Information
HomeNews

പഴയ വാഹനം വാങ്ങിയവര്‍ക്കു പിഴക്കാലം; അടയ്‌ക്കേണ്ടത് 10 വര്‍ഷം മുമ്പുള്ള പിഴ വരെ.....

29 Oct 20231 മിനിറ്റ് വായന
പഴയ വാഹനം വാങ്ങിയവര്‍ക്കു പിഴക്കാലം; അടയ്‌ക്കേണ്ടത് 10 വര്‍ഷം മുമ്പുള്ള പിഴ വരെ.....


സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങിയവരിൽ ചിലർക്കിപ്പോൾ പിഴക്കാലം. വാഹനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തുന്ന പരിവാഹൻ സൈറ്റിലെ പ്രശ്നം മൂലമാണ് മുൻ ഉടമ നൽകേണ്ട പിഴ പുതിയ ഉടമയ്ക്കു നൽകേണ്ടി വരുന്നത്. ടാക്സി ഉടമകളാണു കൂടുതൽ ബുദ്ധിമുട്ടുന്നത്. ഇത്തരത്തിൽ ഒട്ടേറേ കേസുകൾ വരുന്നുണ്ടെന്ന് ഉദ്യോഗസ്ഥരും വാഹനങ്ങളുടെ സർവീസ് ഏജന്റുമാരും പറയുന്നു.

വാഹനവിവരങ്ങളുമായി ബന്ധിപ്പിക്കുന്ന കേന്ദ്രീകൃത സെർവർ വരുന്നതിനുമുൻപ് വാഹനം വാങ്ങിയവരാണു വെട്ടിലായത്. മുൻപ് പഴയ വാഹനങ്ങളുടെ കേസുകളും പിഴയും ഓരോ ആർ.ടി. ഓഫീസിനു കീഴിലായിരുന്നു കൈകാര്യം ചെയ്തിരുന്നത്. ഇപ്പോൾ ഇന്ത്യമുഴുവൻ ഒരേ സംവിധാനമാണ്. പഴയ വാഹനങ്ങളുടെ വിവരങ്ങൾ ഇപ്പോഴാണു പരിവാഹനിലൂടെ അപ്ഡേറ്റ് ചെയ്തിരിക്കുന്നത്.

ഈ വാഹനങ്ങൾ വാങ്ങിയ ഉടമ റീ രജിസ്ടേഷൻ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തുടങ്ങിയ ഏതെങ്കിലും സർവീസിനായി മോട്ടോർ വാഹന വകുപ്പിനെ സമീപിക്കുമ്പോഴായിരിക്കും പിഴയുള്ള കാര്യം അറിയുന്നത്. പലർക്കും 10 വർഷം മുൻപുള്ള പിഴവരെ അടയ്ക്കേണ്ടി വരുന്നു. 5,000 മുതൽ 10,000 വരെ രൂപ പിഴയടച്ചവരുണ്ട്.

പഴയ വാഹനം വാങ്ങുന്ന സമയത്ത് പിഴകളൊന്നും ഉള്ളതായി വാഹന ഉടമ അറിയണമെന്നില്ല. പുതിയ ഉടമ ഈ വിഷയം പഴയ ഉടമയെ അറിയിച്ചാലും അവർ സമ്മതിക്കുന്നുമില്ല. കൂടാതെ ദൂരസ്ഥലങ്ങളിൽനിന്നു വാഹനം വാങ്ങിയവരും ഏറെയുണ്ട്. ഓൺലൈനിൽ പിഴ അടയ്ക്കാൻ സാധിച്ചില്ലെങ്കിൽ അതേ ആർ.ടി. ഓഫീസ് പരിധിയിലെത്തി പിഴ നൽകുകയും വേണം.

മോട്ടോർ വാഹന വകുപ്പിനും ഒരു നടപടിയും സ്വീകരിക്കാൻ സാധിക്കുന്നില്ല. പ്രശ്നം സാങ്കേതികമാണെന്നും പഴയ ഉടമയെക്കൊണ്ട് എങ്ങനെയെും അത് അടപ്പിക്കണമെന്നും അല്ലെങ്കിൽ നിയമവഴി തേടാമെന്നുമാണു മോട്ടോർ വാഹന വകുപ്പ് പറയുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക