Information
നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; ലോകത്ത് ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രതിവർഷം മരിക്കുന്നത് 7.5 ദശലക്ഷം ആളുകൾ
17 May 20241 മിനിറ്റ് വായന
ഇന്ന് ലോക ഹൈപ്പർടെൻഷൻ ദിനം. ആഗോളതലത്തിൽ ഹൃദയ സംബന്ധമായ രോഗങ്ങൾക്കും അകാല മരണത്തിനും കാരണമാകുന്ന ഉയർന്ന രക്തസമ്മർദ്ദം (ഹൈപ്പർടെൻഷൻ) തടയുന്നതിനും കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനും ജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിനുമാണ് ഈ ദിനം ആചരിക്കുന്നത്.
85 നാഷണൽ ഹൈപ്പർടെൻഷൻ സൊസൈറ്റികളും ലീഗുകളുടെയും കൂടുന്ന വേൾഡ് ഹൈപ്പർടെൻഷൻ ലീഗ് ( WHL) ആണ് 2005ൽ ലോക ഹൈപ്പർടെൻഷൻ ദിനം പ്രഖ്യാപിക്കുന്നത്. ബിപി സ്ഥിരമായി 140/90 മുകളിൽ പോവുകയാണെങ്കിൽ നിങ്ങൾക്ക് ഉയർന്ന രക്തസമ്മർദ്ദമുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. ഹൃദ്രോഗം, പക്ഷാഘാതം, വൃക്കസംബന്ധമായ പ്രശ്നങ്ങൾ, അകാല മരണം എന്നിവയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട അപകട ഘടകമാണ് ഉയർന്ന രക്തസമ്മർദ്ദം.
എല്ലാ വർഷവും മെയ് 17ന് ആണ് ലോക ഹൈപ്പർടെഷൻ ദിനം ആചരിക്കുന്നത്. രക്തസമ്മർദ്ദം കൃത്യമായി അളക്കുക, നിയന്ത്രിക്കുക, കൂടുതൽ കാലം ജീവിക്കുക! എന്നതാണ് ഇത്തവണത്തെ പ്രമേയം. പ്രതിവർഷം ഏകദേശം 7.5 ദശലക്ഷം ആളുകൾ ഇതെ തുടർന്ന് മരിക്കുന്നു. എന്നാൽ ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ലക്ഷണങ്ങളെക്കുറിച്ചും പ്രതിരോധ നടപടികളെക്കുറിച്ചും പലരും ഇന്നും അജ്ഞരാണ്.
ലക്ഷണങ്ങൾ
രക്തസമ്മർദ്ദം പലപ്പോഴും രോഗലക്ഷങ്ങൾ ഒന്നും പ്രകടമാക്കാറില്ലെന്നാണ് രോഗത്തെ ഏറ്റവും അപകടകരമാക്കുന്നത്. യാദൃച്ഛികമായിട്ടായിരിക്കും പലപ്പോഴും രോഗം കണ്ടെത്തുക. അതുകൊണ്ടു തന്നെ ഈ രോഗത്തെ ഒരു നിശബ്ദ കൊലയാളി എന്നാണ് അറിയപ്പെടുന്നത്.
എന്നിരുന്നാലും ചിലർക്ക് കഠിനമായ തലവേദന, തലകറക്കം, ഓക്കാനം, ഛർദി, കിതപ്പ്, കാഴ്ച മങ്ങുക, നെഞ്ചുവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ കാണപ്പെടാം.
എങ്ങനെ പ്രതിരോധിക്കാം
രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് ആരോഗ്യകരമായ ഒരു ജീവിതശൈലി ശീലിക്കുക എന്നതാണ് ഏക മാർഗം.
ഡയറ്റിൽ ധാരാളം പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തുക
ദിവസവും കുറഞ്ഞത് 30 മിനിറ്റ് നേരമെങ്കിലും വ്യയാമം ശീലിക്കുക.
അമിതവണ്ണം ഒഴിവാക്കാൻ ശ്രമിക്കുക.
കൃത്യമായ മെഡിക്കൽ ചെക്കപ്പുകൾ നടത്തുക.





