Information
കാലവർഷക്കെടുതി: ജില്ലയിൽ 4.70 കോടിയുടെ കൃഷിനാശം
11 Jul 20231 മിനിറ്റ് വായന
കണ്ണൂർ(http://www.payangadilive.in): ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ കോടികളുടെ കൃഷിനാശം. കൃഷി വകുപ്പിന്റെ കണക്ക് പ്രകാരം ജൂൺ 1 മുതൽ ജൂലായ് 10 വരെ 110 ഏക്കർ സ്ഥലത്തായി 4.70 കോടി രൂപയുടെ കൃഷി നാശമുണ്ടായി. കാലവർഷ കെടുതിയിൽ ജില്ലയിലെ 2044 കർഷകർക്കാണ് നഷ്ടം സംഭവിച്ചത്.
വാഴക്കർഷകർക്കാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്. 42,939 കുലച്ച വാഴകൾ നശിച്ചതിൽ 2.57 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. 25,086 കുലയ്ക്കാത്ത വാഴകൾ നശിച്ചതിന്റെ നഷ്ടം ഏകദേശം 1.34 കോടി രൂപയാണ്. ശക്തമായ കാറ്റിലാണ് വാഴകൾ നിലംപൊത്തിയത്.
ടാപ്പിങ് ചെയ്തിരുന്ന 1,688 റബ്ബർ മരങ്ങളും ടാപ്പിങ് ആരംഭിക്കാത്ത 60 എണ്ണവും നശിച്ചു. 34.66 ലക്ഷം രൂപയാണ് നഷ്ടമായത്. 230 കുരുമുളക് തൈകൾ നശിച്ചതിന്റെ നഷ്ടം കണക്കാക്കുന്നത് ഏകദേശം 1.73 ലക്ഷം രൂപയാണ്. 1,468 കവുങ്ങുകൾ നശിച്ചതിന്റെ നഷ്ടം 4.4 ലക്ഷം രൂപയാണ്. 257 കർഷകരെ നഷ്ടം ബാധിച്ചു.
ശക്തമായ കാറ്റിൽ 849 കുലച്ച തെങ്ങുകളും നിലംപൊത്തി. ഇതിന്റെ നഷ്ടം 42.50 ലക്ഷം രൂപയാണ്. 24 കുലയ്ക്കാത്ത തെങ്ങുകളും കടപുഴകി. നാലര ലക്ഷം രൂപയുടെ ചക്ക ക്കൃഷിയും നശിച്ചു.
കനത്ത മഴയിൽ വയലുകളിൽ വെള്ളം കയറിയതിനെ തുടർന്ന് 14 ഹെക്ടർ നെൽക്കൃഷി നശിച്ചു. കൂടാതെ ഇഞ്ചി, പച്ചക്കറികൾ, കാപ്പി തുടങ്ങിയ കൃഷികൾക്കും നാശം സംഭവിച്ചിട്ടുണ്ട്.
*നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം*
അതത് കൃഷി ഭവനിലാണ് അപേക്ഷിക്കേണ്ടത്. കൃഷി ഭവനിൽ നിന്ന് ഉദ്യോഗസ്ഥർ കൃഷിയിടങ്ങളിൽ എത്തി പരിശോധിച്ച് നഷ്ടം വിലയിരുത്തും. പ്രകൃതി ദുരന്തത്തിന്റെ ഗണത്തിൽ പെടുത്തി അതിന്റെ നിരക്കിലുള്ള തുക കർഷകർക്ക് ലഭിക്കും. വിള ഇൻഷുറൻസ് ഉള്ളവർക്ക് ആ നിരക്കിലുള്ള തുകയും നഷ്ടപരിഹാരമായി ലഭിക്കും.
കൃഷിനാശം നേരിട്ട കർഷകന് പത്ത് ദിവസത്തിനകം പ്രകൃതിക്ഷോഭം കൊണ്ടുള്ള നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം. എയിംസ് (എ.ഐ.എം.എസ്) എന്ന പോർട്ടലിലൂടെ ഓൺലൈനായും അപേക്ഷകൾ നൽകാം.





