ജെ എസ് കെ സിനിമയുടെ പുതിയ പതിപ്പ് ഇന്ന് സെൻസർ ബോർഡിന് മുന്നിൽ എത്തും

ജെ എസ് കെ സിനിമയുടെ പുതിയ പതിപ്പ് ഇന്ന് സെൻസർ ബോർഡിന് മുന്നിൽ എത്തും. ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കിയാണ് സിനിമ പുറത്തിറങ്ങുക. കോടതിയിലെ ഒരു രംഗം മ്യുട്ട് ചെയ്യണമെന്നും കഴിഞ്ഞ ദിവസം കോടതി ആവശ്യപ്പെട്ടിരുന്നു. റീ എഡിറ്റ് ചെയ്ത പതിപ്പ് സമര്‍പ്പിച്ച് മൂന്നു ദിവസത്തിനകം സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് സെന്‍സര്‍ ബോര്‍ഡും കോടതിയെ അറിയിച്ചിരുന്നു.
സമവായത്തിലൂടെ പ്രശ്നം പരിഹരിക്കാമെന്ന് സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചതോടെയാണ് പ്രശ്നപരിഹാരത്തിന് വഴിതുറന്നത്. ആദ്യം നിര്‍ദേശിച്ചതുപോലെ സിനിമയിലെ 96 ഇടത്ത് കട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്നില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു. പകരം സിനിമയുടെ ടൈറ്റിലില്‍ ചെറിയ മാറ്റം വരുത്തണം. ജാനകി എന്നതിനു പകരം വി ജാനകിയെന്നൊ ജാനകി വി എന്നോ ചേര്‍ക്കണം. കൂടാതെ കോടതി രംഗങ്ങളിലെ ഒരു ഭാഗം നീക്കണം. ജാനകി എന്ന പേര് വരുന്ന ഭാഗം മ്യൂട്ട് ചെയ്യണം ഇതായിരുന്നു പുതിയ നിര്‍ദേശം.
ബലാത്സംഗത്തിനിരയായ ജാനകിയെ വിസ്തരിക്കുന്ന പ്രതിഭാഗം അഭിഭാഷകന്‍ ഇതര മതസ്ഥനാണ്. ജാനകിയെന്ന കഥാപാത്രത്തെ അപമാനിക്കുന്ന ചോദ്യങ്ങള്‍ ഈ സീനിലുണ്ടെന്നും മതങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിന് കാരണമാകുമെന്നും സെന്‍സര്‍ ബോര്‍ഡ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും പറഞ്ഞിരുന്നു. തുടര്‍ന്നാണ് കോടതി ഹര്‍ജിക്കാരുടെ അഭിപ്രായം തേടിയത്. സിനിമയുടെ ടൈറ്റില്‍ മാറ്റാന്‍ തയ്യാറാണെന്ന് നിര്‍മ്മാതാക്കള്‍ കോടതിയെ അറിയിക്കുകയായിരുന്നു. പേരിനൊപ്പം ഇനീഷ്യല്‍ ചേര്‍ത്ത് ജാനകി വി എന്നാക്കി മാറ്റാമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. കോടതി രംഗങ്ങളില്‍ പേര് മ്യൂട്ട് ചെയ്യണമെന്ന സെന്‍സര്‍ ബോര്‍ഡിന്‍റെ നിര്‍ദേശം അംഗീകരിക്കുന്നതായും നിര്‍മ്മാതാക്കള്‍ അറിയിച്ചു.





