Information
ഭാഗിക ചന്ദ്രഗ്രഹണം; ഇന്ത്യയിലും കാണാം - വിശദവിവരങ്ങള്‍
24 Oct 20231 മിനിറ്റ് വായന
ചന്ദ്രഗ്രഹണം
സുര്യനും ഭൂമിയും ചന്ദ്രനും യഥാക്രമം നേർ രേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ചന്ദ്രനും സൂര്യനും ഇടയിൽ ഭൂമി ക്രമീകരിക്കപ്പെടുകയും ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുകയും ചെയ്യുന്നു. ചന്ദ്രന്റെ ഭ്രമണ പഥത്തിലുണ്ടാകുന്ന നേരിയ മാറ്റങ്ങളെ തുടർന്ന് ഭൂമിയുടെ നിഴൽ പതിക്കുന്നതിലും മാറ്റങ്ങളുണ്ടാവാറുണ്ട്. അങ്ങനെയാണ് പൂർണ ചന്ദ്രഗ്രഹണവും ഭാഗിക ചന്ദ്ര ഗ്രഹണവും ഉണ്ടാവുന്നത്. സൂര്യനും ചന്ദ്രനും ഇടയിലായി ഭൂമി ക്രമീകരിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന നിഴലിൽ ഏറ്റവും ഇരുണ്ട ഭാഗം അമ്പ്ര (Umbra) എന്നറിയപ്പടുന്നു. ഈ മേഖലയിലേക്ക് ചന്ദ്രൻ പൂർണമായി പ്രവേശിക്കുമ്പോഴാണ് പൂർണ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. എന്നാൽ ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണമായി മറയ്ക്കാതെ ഒരു വശത്തുകൂടി പ്രവേശിച്ച് കടന്ന് പോവുമ്പോഴാണ് ഭാഗിക ചന്ദ്രഗ്രഹണം സംഭവിക്കുന്നത്.
ഇത്തവണത്തെ ചന്ദ്രഗ്രഹണം എങ്ങനെ കാണാം
1 മണിക്കൂർ 19 മിനിറ്റ് നേരമാണ് നടക്കാനിരിക്കുന്ന ചന്ദ്രഗ്രഹണത്തിന്റെ ദൈർഘ്യം. ഇന്ത്യയിൽ എല്ലായിടത്ത് നിന്നും ഇത് കാണാനാവും. പടിഞ്ഞാറൻ പസഫിക് മേഖല, ഓസ്ട്രേലിയ, ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, കിഴക്കൻ ദക്ഷിണ അമേരിക്ക, വടക്കുകിഴക്കൻ അമേരിക്ക, അറ്റ്ലാന്റിക് സമുദ്രം, ഇന്ത്യൻ മഹാസമുദ്രം, ദക്ഷിണ പസഫിക് സമുദ്രം എന്നിവിടങ്ങളിൽ നിന്ന് ചന്ദ്രഗ്രഹണം കാണാം.
നഗ്ന നേത്രങ്ങൾ കൊണ്ട് തന്നെ എല്ലാവർക്കും സുരക്ഷിതമായി ചന്ദ്രഗ്രഹണങ്ങൾ നോക്കിക്കാണാനാവും. ബൈനോക്കുലറുകളും ദൂരദർശിനികളും ഉപയോഗിച്ചാൽ കൂടുതൽ വ്യക്തമായി ഇത് കാണാം. 2025 സെപ്റ്റംബർ 7 നാണ് ഇന്ത്യയിൽ നിന്ന് കാണാൻ സാധിക്കുന്ന അടുത്ത ചന്ദ്രഗ്രഹണം. 2022 നവംബറിലാണ് മുമ്പ് ഇന്ത്യയിൽ നിന്ന് ചന്ദ്രഗ്രഹണം ദൃശ്യമായത്.





