Information
HomeNews

ഒരു കിലോ ഉപ്പ്, വില 35,000 രൂപ: ലോകത്തെ ഏറ്റവും വില കൂടിയ ഉപ്പ്

9 Sept 20251 മിനിറ്റ് വായന
ഒരു കിലോ ഉപ്പ്, വില 35,000 രൂപ: ലോകത്തെ ഏറ്റവും വില കൂടിയ ഉപ്പ്

 


ഒരു കിലോ ഉപ്പിന് 35,000 രൂപ എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍ ലോകത്ത് അത്രയും വിലയേറിയ ഉപ്പ് ഉണ്ട്. അടുക്കളയില്‍ നിന്ന് ഒ‍ഴിവാക്കാനാകാത്ത ഭക്ഷണത്തിന് മേമ്പൊടിയായി എത്തി രുചി വര്‍ധിപ്പിക്കുന്ന ഉപ്പിലെ ഈ കേമന്റെ പേര് കൊറിയൻ ഉപ്പ് എന്നാണ്. ബാംബു സാള്‍ട്ട്, പര്‍പ്പിള്‍ സാള്‍ട്ട് എന്നീ പേരുകളിലും ഉപ്പിലെ ഈ രാജാവ് അറിയപ്പെടും.

കാല്‍ കിലോ കൊറിയന്‍ ഉപ്പിന് വരുന്ന വില വെറും 100 ഡോളറാണ്. അതായത് ഇന്ത്യൻ രൂപ നോക്കുകയാണെങ്കില്‍ ഏകദേശം 8,811 രൂപ. അപ്പോള്‍ ഒരു കിലോയ്ക്ക് വില വരുന്നത് ഏകദേശം 35,000 രൂപയാണ്.

ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ ഉപ്പിനെ മൂല്യമേറയതാക്കുന്നതിലെ പ്രധാന ഘടകം അതിന്റെ ഉത്പാദന രീതിയാണ്. കടലില്‍ നിന്ന് എടുക്കുന്ന ഉപ്പ് ഒരു മുളയുടെ തണ്ടില്‍ നിറയ്ക്കും. കളിമണ്ണ് കൊണ്ട് അത് പൊതിഞ്ഞതിന് ശേഷം ഇരുമ്പ് അടുപ്പില്‍ വെച്ച് പൈന്‍ വിറക് ഉപയോഗിച്ച് ഉയര്‍ന്ന താപനിലയില്‍ ഒമ്പത് തവണ ചൂടാക്കും. സൂക്ഷമതയോടെയാണ് ഈ പ്രക്രിയ ചെയ്യുന്നത്. അല്ലെങ്കില്‍ ഉപ്പിന് കരിഞ്ഞ രുചി വരും.

ചുട്ടെടുത്ത ഉപ്പ് കട്ടിയാകും അത് എടുത്ത് പൊടിച്ചതിനു ശേഷം മറ്റൊരു മുളന്തണ്ടില്‍ നിറയ്ക്കും വീണ്ടും ചൂടാക്കുകയും ചെയ്യും. ഇത്തരത്തില്‍ ചൂടാക്കിയെടുക്കുമ്പോള്‍ ഉപ്പിന് ഗാംറോജംഗ് ഫ്‌ലേവര്‍ എന്ന രുചി വരുകയും ഉപ്പിന്റെ നിറം പര്‍പ്പിള്‍ ആകുകയും ചെയ്യും. 50 ദിവസമാണ് ഇത്തരത്തില്‍ ഉപ്പ് നിര്‍മിക്കാൻ എടുക്കുന്ന സമയം.

കൊറിയന്‍ പലഹാരങ്ങള്‍ പാചകം ചെയ്യുന്നതിനും, പരമ്പരാഗത കൊറിയന്‍ വൈദ്യത്തിലുമാണ് കൊറിയൻ ഉപ്പ് ഉപയോഗിക്കുന്നത്. ഇതിന്റെ സങ്കീര്‍ണമായ നിര്‍മാണപ്രക്രിയയാണ് ഇതിനെ ലോകത്തെ ഏറ്റവും വില കൂടിയ ഉപ്പാക്കി മാറ്റുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക