Information
HomeNews

പുറത്തുനിന്നുള്ളത് മാത്രമല്ല, ശ്രദ്ധിച്ചില്ലെങ്കിൽ വീട്ടിലുണ്ടാക്കുന്ന ഭക്ഷണവും നിങ്ങളെ രോ​ഗിയാക്കാം; മുന്നറിയിപ്പുമായി ഐസിഎംആർ

21 May 20241 മിനിറ്റ് വായന
പുറത്തുനിന്നുള്ളത് മാത്രമല്ല, ശ്രദ്ധിച്ചില്ലെങ്കിൽ വീട്ടിലുണ്ടാക്കുന്ന ഭക്ഷണവും നിങ്ങളെ രോ​ഗിയാക്കാം; മുന്നറിയിപ്പുമായി ഐസിഎംആർ


പുറത്തുനിന്നുള്ള ഭക്ഷണത്തെക്കാൾ വീട്ടിലുണ്ടാക്കുന്ന ഭക്ഷണമാണ് ആരോഗ്യത്തിന് നല്ലതെന്നാണ് എല്ലാവരുടെയും പൊതുധാരണ. എന്നാൽ അവിടെയും ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആർ). ഉയർന്ന തോതിൽ കൊഴുപ്പും ഉപ്പും പഞ്ചസാരയും ഭക്ഷണത്തിൽ അടങ്ങിയിട്ടുണ്ടെങ്കിൽ അത് അനാരോഗ്യകരമാണെന്ന് ഐസിഎംആർ അടുത്തിടെ പുറത്തിറക്കിയ 17 ഡയറ്ററി മാർഗനിർദേശങ്ങളിൽ പറയുന്നു.

ഭക്ഷണത്തിൽ കൊഴുപ്പും പഞ്ചസാരയും കൂടുമ്പോൾ അധികമാകുന്ന കലോറി അമിതവണ്ണം പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കും. ഇത് ശരീരത്തിന് അവശ്യമായ അമിനോ ആസിഡുകളും ഫാറ്റി ആസിഡും മൈക്രോന്യൂട്രിയന്റുകളും ലഭിക്കാത്ത അവസ്ഥയുണ്ടാക്കാമെന്നും ഐസിഎംആര്‍ വിദഗ്ധര്‍ പറയുന്നു. ഇത് വിളര്‍ച്ച, ധാരണാശേഷിക്കുറവ്, ഓര്‍മ്മശക്തിക്കുറവ്, പ്രമേഹം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കാമെന്നും മാര്‍ഗ്ഗരേഖ പറയുന്നു.

ഒരു ദിവസം കഴിക്കേണ്ട ഉപ്പിന്റെ പരമാവധി അളവ് അഞ്ച് ഗ്രാമും പഞ്ചസാരയുടേത് 25 ഗ്രാമുവാണ്. ഒരു ദിവസം 2000 കിലോ കലോറിയുള്ള ഭക്ഷണം കഴിക്കുന്നതില്‍ 10 ഗ്രാമിലധികം സാച്ചുറേറ്റഡ് കൊഴുപ്പ് ഉണ്ടാകാന്‍ പാടില്ലെന്നും ഐസിഎംആര്‍ നിര്‍ദ്ദേശിക്കുന്നു. ചിപ്‌സ്, സോസുകള്‍, ബിസ്‌കറ്റ്, ബേക്കറി ഉത്പന്നങ്ങള്‍, അച്ചാർ, പപ്പടം എന്നിവയിലെല്ലാം ഉപ്പും പ‍ഞ്ചസാരയും അധികം ചേർക്കുമെന്നും ഐസിഎംആർ മുന്നിറിയിപ്പ് നൽകുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക