Information
HomeNews

വിനായകന്റെ ഫ്ലാറ്റില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം; ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തു

20 Jul 20231 മിനിറ്റ് വായന
വിനായകന്റെ ഫ്ലാറ്റില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം; ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തു

കൊച്ചി:(www.payangadilive.in) നടൻ വിനായകന്റെ ഫ്ലാറ്റിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം. കൊച്ചി കലൂർ സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ കെന്റ് ഹെയിൽ ഗാർഡനിലെ ഫ്ലാറ്റിലെത്തിയ ഒരു കൂട്ടം കോൺഗ്രസ് പ്രവർത്തകർ ഫ്ലാറ്റിലെ ജനലിന്റെ ചില്ല് തല്ലിപ്പൊട്ടിക്കുകയും വാതിൽ അടിച്ചു തകർക്കാൻ ശ്രമിക്കുകയും ചെയ്തു. വ്യാഴാഴ്ച ഉച്ചക്ക് 3.30 ഓടെയാണ് സംഭവം.

അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അവഹേളിച്ചു എന്നാരോപിച്ച് ആയിരുന്നു ആക്രമണം. ഉമ്മൻചാണ്ടിക്ക് ജയ് വിളിച്ചു കൊണ്ട് ഫ്ലാറ്റിനുള്ളിലേക്ക് കടന്ന് ജനലിന്റെ ചില്ല് തല്ലി തകർക്കുകയും വാതിൽ അടിച്ചു തകർക്കാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് പൊലീസും ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരും ചേർന്നാണ് ഇവരെ മാറ്റിയത്.

അതെ സമയം അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് വിനായകനെതിരെ കേസെടുത്തത്. ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്

യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സോണി പനന്താനമാണ് കൊച്ചി എസിപിക്ക് പരാതി നൽകിയത്. വിനായകനെതിരെ എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി അജിത്ത് അമീർ ബാവയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയായ സതീഷ് ഡിജിപിക്കാണ് പരാതി നൽകിയത്. വിനായകൻ സിനിമ മേഖലയിലെ ലഹരിമാഫിയയുടെ തലവനാണെന്നാണ് കൊച്ചി അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണര്‍ക്ക് അജിത്ത് അമീർ ബാവ നൽകിയ പരാതിയിൽ ആരോപിക്കുന്നത്. വിനായകന്‍റെ ലഹരി - മാഫിയ ബന്ധങ്ങള്‍ അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക