Information
ഹൈപ്പർടെൻഷൻ കുട്ടിക്കാലത്തു തന്നെ തുടങ്ങാം, അമിതവണ്ണം പ്രധാനവില്ലൻ; പഠനവുമായി ഗവേഷകർ
2 Apr 20241 മിനിറ്റ് വായന
സിസ്റ്റോളിക് ബ്ലഡ് പ്രഷർ 140-നും ഡയസ്റ്റോളിക് ബ്ലഡ് പ്രഷർ 90-നും മുകളിൽ പോകുന്നതാണ് ഹൈപ്പർടെൻഷൻ ആയി കണക്കാക്കുന്നത്. അമിതവണ്ണക്കാരായ കുട്ടികളേയും കൗമാരക്കാരേയുമാണ് ഹൈപ്പർടെൻഷൻ കൂടുതലായി ബാധിക്കുന്നതെന്നും പഠനത്തിൽ പറയുന്നുണ്ട്. അമിതവണ്ണം കുറയ്ക്കാനുള്ള മാർഗങ്ങൾ സ്വീകരിച്ച് ഹൈപ്പർടെൻഷനും മറ്റ് അനുബന്ധരാേഗങ്ങൾക്കുമുള്ള സാധ്യത കുറയ്ക്കണമെന്നാണ് ഗവേഷകർ പറയുന്നത്.
വരുന്ന മേയിൽ വെനീസിൽ വച്ചുനടക്കുന്ന യൂറോപ്യൻ കോൺഗ്രസിൽ ഗവേഷണം അവതരിപ്പിക്കും. സ്വീഡനിൽ നിന്നുള്ള പോപ്പുലേഷൻ സ്റ്റഡിയെ ആധാരമാക്കിയാണ് പഠനം നടത്തിയത്. കുട്ടിക്കാലത്തുതന്നെ ആരോഗ്യകരമായ ഭക്ഷണവും ജീവിതശൈലിയും സ്വീകരിക്കുകവഴി പിൽക്കാലത്തുണ്ടാകുന്ന രക്തസമ്മർദത്തെ പ്രതിരോധിക്കാനാവുമെന്നും ഗവേഷകർ പറയുന്നു. സ്വീഡനിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനുപിന്നിൽ.
1948-നും 1968-നും ഇടയിൽ ജനിച്ച 1,683 പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. ശരീരത്തിൽ കൊഴുപ്പ് അമിതമായി അടിയുന്നത് വീക്കമുണ്ടാകുന്നതിനും രക്തക്കുഴലുകളുടെ പാളികളുടെ പ്രവർത്തനം തകരാറിലാകുവാനും കാരണമാകും. അടിവയറിലും അരക്കെട്ടിനു ചുറ്റും അടിയുന്ന കൊഴുപ്പ് മുതിർന്നവരിൽ ഹൈപ്പർടെൻഷന് കരണമാകുന്ന പ്രധാനഘടകങ്ങളാണ്.
അതേസമയം ഡയറ്റ്, ശാരീരിക പ്രവർത്തനങ്ങൾ തുടങ്ങിയവ ഹൈപ്പർടെൻഷൻ നിർണയിക്കുന്നതിൽ പ്രധാനമാണെന്നും അവവേണ്ടവിധം പഠനത്തിൽ ചർച്ചചെയ്തിലെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്.
ലോകാരോഗ്യസംഘടനയുടെ നിർദേശപ്രകാരം ഹൈപ്പർടെൻഷൻ പ്രതിരോധിക്കാനുള്ള വഴികൾ
പ്രോട്ടോക്കോൾ
അനിയന്ത്രിതമായ രക്തസമ്മർദനില കൈകാര്യം ചെയ്യാൻ മരുന്നിന്റെ കാര്യത്തിൽ, ഡോസ് ഉൾപ്പെടെയുള്ളവയിൽ കൃത്യമായ പ്രോട്ടോക്കോൾ പാലിക്കുക.
മരുന്നുവിതരണം
അമിതവിലയില്ലാത്ത മരുന്നുകൾ സ്ഥിരമായും തടസ്സമില്ലാതെയും ലഭ്യമാക്കുക എന്നത് ഹൈപ്പർടെൻഷൻ ചികിത്സയിൽ പ്രധാനമാണ്. നിലവിൽ ഹൈപ്പർടെൻഷൻ മരുന്നുകളുടെ വിലയുടെ കാര്യത്തിൽ രാജ്യങ്ങൾ തമ്മിൽ പത്തിരട്ടിയോളം വ്യത്യാസമുണ്ട്.
ടീമായ പ്രവർത്തനം
ഡോക്ടറുടെ നിർദേശങ്ങൾക്കും പ്രോട്ടോക്കോളിനും അനുസരിച്ച് രക്തസമ്മർദത്തിന്റെ മരുന്നുകൾ ക്രമീകരിക്കാൻ ഒരു ടീം ഉണ്ടാകുന്നത് രോഗിയുടെ നില മെച്ചപ്പെടുത്തും.
രോഗിയിൽ കേന്ദ്രീകൃതമായ സേവനം
രക്തസമ്മർദത്തിനുള്ള മരുന്നുകൾ എളുപ്പത്തിൽ ലഭ്യമാകുന്ന രീതിയിലും സൗജന്യമായും പെട്ടെന്ന് രക്തസമ്മർദനില പരിശോധിക്കാൻ കഴിയുന്ന രീതിയിലും ക്രമീകരിക്കുക.





