Information
ലോക ബ്രെയിൻ ട്യൂമര്‍ ദിനം; രോഗം തിരിച്ചറിയുന്നത് എങ്ങനെ? ശരീരം നൽകുന്ന ലക്ഷണങ്ങൾ അവഗണിക്കരുത്
8 Jun 20241 മിനിറ്റ് വായന
പ്രതിവിധി കണ്ടെത്തുക, രോഗത്തെക്കുറിച്ചുള്ള ഗവേഷണം പ്രോത്സാഹിപ്പിക്കുക, ബ്രെയിന്‍ ട്യൂമറുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ 2000 ജര്‍മ്മന്‍ ബ്രെയിന്‍ ട്യൂമര്‍ അസോസിയേഷനാണ് ബ്രെയിന്‍ ട്യൂമര്‍ ക്യാമ്പയിന്‍ ആരംഭിച്ചത്. 'സ്വയം സംരക്ഷിക്കുക, സമ്മർദ്ദങ്ങളിൽ നിന്ന് അകന്നു നിൽക്കുക'- എന്നതാണ് ഇത്തവണത്തെ ലോക ബ്രെയിൻ ട്യൂമർ ദിനത്തിലെ പ്രമേയം.
തലച്ചോറിലെ കോശങ്ങളുടെ അസാധാരണമായ വളർച്ചയാണ് ബ്രെയിൻ ട്യൂമർ. ഇത് അപകടകരമായത് (അര്‍ബുദത്തിന് കാരണമാകുന്നത് ) അപകടമില്ലാത്തത് ( അർബുദത്തിന് കാരണമാകാത്തത്, വളർച്ചാനിരക്ക് കുറഞ്ഞത്) എന്നിങ്ങനെ രണ്ട് തരത്തിലുണ്ട്. രാവിലെയുള്ള അവസഹിയമായ തലവേദന, ഓക്കാനം എന്നിയവാണ് പ്രാരംഭ ഘട്ടത്തിലെ ലക്ഷണങ്ങൾ. ചികിത്സിച്ചില്ലെങ്കിൽ ബ്രെയിൻ ട്യൂമര്‍ ജീവൻ നഷ്ടപ്പെടുന്ന ഘട്ടത്തിലേക്ക് നയിച്ചേക്കാം.
അർബുദത്തിന് കാരണമാകുന്ന ട്യൂമറുകൾ പെട്ടെന്ന് വളരാനും ഗുരുതരമാകാനും സാധ്യതയുണ്ട്. മസ്തിഷ്ക കോശങ്ങളെ ബാധിക്കുന്നതിന്റെ അടിസ്ഥാനത്തിൽ 120 തരം ബ്രെയിൻ ട്യൂമറുകളെ കണ്ടെത്തിയിട്ടുണ്ട്. ട്യൂമറിന്റെ സ്ഥാനം അനുസരിച്ച് രോഗ ലക്ഷണങ്ങളിലും മാറ്റം വരാം. മസ്തിഷ്കത്തിൻ്റെ സജീവമല്ലാത്ത ഭാഗങ്ങളിലാണ് ട്യൂമർ വികസിക്കുന്നതെങ്കിൽ ട്യൂമർ വളരെ വലുതാകുന്നതു വരെ രോഗലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല.
ബ്രെയിൻ ട്യൂമർ ഒന്നുകിൽ മസ്തിഷ്ക കോശങ്ങളിൽ നിന്ന് ഉത്ഭവിക്കാം അല്ലെങ്കിൽ അവ ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് തലച്ചോറിലേക്ക് വ്യാപിക്കും. ഇത് മെറ്റാസ്റ്റാറ്റിക് ബ്രെയിൻ ട്യൂമർ എന്നും അറിയപ്പെടുന്നു. അപസ്മാരം, കൈകളിലോ കാലുകളിലോ ബലഹീനത അല്ലെങ്കിൽ മരവിപ്പ്, നടക്കുമ്പോൾ അസന്തുലിതാവസ്ഥ, കേൾവിക്കുറവ്, ഓർമ്മക്കുറവ് അല്ലെങ്കിൽ തലവേദന എന്നിവയാണ് ബ്രെയിൻ ട്യൂമറിന്റെ ചില ലക്ഷണങ്ങൾ.





