രാത്രി ഉറങ്ങണമെങ്കിൽ വെളിച്ചം നിർബന്ധമാണോ? മങ്ങിയ വെളിച്ചത്തിലും ഉറങ്ങുന്നത് അപകടം; പുതിയ പഠനം മുന്നറിയിപ്പ് നൽകുന്നു

രാത്രിയിൽ പൂർണമായി ഇരുണ്ട അന്തരീക്ഷത്തിലാണ് ഏറ്റവും നല്ല ഉറക്കം ലഭിക്കുക എന്നത് വിദഗ്ധർ പൊതുവെ പറയുന്ന കാര്യമാണ്. വെളിച്ചം കുറഞ്ഞാൽ ശരീരത്തിൽ മെലട്ടോണിൻ ഹോർമോണിന്റെ ഉത്പാദനം വർധിക്കുകയും ഉറക്കം ഗാഢമാകുകയും ചെയ്യും.
എന്നിരുന്നാലും, ചിലർക്ക് മുറിയിലെ ലൈറ്റ് ഓഫ് ചെയ്യാതെ ഉറങ്ങുന്ന ശീലം പതിവാണ്. ഈ ശീലം ആരോഗ്യത്തിന് ഭീഷണിയാണെന്നും ഏറ്റവും പുതിയൊരു ഗവേഷണം വ്യക്തമാക്കുന്നു.
ഹാർവാർഡ് സർവകലാശാലയിലെ ഗവേഷകരാണ് ഈ പഠനം നടത്തിയിരിക്കുന്നത്. മുറിയിൽ വെളിച്ചം നിലനിൽക്കുന്നത്, അതു മങ്ങിയതായാലും, മസ്തിഷ്കത്തിലും ഹൃദയത്തിലും സമ്മർദമുണ്ടാക്കുന്നുവെന്ന് ഇവർ പറയുന്നു.
രക്തക്കുഴലുകളിൽ വീക്കം രൂപപ്പെടാനും ദീർഘകാലത്ത് ഹൃദയവുമായി ബന്ധപ്പെട്ട രോഗങ്ങൾക്കുള്ള സാധ്യത വർധിക്കാനും ഇത് കാരണമാകുന്നു. ഒരു ദശാബ്ദത്തോളം ശേഖരിച്ച ബ്രെയിൻ സ്‌കാനുകളും മറ്റ് ആരോഗ്യവിവരങ്ങളും വിലയിരുത്തിയതിലാണ് രാത്രി ആർട്ടിഫിഷ്യൽ വെളിച്ചത്തിൽ ഉറങ്ങുന്നതിന്റെ ദൂഷ്യഫലങ്ങൾ കണ്ടെത്തിയത്.
ഉറക്കം ശരിയായി ലഭിക്കാതെ പോകുന്നത് അൽസ്ഹൈമേഴ്‌സ് പോലുള്ള രോഗങ്ങളുടെ സാധ്യതയും കൂട്ടുമെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു. പത്ത് വർഷം നീണ്ട പഠനത്തിൽ 446 പേരുടെ ആരോഗ്യവിവരങ്ങളാണ് പരിശോധിച്ചത്.
രാത്രിയിൽ വെളിച്ചം ഒഴിവാക്കാതെ ഉറങ്ങുന്നവരുടെ മസ്തിഷ്ക പ്രവർത്തനത്തിൽ സമ്മർദം കൂടുതലാണെന്നും, തുടർന്ന് രക്തക്കുഴലുകളിൽ മാറ്റങ്ങൾ സംഭവിക്കുന്നതായും കണ്ടെത്തി.ഇത്തരത്തിൽ ഉറങ്ങിയവരിൽ 17 ശതമാനം പേർക്ക് പിന്നീട് ഹൃദ്രോഗ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പ്രത്യേകിച്ച് ട്രാഫിക് കൂടുതൽ കൂടിയ മേഖലകളിലും വെളിച്ചം സദാ നിലനിൽക്കുന്ന പ്രദേശങ്ങളിലുമുള്ളവർക്കാണ് പ്രശ്‌നം കൂടുതൽ.
മുറിയിലെ വെളിച്ചം ശരീരത്തിന്റെ ജൈവ ഘടികാരമായ സിർകാഡിയൻ റിഥത്തിന് പ്രശ്‌നം സൃഷ്ടിക്കും. ഇതു ഉറക്കത്തിന്റെ സ്വാഭാവിക ക്രമം തകരുകയും ഹോർമോണുകളുടെ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും. ഇതെല്ലാം ആരോഗ്യത്തിന് ദോഷകരണമാണെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.





