Information
HomeNews

നാട്ടിപ്പണിയിലുണ്ട്‌ ഒരു ‘മറുനാടൻ’ ടച്ച്‌

12 Jul 20231 മിനിറ്റ് വായന
നാട്ടിപ്പണിയിലുണ്ട്‌ ഒരു ‘മറുനാടൻ’ ടച്ച്‌


കണ്ണപുരം(www.payangadilive.in):  മഴപ്പെയ്ത്തിന് ഇത്തിരി ശമനമായതോടെ വയലേലകളിൽ തകൃതിയായി ഞാറുനടലാണ്. ആവേശത്തോടെ കൂട്ടംകൂടി താളിമിട്ടുള്ള പണിക്ക് അകമ്പടിയായി നാട്ടിപ്പാട്ടിന് പകരം ‘മുക്കാല മുക്കാബലയും കബാലിയും’ ഉയർന്നുകേൾക്കാം. അയ്യോത്ത് പാടത്ത് ഞാറ് നടാനെത്തിയ നൂറിലേറെ ഇതരസംസ്ഥാന തൊഴിലാളികളാണ് വയലേലകളിൽ സിനിമാപ്പാട്ടുകൾ മൂളുന്നത്.
കൃഷിപ്പണിചെയ്യാൻ തൊഴിലാളികൾ കുറഞ്ഞതോടെ മിക്കവയലുകളിലും ഞാറ് നടുന്നത് ഇതര സംസ്ഥാന തൊഴിലാളികളാണ്. സേലത്തുനിന്നാണ് ഭൂരിഭാഗം പേരും എത്തിയത്. പത്തുവർഷത്തോളമായി സേലത്തുനിന്നുള്ള സംഘം കൃഷിക്കെത്തുന്നത്. ഇരുന്നൂറിലധികംപേരുള്ള സംഘമാണ് കണ്ണൂരിൽ എത്തുക. അവിടെനിന്ന് തൊഴിലാളികളെ കണ്ണൂർ, കാസർകോട് ജില്ലകളിലെ വയലേലകളിലേക്ക് തരംതിരിച്ചയക്കും. മിക്കവരും കുടുംബസമേതമാണ് വരുന്നത്. പശ്ചിമ ബംഗാൾ, ഒഡിഷ, ആസാം, ആന്ധ്ര എന്നിവിടങ്ങളിൽനിന്നുള്ള തൊഴിലാളികളുമുണ്ട്. രാവിലെ ഏഴോടെ വയലിലെത്തുന്ന സംഘം ഞാറ് പറിച്ച് നടും. ഏകദേശം 120 ഏക്കറോളം വയലിൽ ഇതിനോടകം നാട്ടിപ്പണി പൂർത്തിയായിക്കഴിഞ്ഞു. കൃഷിപ്പണി പൂർത്തിയായിക്കഴിഞ്ഞാൽ സംഘം തിരികെ നാട്ടിലേക്ക് മടങ്ങും.
ഒട്ടേറെ ഇതരസംസ്ഥാന തൊഴിലാളികൾ ഇത്തവണ കാർഷികമേഖലയിലേക്കെത്തിയതോടെ നെൽകൃഷിയും വ്യാപകമായി. തരിശുനിലമടക്കം പൂർണമായും കൃഷിയോഗ്യമാക്കിയാണ് വ്യത്യസ്തയിനം നെൽവിത്തുകളുപയോഗിച്ചുള്ള കൃഷി പുരോഗമിക്കുന്നത്. അതേസമയം ചില പാടശേഖരങ്ങളിലും സ്വകാര്യ ഇടങ്ങളിലും തദ്ദേശീയരായ തൊഴിലാളികൾ തന്നെയാണ് നാട്ടിപ്പണിയെടുക്കുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക