Information
HomeNews

ചന്ദ്രനില്‍ സൂര്യനുദിച്ചു; ചന്ദ്രയാന്‍ ഉണരുന്നതും കാത്ത് ശാസ്ത്രലോകം, തയ്യാറെടുത്ത് ഐഎസ്ആർഒ

21 Sept 20231 മിനിറ്റ് വായന
ചന്ദ്രനില്‍ സൂര്യനുദിച്ചു; ചന്ദ്രയാന്‍ ഉണരുന്നതും കാത്ത് ശാസ്ത്രലോകം, തയ്യാറെടുത്ത് ഐഎസ്ആർഒ


ബെംഗളൂരു:
രണ്ടാഴ്ച മുമ്പ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നിദ്രയിലേക്ക് പോയ ചന്ദ്രയാൻ-3 ഉണരുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് ശാസ്ത്ര ലോകം. രണ്ടാഴ്ചയ്ക്ക് ശേഷം ചന്ദ്രനിൽ സൂര്യ പ്രകാശമെത്തുമ്പോൾ വിക്രം ലാൻഡറിനേയും പ്രഗ്യാൻ റോവറിനേയും തട്ടിയുണർത്താനുള്ള ശ്രമത്തിലാണ് ഐഎസ്ആർഒയും.

സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഇവയുമായുള്ള ആശയവിനിമയം നടത്താനുള്ള തയ്യാറെടുപ്പുകളാണ് നടത്തുന്നത്. അവയെ പുനരുജ്ജീവിപ്പിക്കാനായാൽ ഐഎസ്ആർഒയ്ക്കും ശാസ്ത്രലോകത്തിനും വലിയ നേട്ടമാകും. ചന്ദ്രയാൻ ദൗത്യം പുനരാരംഭിക്കാനുമാകും.

സെപ്റ്റംബർ 20 മുതൽ ചന്ദ്രനിൽ സൂര്യപ്രകാശം ലഭിച്ചു തുടങ്ങി. ചന്ദ്രയാൻ സ്ഥിതിചെയ്യുന്ന ദക്ഷിണധ്രുവത്തിൽ പൂർണ്ണമായും സൂര്യപ്രകാശമെത്തി വെള്ളിയാഴ്ചയോടെ ഉപകരണങ്ങളിലെ സോളാർ പാനലുകൾ ചാർജ് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐഎസ്ആർഒ അറിയിച്ചു.

'ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനുള്ള പ്രക്രിയ ശാസ്ത്രജ്ഞർ നടത്തിവരുകയാണ്. സെപ്റ്റംബർ 22 മുതലുള്ള പ്രവർത്തനത്തിനായി ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ലാൻഡറും റോവറും പുനരുജ്ജീവിപ്പിക്കാനും കൂടുതൽ ഉപയോഗപ്രദമായ ഡാറ്റ നേടാനും ഞങ്ങൾക്ക് ഭാഗ്യമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇനി അവിടെ നിന്ന് ലഭിക്കുന്ന ഏത് ഡാറ്റയും ഒരു ബോണസ് ആയിരിക്കും', ഐഎസ്ആർഒ സ്പേസ് ആപ്ലിക്കേഷൻ സെന്റർ ഡയറക്ടർ നിലേഷ് ദേശായ് പിടിഐയോട് പറഞ്ഞു.

ഓഗസ്റ്റ് 23-ന് ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയശേഷം ലാൻഡറിലെയും റോവറിലെയും ഉപകരണങ്ങൾ ഒട്ടേറെ ഗവേഷണവിവരങ്ങൾ ഭൂമിയിലേക്ക് അയച്ചിരുന്നു. ലക്ഷ്യങ്ങൾ പൂർത്തിയാക്കിയ ശേഷം ലാൻഡറിനേയും റോവറിനേയും ഈ മാസം ആദ്യം യഥാക്രമം സെപ്റ്റംബർ 4, 2 തീയതികളിലാണ് സ്ലീപ്പ് മോഡിലേക്ക് മാറ്റിയത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക