Information
HomeNews

World No Tobacco Day 2024: ഇന്ന് ലോക പുകയില വിരുദ്ധ ദിനം

31 May 20243 മിനിറ്റ് വായന
World No Tobacco Day 2024: ഇന്ന് ലോക പുകയില വിരുദ്ധ ദിനം


പുകയിലയുടെ ഉപയോഗത്തിൻ്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കുന്നതിനാണ് മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നത്.പുകയില ഉപയോഗത്തില്‍ നിന്നും ആളുകളെ പിന്തിരിപ്പിക്കുക എന്നതാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. പുകവലിയുടെ ദൂഷ്യഫലങ്ങൾ അനുഭവിക്കേണ്ടി വരുന്നത് പുകവലിക്കുന്നവർ മാത്രമല്ല, അവര്‍ക്കൊപ്പമുള്ളവര്‍ കൂടിയാണ്. 

ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, പുകയില ഓരോ വർഷവും 8 ദശലക്ഷത്തിലധികം ആളുകളെ കൊല്ലുന്നു.അപകടകാരികളായ പുകയില ഉത്പന്നങ്ങളുടെ ഉപയോഗത്തിൽ നിന്നും അവയുടെ വ്യാപാര മേഖലയിൽ നിന്നും കുട്ടികളെ രക്ഷിക്കുന്നതിന് സർക്കാരും പൊതുസമൂഹവും ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന സന്ദേശമാണ് ഈ പ്രമേയം നൽകുന്നത്. പുകയിലയുമായി ബന്ധപ്പെട്ട വ്യാവസായിക ഉത്പന്നങ്ങൾ കുട്ടികളിലും യുവാക്കളിലും ചെലുത്തുന്ന ദോഷകരമായ സ്വാധീനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ഈ വർഷത്തെ ദിനാചരണം ലക്ഷ്യമിടുന്നു .

പുകയില ഉത്പന്നങ്ങൾ സൃഷ്ടട്ടിക്കുന്ന ദോഷകരമായ ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ചും നിക്കോട്ടിൻ വ്യവസായത്തിന്റെ ചൂഷണത്തെക്കുറിച്ചും സമൂഹത്തിൽ ബോധവത്കരണം നൽകുന്നതിന് ലക്ഷ്യമിട്ട് 1988 മുതലാണ് മെയ് 31 പുകയില വിരുദ്ധ ദിനമായി ആചരിച്ചു തുടങ്ങിയത്. പുകയില മൂലമുണ്ടാകുന്ന രോഗങ്ങളും മരണങ്ങളും കുറയ്ക്കുകയാണ് ദിനാചരണത്തിന്റെ മറ്റൊരു പ്രധാന ലക്ഷ്യം . പുകയില ഉത്പന്നങ്ങളുടെ ലഹരിയിലേക്കും അനുബന്ധ വ്യവസായങ്ങളിലേക്കും ആകൃഷ്ടരാകുന്നതിൽ നിന്ന് കുട്ടികളേയും യുവാക്കളേയും തടയുന്നതിനുള്ള നയങ്ങളും നിയമങ്ങളും ആവിഷ്കരിക്കുന്നതിന് സർക്കാറുകളെ ഈ ദിനം പ്രേരിപ്പിക്കുന്നു.

പുകയിലയിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിൻ വളരെ അപകടകാരിയാണ്. പുകയില ഉത്പന്നങ്ങളുടെ ഉപയോഗം ഹൃദയ, ശ്വാസകോശ സംബന്ധമായ മാരക രോഗങ്ങൾക്ക് കാരണമാകുന്നു. ഇരുപതിലധികം വ്യത്യസ്ത തരം കാൻസറിനും മറ്റ് പല ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ഒരു പ്രധാന കാരണമാണ് നിക്കോട്ടിൻ. ചൂടാക്കിയ പുകയില ഉത്പന്നങ്ങൾ കൂടുതൽ അപകടകാരികളാണ്. അവയിൽ പലതും കാൻസറിന് കാരണമാകുകയും ആരോഗ്യത്തിന് ഹാനികരവുമാണ്.

പുകയിലയുമായി ബന്ധപ്പെട്ട മിക്ക മരണങ്ങളും താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ് സംഭവിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിൽ പുകവലി മൂലമുണ്ടായ മരണങ്ങൾ 10 കോടിയാണ്. ലോകത്ത് നടക്കുന്ന മരണങ്ങളുടെ 15%-വും പുകവലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. പുകവലി മരണങ്ങളിൽ പകുതിയിലധികം സംഭവിക്കുന്ന പ്രായം 70 വയസ്സ് ആണ് .

ലോകാരോഗ്യ സംഘടനയുടെ 2022-ലെ കണക്കുകൾ പ്രകാരം ലോകത്ത് 13-15 വയസ്സിനിടയിലുള്ള 3.7 കോടി കുട്ടികൾ ഏതെങ്കിലും തരത്തിലുള്ള പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നു. യൂറോപ്യൻ മേഖലയിൽ, 13-15 വയസ്സ് പ്രായമുള്ള 11.5% ആൺകുട്ടികളും 10.1% പെൺകുട്ടികളും പുകയില ഉപയോഗിക്കുന്നവരാണ് (4 ദശലക്ഷം). ഫലപ്രദമായ പുകയില വിരുദ്ധ പ്രചാരണങ്ങളുടെയും കർശനമായ സർക്കാർ നിയന്ത്രണങ്ങളുടെയും ഫലമായി സിഗരറ്റ്, ബീഡി എന്നിവ വലിക്കുന്നവരുടെ എണ്ണം കുറഞ്ഞുവെങ്കിലും പുകയിലയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന പുതിയ ലഹരി വസ്തുക്കളുടെ ഉപയോഗം കൂടിയിട്ടുണ്ട്.

