Information
ഒന്നിന് പിന്നാലെ ഒന്നായി ടെസ്റ്റ് ലോഞ്ചുകള്‍, 2024 ല്‍ മനുഷ്യരും, ഗഗന്‍യാന്‍ ദൗത്യം ഒരുങ്ങുന്നു
6 Oct 20232 മിനിറ്റ് വായന
തയ്യാറെടുപ്പുകൾ നടന്നുവരികയാണ്, വിക്ഷേപണ വാഹനത്തിന്റെ എല്ലാ ഭാഗങ്ങളെല്ലാം വിക്ഷേപണത്തിനായി ശ്രീഹരിക്കോട്ടയിൽ എത്തിയിട്ടുണ്ട്. അന്തിമ കൂട്ടിച്ചേർക്കലുകൾ പുരോഗമിക്കുന്നുണ്ട്. ഒക്ടോബർ അവസാനത്തോടെ വിക്ഷേപണത്തിന് തയ്യാറെടുക്കുകയാണ് ഞങ്ങൾ. വിക്രം സാരാഭായ് ബഹിരാകാശ നിലയത്തിന്റെ ഡയറക്ടർ എസ് ഉണ്ണികൃഷ്ണൻ നായർ പറഞ്ഞു.
ഹൈ ഡൈനാമിക് പ്രഷർ ഉൾപ്പടെ വിവിധ സാഹചര്യങ്ങൾ ക്രൂ എസ്കേപ്പ് സംവിധാനത്തിന്റെ പരീക്ഷണത്തിലൂടെ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഗഗൻയാൻ ദൗത്യത്തിന്റെ പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ക്രൂ എസ്കേപ് സിസ്റ്റം.
ഇത്തരത്തിൽ നാല് അബോർട്ട് മിഷനുകൾ നടത്തും. ടിവി-ഡി1 എന്ന പേരിലായിരിക്കും ആദ്യത്തേത്. പിന്നാലെ ടിഡി-ഡി2 ഈ വർഷം തന്നെ വിക്ഷേപിക്കും. 2024 ആദ്യം യാത്രികർ സഞ്ചരിക്കുന്നതിനായി ഉപയോഗിക്കുന്ന ഗഗൻയാൻ പേടകത്തിന്റെ ആദ്യ ഓർബിറ്റൽ പരീക്ഷണം നടക്കും. ഇതിൽ സഞ്ചാരികളുണ്ടാവില്ല. പിന്നാലെയാണ് മറ്റ് രണ്ട് അബോർട്ട് ടെസ്റ്റുകൾ കൂടി നടത്തുക. 2024 ൽ തന്നെ ഗഗൻയാൻ പേടകത്തിന്റെ രണ്ടാമത്തെ ഓർബിറ്റൽ ടെസ്റ്റ് നടത്തും. 2024 അവസാനത്തോടെ ആദ്യമായി മൂന്ന് ഇന്ത്യൻ ബഹിരാകാശ യാത്രികരുമായി ഗഗൻയാൻ പേടകം വിക്ഷേപിക്കും.
ഗഗൻയാൻ പേടകം ബഹിരാകാശ ടൂറിസത്തിന് വേണ്ടിയും ഉപയോഗിക്കാനാവുമെന്ന് ഉണ്ണികൃഷ്ണൻ നായർ പറഞ്ഞു. യാത്രികരെ 100 കിമീ അകലെ കൊണ്ടുപോയി തിരികെയെത്തിക്കാൻ ഇതിന് സാധിക്കുമെന്നും ആർക്കെങ്കിലും അതിന് താൽപര്യമുണ്ടെങ്കിൽ ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.
യാത്രികർക്ക് നിശ്ചിത കാലത്തേക്ക് കഴിയാനുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് പേടകം തയ്യാറാക്കിയിരിക്കുന്നത്. അവരെ സുരക്ഷിതമായി ഭൂമിയിലിറക്കാനും ഇതിന് സാധിക്കും. ലോഞ്ച് വെഹിക്കിൾ മാർക്ക് -3 (എൽവിഎം-3) എന്ന ഇസ്രോയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണ റോക്കറ്റിലാണ് ഗഗൻയാൻ പേടകം ഭ്രമണ പഥത്തിൽ എത്തിക്കുക.
പ്രധാനമായും മനുഷ്യരെ ബഹിരാകാശത്തെത്തിക്കാനുള്ള തങ്ങളുടെ ശേഷി തെളിയിക്കുകയാണ് ആദ്യ ഗഗൻയാൻ ദൗത്യത്തിലൂടെ ഇസ്രോയുടെയും ഇന്ത്യയുടേയും ലക്ഷ്യം. ഗഗൻയാൻ ദൗത്യം വിജയം കാണുന്നതോട, സ്വന്തം ബഹിരാകാശ നിലയം, മനുഷ്യന്റെ ചാന്ദ്രയാത്ര ഉൾപ്പടെയുള്ള ഇസ്രോയുടെ ഭാവി ദൗത്യങ്ങൾക്ക് ആക്കം കൂടും.





