ്' ആരോഗ്യത്തിന് ഭീഷണി

10 Nov 20251 മിനിറ്റ് വായന
'ഇവനെ കഴിക്കല്ലേ ഇവൻ വിഷമാണ് 'മുളച്ച ഉരുളക്കിഴങ്ങ്' ആരോഗ്യത്തിന് ഭീഷണി


നമ്മളിൽ പലരും പച്ചക്കറി വാങ്ങുമ്പോൾ ഉരുളക്കിഴങ്ങ് കുറച്ചു കൂടുതലായി വാങ്ങുന്നവരാണ്. കാരണം അത് ഏത് വിഭവത്തിലും രുചികരമായി ചേരും, ഫ്രഞ്ച് ഫ്രൈസ് മുതൽ കറികൾ വരെ എല്ലാത്തിലും. പക്ഷേ ചില ദിവസങ്ങൾക്ക് ശേഷം അതിൽ ചെറിയ മുളകൾ പൊങ്ങുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?

പലരും അതൊന്നും ശ്രദ്ധിക്കാതെ തന്നെ പാചകത്തിന് ഉപയോഗിക്കും. എന്നാൽ, ഇതിൽ മറഞ്ഞിരിക്കുന്നുത് ആരോഗ്യത്തിന് ഭീഷണി നൽകുന്ന ഒരു വിഷമാണ്. മുളച്ച ഉരുളക്കിഴങ്ങിൽ സൊളാനൈൻ, ചാക്കോനൈൻ എന്നീ രാസസംയുക്തങ്ങൾ ഉണ്ടാകും.

ഇവ പ്രകൃതിദത്ത പ്രതിരോധത്തിനായി ഉരുളക്കിഴങ്ങ് ഉത്പാദിപ്പിക്കുന്നതാണ്. എന്നാൽ, മനുഷ്യശരീരത്തിൽ ഇത് അമിതമായി എത്തിയാൽ വിഷമായി പ്രവർത്തിക്കും. ചെറിയ അളവിൽ എങ്കിലും കഴിച്ചാൽ ദഹനത്തെയും നാഡീപ്രവർത്തനത്തെയും ബാധിച്ചേക്കാം.

മുളച്ച ഉരുളക്കിഴങ്ങ് നിരന്തരം കഴിക്കുന്നത് ഛർദ്ദി, വയറുവേദന, വയറിളക്കം, തലവേദന തുടങ്ങിയ അസ്വസ്ഥതകൾക്കും ചിലപ്പോൾ ഹൃദയമിടിപ്പ് വർധിക്കൽ, രക്തസമ്മർദ്ദം കുറയൽ, പനി പോലുള്ള ഗുരുതര പ്രശ്‌നങ്ങൾക്കും കാരണമാകാം.

മുളച്ച ഉരുളക്കിഴങ്ങ് കഴിക്കുമ്പോൾ കയ്പ് അനുഭവപ്പെടും വിഷാംശം കൂടിയെന്നതിന്റെ സൂചനയാണത്. കൂടാതെ, മുളച്ചതോടെ അതിലെ പ്രധാന പോഷകങ്ങൾ കുറയുകയും, അതിനാൽ പോഷകമൂല്യം നഷ്‌ടപ്പെടുകയും ചെയ്യും.

ചിലർ മുളയും പച്ചപ്പും നീക്കം ചെയ്ത് വേവിച്ചാൽ മതിയെന്നാണ് കരുതുന്നത്. എന്നാൽ പുഴുങ്ങൽ, ബേക്ക് ചെയ്യൽ, മൈക്രോവേവ് ചെയ്യൽ തുടങ്ങിയ മാർഗങ്ങൾ ഗ്ലൈക്കോൾക്കലോയിഡുകളെ പൂർണമായി നശിപ്പിക്കില്ല. മാത്രമല്ല, പാകം ചെയ്താലും വിഷാംശം പൂർണമായും അകന്നുപോകില്ല.

അതിനാൽ ആരോഗ്യത്തിന് സുരക്ഷിതമായ മാർഗം അത്തരം ഉരുളക്കിഴങ്ങുകൾ വലിച്ചെറിയുക എന്നത് മാത്രമാണ്. ആവശ്യത്തിലധികം ഉരുളക്കിഴങ്ങ് വാങ്ങാതിരിക്കുക, വാങ്ങിയ ഉരുളകിഴങ്ങുകൾ ഈർപ്പരഹിതമായ സ്ഥലത്ത് സൂക്ഷിക്കുക, 1–2 ആഴ്ചയിൽ കൂടുതൽ സൂക്ഷിച്ച് വെക്കാതെ ഉപയോഗിച്ച് തീർക്കുക, പച്ച നിറമോ മുളകളോ കണ്ടാൽ ഉപേക്ഷിക്കുക തുടങ്ങിയവയാണ് ഇതിനായി ചെയ്യാൻ കഴിയുന്ന പരിഹാരങ്ങൾ.

അടുക്കളയിലെ ഒരു സാധാരണ പച്ചക്കറിയായ ഉരുളക്കിഴങ്ങ് പോലും, തെറ്റായി കൈകാര്യം ചെയ്താൽ വിഷമായി മാറാം. അതിനാൽ, അടുത്ത തവണ മുളച്ച ഉരുളക്കിഴങ്ങ് കണ്ടാൽ ലാഭം നോക്കാതെ അത് വലിച്ചെറിയുക.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക