Information
HomeNews

നിര്‍മാണത്തൊഴിലാളി 90 അടി താഴ്ചയില്‍ കുടുങ്ങിയിട്ട് 36 മണിക്കൂര്‍ പിന്നിട്ടു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

9 Jul 20232 മിനിറ്റ് വായന
നിര്‍മാണത്തൊഴിലാളി 90 അടി താഴ്ചയില്‍ കുടുങ്ങിയിട്ട് 36 മണിക്കൂര്‍ പിന്നിട്ടു; രക്ഷാപ്രവര്‍ത്തനം തുടരുന്നു


വിഴിഞ്ഞം: മണ്ണിടിഞ്ഞ് 90 അടി താഴ്ചയുള്ള കിണറില്‍ അകപ്പെട്ട നിര്‍മാണത്തൊഴിലാളിയെ പുറത്തെടുക്കുന്നതിനു ശ്രമം തുടരുന്നു.

ശനിയാഴ്ച രാവിലെ 10-ന് തുടങ്ങിയ രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോഴും നടക്കുന്നത്. തൊഴിലാളി മണ്ണിനടിയില്‍ പെട്ടിട്ട് 36 മണിക്കൂര്‍ പിന്നിട്ടു.

വെങ്ങാനൂര്‍ നീലകേശി റോഡ് നെല്ലിത്തറ വീട്ടില്‍ മഹാരാജൻ(55) ആണ് ജോലിക്കിടെ മണ്ണിടിഞ്ഞ് 90 അടിയോളം താഴ്ചയുള്ള കിണറിനുള്ളില്‍ അകപ്പെട്ടത്. വിഴിഞ്ഞം മുക്കോല ശക്തിപുരം റോഡില്‍ അശ്വതിയില്‍ സുകുമാരന്റെ വീട്ടുവളപ്പിലെ കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടം. കിണറ്റിലേക്കു വീണ മഹാരാജന്റെ ദേഹത്ത് 15 അടിയോളം പൊക്കത്തില്‍ മണ്ണിടിഞ്ഞു വീണു. റിങ്ങുകളും പൊട്ടിവീണു. 16 റിങ്ങുകളുടെ അവശിഷ്ടങ്ങള്‍ സന്ധ്യയോടെ നീക്കി. ബാക്കിയുള്ള മണ്ണ് നീക്കംചെയ്യാനുള്ള ശ്രമം തുടരുകയാണ്.

കിണറിനുള്ളില്‍ നേരത്തെ വീണ മണ്ണ് മാറ്റുന്നതിനും പമ്ബുസെറ്റ് ഉള്‍പ്പെട്ട മോട്ടോര്‍ മുകളിലേക്കു മാറ്റുന്നതിനുമാണ് മഹാരാജനും മുക്കോല സ്വദേശികളായ ശേഖര്‍, കണ്ണൻ, മോഹൻ, പുന്നക്കുളം സ്വദേശി മണികണ്ഠൻ എന്നീ തൊഴിലാളികളുമെത്തിയത്. മഹാരാജൻ കിണറിനുള്ളിലേക്കിറങ്ങി മണ്ണുവാരി തൊട്ടുമുകളില്‍നിന്ന് മണികണ്ഠനു കൈമാറിയായിരുന്നു ജോലി തുടങ്ങിയത്. ഇതോടൊപ്പം കിണറിനുള്ളിലുണ്ടായിരുന്ന പമ്ബ്സെറ്റും അനുബന്ധ ഉപകരണങ്ങളും കയര്‍കെട്ടി മുകിലേക്ക് എടുക്കാൻ ശ്രമിക്കവേയാണ് മണ്ണിടിച്ചിലുണ്ടായത്.

മുകളിലേക്കു കയറാൻ ശ്രമിക്കുന്നതിനിടയില്‍ പുതുതായി അടുക്കിയ ഉറകള്‍ക്കു താഴെയുള്ള പഴയ ഉറകള്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഇളകി മഹാരാജന്റെ ദേഹത്ത് വീഴുകയായിരുന്നു. പിന്നാലെ ഇടിഞ്ഞ മണ്ണും വീണു. അപകടം കണ്ട് മറ്റു തൊഴിലാളികള്‍ നിലവിളിച്ചതുകേട്ട് വീട്ടുടമയും നാട്ടുകാരും ഓടിയെത്തി. തുടര്‍ന്ന് വിഴിഞ്ഞം അഗ്നിരക്ഷാസേനയെ അറിയിച്ചു. വിഴിഞ്ഞംപോലീസും സ്ഥലത്തെത്തുകയായിരുന്നു.

കിണര്‍നിര്‍മാണ തൊഴിലാളികളെ സുരക്ഷാ ബെല്‍റ്റ് അടക്കമുള്ള സംവിധാനങ്ങളോടെ കിണറിനുള്ളിലേക്ക് ഇറക്കിയാണ് രക്ഷാപ്രവര്‍ത്തനം. മണ്ണിടിയാതിരിക്കാനായി അകത്ത് പലകകള്‍ സ്ഥാപിച്ച്‌ പ്രതിരോധമറയുണ്ടാക്കി. ഇളകിവീണ റിങ്ങുകള്‍ ചുറ്റികയ്ക്ക് അടിച്ച്‌ പൊട്ടിച്ച്‌ കഷണങ്ങളാക്കി പുറത്തെത്തിച്ചു. അഗ്നിരക്ഷാസേനാംഗങ്ങളെ തൊഴിലാളികളാണ് സഹായിക്കുന്നത്. ഇവര്‍ക്ക് ശ്വാസം കിട്ടുന്നതിനുള്ള ബ്രീത്തിങ് അപ്പാരറ്റസ്, ഓക്സിജൻ സിലിൻഡര്‍, ആംബുലൻസ് അടക്കമുള്ള രക്ഷാസന്നാഹങ്ങളൊരുക്കിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

മറിഞ്ഞുവീണ 16 റിങ്ങുകളാണ് പൊട്ടിച്ച്‌ പുറത്തെത്തിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ പരിക്കേറ്റ തൊഴിലാളികള്‍ക്ക് പ്രാഥമിക ശുശ്രൂഷയും നല്‍കി. ശനിയാഴ്ച രാത്രി 10 മണിയോടെ കാല്‍ഭാഗത്തോളം മണ്ണ് നീക്കി. മന്ത്രി വി.ശിവൻകുട്ടി സ്ഥലം സന്ദര്‍ശിച്ച്‌ രക്ഷാപ്രവര്‍ത്തനം വിലയിരുത്തി. രണ്ടു മണിക്കൂറിനുള്ളില്‍ ഇയാളെ പുറത്തെടുക്കാൻ സാധിക്കും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ മണിക്കൂര്‍ 36 പിന്നിട്ടിട്ടും ശ്രമകരമായ ദൗത്യം തുടരുകയാണ്.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക