Information
പനിയും തലവേദനയും വയറുവേദനയും ലക്ഷണങ്ങള്‍, പടര്‍ന്നുപിടിക്കുന്നത് അജ്ഞാത രോഗം
19 Jul 20231 മിനിറ്റ് വായന
കേന ഗവര്‍ണറേറ്റിലെ അല്‍ - അലെക്കത്ത് ഗ്രാമത്തില്‍ 250 ഓളം പേര്‍ക്കാണ് രോഗംബാധിച്ചതെന്ന് ഈജിപ്ഷ്യൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ശനിയാഴ്ചയാണ് അജ്ഞാത രോഗം സംബന്ധിച്ച വിവരം പുറത്തെത്തിയത്. പനി. തലവേദന, ക്ഷീണം, വയറുവേദന എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ ഓരോരുത്തരിലും വ്യത്യാസപ്പെടുന്നതായി കണ്ടെത്തി. ലക്ഷണങ്ങളുടെ തീവ്രത പൊതുവേ മിതമായതിനാല്‍ ആര്‍ക്കും ഗുരുതരമായ ആശുപത്രിവാസം വേണ്ടിവന്നിട്ടില്ല.
അഞ്ച് ദിവസങ്ങളോളം നീളുന്ന രോഗലക്ഷണങ്ങള്‍ ചിലരില്‍ അസ്ഥികളിലെ വേദനയ്ക്കും ഇടയാക്കുന്നു. നിലവില്‍ ഏത് രോഗമാണ് ഇവരെ ബാധിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. രോഗം തിരിച്ചറിയാൻ ലക്ഷണങ്ങള്‍ പ്രകടമാക്കിയവരില്‍ നിന്നും അവര്‍ താമസിക്കുന്ന ചുറ്റുപാടുകളില്‍ നിന്നും സാമ്ബിള്‍ ശേഖരിച്ചതായി ആരോഗ്യമന്ത്രാലയം പറഞ്ഞു. അതേ സമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇൻഫ്ലുവെൻസ, ഗ്യാസ്ട്രോഎൻറ്റെറിറ്റിസ്, പനി തുടങ്ങി ചൂട് കാലത്ത് വ്യാപകമായി പടരുന്ന രോഗങ്ങള്‍ക്കും ഇതേ ലക്ഷണങ്ങളുണ്ടെന്നും അധികൃതര്‍ പറയുന്നു.
മതിയായ വിശ്രമവും ചികിത്സയും കൊണ്ട് ഇത് ഭേദമാക്കാം. അതേ സമയം, ഈജിപ്റ്റില്‍ പടരുന്നത് ഒരുപക്ഷേ, ഡെങ്കിപ്പനിയാകാമെന്നും അതിനാല്‍ വിമാനങ്ങളിലെ ശുചിത്വ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നുമാണ് റഷ്യൻ അധികൃതരുടെ നിര്‍ദ്ദേശം. ഈജിപ്റ്റ് സന്ദര്‍ശിക്കാനൊരുങ്ങുന്ന പൗരന്മാര്‍ക്കും റഷ്യ നിര്‍ദ്ദേശം നല്‍കി. കൊതുക് അടക്കമുള്ള പ്രാണികള്‍ വഴി പടരുന്ന പകര്‍ച്ചവ്യാധികള്‍ ഒഴിവാക്കാൻ ത്വക്കിനെ പരമാവധി സംരക്ഷിക്കുന്ന തരത്തിലെ വസ്ത്രങ്ങളും കൊതുക് വല പോലുള്ള പ്രതിരോധ സംവിധാനങ്ങളും ഉപയോഗിക്കണമെന്നും നിര്‍ദ്ദേശങ്ങളിലുണ്ട്.