ഇലക്ട്രോണിക് സിഗരറ്റ്, നിക്കോട്ടിൻ പൗച്ചുകൾ തുടങ്ങിയ ഉത്പന്നങ്ങൾക്ക് യുവാക്കൾക്കിടയിൽ ഇന്ന് കൂടുതൽ പ്രചാരം നേടുകയാണ്. യൂറോപ്യൻ മേഖലയിലെ 12.5% കൗമാരക്കാർ 2022-ൽ ഇ-സിഗരറ്റ് ഉപയോഗിച്ചതായി കണക്കാക്കപ്പെടുന്നു. ഇത് മുതിർന്നവരിൽ 2% ആയിരുന്നു. ഈ മേഖലയിലെ ചില രാജ്യങ്ങളിൽ, സ്കൂൾ കുട്ടികൾക്കിടയിൽ ഇ-സിഗരറ്റ് ഉപയോഗത്തിന്റെ നിരക്ക് സിഗരറ്റ് വലിക്കുന്ന നിരക്കിനേക്കാൾ 2-3 മടങ്ങ് കൂടുതലാണ്. ഇത്തരം ഉത്പന്നങ്ങൾ മാരകമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴി വെക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നുണ്ട്.

നേരിട്ട് പുകവലിക്കുന്നവർക്ക് മാത്രമല്ല പുകവലിക്കുന്നവരുമായി സഹവാസമുള്ളവർക്കും അവരുടെ അടുത്ത് നിൽക്കുന്നവർക്കും അവർ പുക വലിച്ച് പുറത്തു വിടുന്ന പുക (സെക്കൻഡ് ഹാൻഡ് പുക) ശ്വസിക്കുന്നതു മൂലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു.

നേരിട്ടുള്ള പുകയില ഉപയോഗത്തിൽ നിന്നുള്ള മരണം ഏഴ് ദശലക്ഷമാണെങ്കിൽ സെക്കൻഡ് ഹാൻഡ് പുകവലി മരണങ്ങൾ 1.2 ദശലക്ഷം വരും. 28% കുട്ടികളും പാസ്സീവ് സ്മോക്കിങ്ങിന്റെ ഇരകളാണ്. സെക്കൻഡ് ഹാൻഡ് പുകയുമായി ബന്ധപ്പെട്ട അസുഖങ്ങൾ മൂലം ഓരോ വർഷവും 65,000 കുട്ടികൾ മരിക്കുന്നു. ഗർഭിണിയായിരിക്കുമ്പോൾ സ്ത്രീകൾ പുകവലിക്കുന്നത് കുഞ്ഞുങ്ങൾക്ക് ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

പുകയില വ്യവസായം പരിസ്ഥിതി നാശത്തിനും കാരണമാകുന്നുണ്ട്. പുകയില കൃഷിക്ക് ഉപയോഗിക്കുന്ന കീടനാശിനികളും വളങ്ങളും ജലസ്രോതസ്സുകൾ മലിനമാക്കുന്നു. പുകയില ഉത്പന്ന നിർമ്മാണവുമായി ബന്ധപ്പെട്ട വ്യവസായം പ്രതിവർഷം രണ്ട് ദശലക്ഷം ടൺ മാലിന്യം സൃഷ്ടിക്കുകയും 4.3 ദശലക്ഷം ഹെക്ടർ ഭൂമിയിലെ വനനശീകരണത്തിനും കാരണമാകുന്നു.

പുകയില വ്യവസായം കുട്ടികളെ ലക്ഷ്യമിടുന്നതിനു പിന്നിൽ നിരവധി കാരണങ്ങളുണ്ട്. പുകയില ഉത്പന്നങ്ങളുടെ അപകടങ്ങളെ കുറിച്ച് കുട്ടികൾക്ക് വേണ്ടത്ര അറിവില്ലെന്നത് തന്നെ പ്രധാന കാരണം. ജീവിതത്തിൽ ഏതു പരീക്ഷണത്തിനും തുനിയുന്ന കൗമാര പ്രായവും ചീത്ത കൂട്ടുകെട്ടും കുട്ടികളെ പുകയില ഉപയോഗത്തിലേക്കു നയിക്കാം. കുട്ടികൾക്ക് മനസ്സിലാകുന്ന ലളിതമായ ഭാഷയിൽ പുകയില വിരുദ്ധ ബോധവത്കരണം തുടർച്ചയായി നൽകേണ്ടതുണ്ട്. അധ്യാപകർക്കും രക്ഷിതാക്കൾക്കും ഇക്കാര്യത്തിൽ വലിയ പങ്കു നിർവഹിക്കാൻ കഴിയും.

കുട്ടികൾക്ക് പുകയില ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിന് സ്കൂളുകൾക്ക് സമീപമുള്ള കടകൾ വഴിയോ ഏജന്റുമാർ വഴിയോ വിൽപന നടത്തുന്നതും അവയുടെ വില കുറച്ച് നൽകുന്നതുമായ രീതി കച്ചവടക്കാർ പരീക്ഷിക്കുന്നുണ്ട്. കുട്ടികളേയും കൗമാരക്കാരെയും ആകർഷിക്കുന്ന തരത്തിലുള്ള ഉത്പന്നങ്ങളും സോഷ്യൽ മീഡിയയിലൂടെയും സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലൂടെയുമുള്ള പരസ്യ തന്ത്രങ്ങളും ഈ വ്യവസായം വികസിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇതിനെതിരെ ശക്തമായ ജാഗ്രത പൊതുസമൂഹം പുലർത്തേണ്ടതുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക