Information
HomeNews

ഇനി കൂടുതല്‍ നേരം പഠിക്കണം, ഹൈസ്‌കൂളുകളില്‍ ക്ലാസ് സമയം അര മണിക്കൂര്‍ കൂടും, ഏഴ് ശനിയാഴ്ചകള്‍ കൂടി പ്രവൃത്തി ദിനം

31 May 20251 മിനിറ്റ് വായന
ഇനി കൂടുതല്‍ നേരം പഠിക്കണം, ഹൈസ്‌കൂളുകളില്‍ ക്ലാസ് സമയം അര മണിക്കൂര്‍ കൂടും, ഏഴ് ശനിയാഴ്ചകള്‍ കൂടി പ്രവൃത്തി ദിനം

 

തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടര്‍ തീരുമാനിച്ച് സര്‍ക്കാര്‍.

പുതിയ വിദ്യാഭ്യാസ കലണ്ടര്‍ (education calendar) അനുസരിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് ഹൈസ്‌കൂളുകളില്‍ അര മണിക്കൂര്‍ പ്രവൃത്തി സമയം കൂടും.

രാവിലെയും വൈകീട്ടുമായി 15 മിനിറ്റ് വീതമാണ് കൂട്ടുക.ഇതോടെ പുതിയ പ്രവൃത്തി സമയം രാവിലെ 9.45 മുതല്‍ വൈകീട്ട് 4.15 വരെയാകും.

ഒപ്പം തുടര്‍ച്ചയായി ആറു പ്രവൃത്തി ദിനങ്ങള്‍ വരാത്ത വിധം 7 ശനിയാഴ്ചകളില്‍ കൂടി ക്ലാസ് ഉണ്ടാകും.

ആകെ 205 പ്രവൃത്തി ദിവസങ്ങളാണ് ഉണ്ടാവുക.

യുപി ക്ലാസുകളില്‍ തുടര്‍ച്ചയായി 6 പ്രവൃത്തി ദിനങ്ങള്‍ വരാത്ത വിധം 2 ശനിയാഴ്ചകള്‍ കൂടി ഉള്‍പ്പെടുത്തി 200 പ്രവൃത്തി ദിനമാക്കി.എല്‍പി ക്ലാസുകളില്‍ പൊതുഅവധികളും ശനിയാഴ്ചകളും ഒഴികെയുള്ള 198 പ്രവൃത്തി ദിനമാണുള്ളത്.

വിദ്യാഭ്യാസ ചട്ടം അനുസരിച്ച് എല്‍പി ക്ലാസുകളില്‍ പ്രതിവര്‍ഷം 800 മണിക്കൂര്‍ ക്ലാസാണ് നിര്‍ദേശിക്കുന്നത്.

അതിന് ഈ പ്രവൃത്തി ദിനങ്ങള്‍ മതിയാകും.ഹൈസ്‌കൂളുകളില്‍ 1200 മണിക്കൂര്‍ പഠന സമയം നിര്‍ദേശിക്കുന്ന സാഹചര്യത്തിലാണ് 7 അധിക പ്രവൃത്തി ദിവസങ്ങള്‍ക്കൊപ്പം ദിവസവും അര മണിക്കൂര്‍ കൂട്ടുന്നത്.

മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാഭ്യാസ ഗുണനിലവാര വര്‍ധന മേല്‍നോട്ട സമിതിയുടെ (ക്യുഐപി) യോഗത്തിലാണ് തീരുമാനം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക