Information
അനധികൃത റിക്രൂട്ടിങ് വ്യാപകം; ഇരകളാകുന്നത് സാധാരണക്കാര്‍
12 Jul 20231 മിനിറ്റ് വായന
വീട്ടുജോലിക്ക് വരുന്നവര്‍ ഇ മൈഗ്രേറ്റ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്താണ് വരേണ്ടത്. എന്നാല്‍, പലര്‍ക്കും ഇതുസംബന്ധിച്ച് ധാരണയില്ലാത്തതാണ് തട്ടിപ്പുകാര്‍ മുതലാക്കുന്നത്. നാട്ടില്‍ ഈ അനധികൃത ഏജന്റുമാര്‍ക്ക് ഓഫിസോ മറ്റു സംവിധാനങ്ങളോ ഉണ്ടായിരിക്കില്ല. വിസിറ്റിങ് വിസയിലാണ് ഇവരെ എത്തിക്കുന്നത്.
അതിനുശേഷം വീട്ടുജോലിക്ക് നിയോഗിക്കുകയാണ്. ഇ-മൈഗ്രേറ്റ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഗാര്‍ഹിക ജോലിക്കെത്തിക്കുന്നവരുടെ വിവരം എംബസിക്ക് ലഭ്യമാകും. വീട്ടുജോലിക്ക് സ്ത്രീകളെ നിയമിക്കുമ്ബോള്‍ തൊഴിലുടമ 2000 ഡോളര്‍ എംബസിയില്‍ കെട്ടിവെക്കുകയും വേണം. ഇവര്‍ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് തിരികെപ്പോയാല്‍ മാത്രമേ ഈ തുക തൊഴിലുടമക്ക് നല്‍കാറുള്ളൂ. മാത്രമല്ല, അവരുടെ ശമ്ബളം സംബന്ധിച്ച വിവരങ്ങളും എംബസിക്ക് ലഭ്യമാകും. എന്നാല്‍, അനധികൃത ഏജന്റുമാര്‍ ഇതൊന്നും പാലിക്കുന്നില്ലെന്ന് മാത്രമല്ല, ശമ്ബളവും കൈക്കലാക്കുകയാണ് പതിവ്. അതിന്റെ ചെറിയ ഭാഗം മാത്രമാണ് നാട്ടിലുള്ള ബന്ധുക്കള്‍ക്ക് നല്‍കുന്നത്.
പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സിന്റെ അറിവോ അംഗീകാരമോ ഇല്ലാതെയാണ് റിക്രൂട്ടിങ് നടക്കുന്നത്. അനധികൃതമായി റസ്റ്റാറന്റ് ജോലിക്കെന്നുപറഞ്ഞും സ്ത്രീകളെ എത്തിക്കുന്നുണ്ട്. ഇവിടെയെത്തിച്ചശേഷം അസാന്മാര്‍ഗിക പ്രവൃത്തികളിലേര്‍പ്പെടാൻ അവരെ നിര്‍ബന്ധിക്കുന്നതായ നിരവധി പരാതികളുയര്‍ന്നിരുന്നു. എല്‍.എം.ആര്‍.എ പരിശോധനയില്‍ ഇത്തരത്തില്‍ സ്ത്രീകളെ അനധികൃതമായി കൊണ്ടുവന്നതായി തെളിഞ്ഞതിനെത്തുടര്‍ന്ന് കേസ് കോടതിയില്‍ എത്തിയിരുന്നു. തുടര്‍ന്ന് ഇന്ത്യക്കാരായ പ്രതികള്‍ക്ക് കോടതി തടവുശിക്ഷ വിധിച്ചത് കഴിഞ്ഞയാഴ്ചയാണ്.
ഇത്തരം പരാതികളില്‍ സാമൂഹിക പ്രവര്‍ത്തകര്‍ പൊലീസിന്റെ സഹായത്തോടെ നിരവധി പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. റിക്രൂട്ടിങ് ഏജന്റുമാര്‍ അംഗീകൃതമാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷമേ ഗാര്‍ഹിക ജോലിക്കടക്കം വിദേശത്തേക്ക് പുറപ്പെടാവൂ എന്ന് സര്‍ക്കാറും നോര്‍ക്കയും നിരന്തരം മുന്നറിയിപ്പ് നല്‍കാറുണ്ടെങ്കിലും പലരും ഇത് അവഗണിക്കുകയാണ്.





