Information
HomeNews

യൂട്യൂബ് വീഡിയോ കണ്ട് പണം ഉണ്ടാക്കാം; തട്ടിപ്പിനിരയായ യുവാവിന് നഷ്ടപ്പെട്ടത് 40 ലക്ഷം

15 Jul 20232 മിനിറ്റ് വായന
യൂട്യൂബ് വീഡിയോ കണ്ട് പണം ഉണ്ടാക്കാം; തട്ടിപ്പിനിരയായ യുവാവിന് നഷ്ടപ്പെട്ടത് 40 ലക്ഷം


ഓണ്‍ലൈൻ തട്ടിപ്പിന് ഇരയായ യുവാവിന് നഷ്ടമായത് 40 ലക്ഷം രൂപ. അഹമ്മദാബാദിലെ മൊറയ്യയില്‍ ആണ് സംഭവം. എളുപ്പത്തില്‍ പണം സമ്ബാദിക്കാമെന്ന പരസ്യം വിശ്വസിച്ച്‌ എത്തിയ ദേവാങ് ചൗഹാൻ എന്ന ത്രീഡി ഡിസൈനര്‍ക്കാണ് പണം നഷ്ടപ്പെട്ടത്.

ഏപ്രില്‍ 21 ന് ആണ് വാര്‍ത്തക്ക് ആസ്പദമായ സംഭവം നടക്കുന്നത്.

ഒരു അജ്ഞാതനില്‍ നിന്ന് വന്ന വാട്ട്സ്‌ആപ്പ് മെസ്സേജില്‍ നിന്നാണ് തട്ടിപ്പ് ആരംഭിച്ചത്. പാര്‍ട്ട് ടൈം ജോലിയെക്കുറിച്ചുള്ള സന്ദേശം ആയിരുന്നു മെസ്സേജില്‍ ഉണ്ടായിരുന്നത്. ഇതിനെക്കുറിച്ച്‌ കൂടുതല്‍ അറിയാനായി ചൗഹാൻ മെസ്സേജ് വന്ന നമ്ബറിലേക്ക് വിളിച്ച്‌ അന്വേഷിച്ചു. യൂട്യൂബ് ചാനലുകളെ പ്രമോട്ട് ചെയ്യുന്ന ജോലിയാണ് എന്നാണ് അജ്ഞാതൻ ചൗഹാനെ തെറ്റിദ്ധരിപ്പിച്ചത്.

ഓരോ വീഡിയോയും കണ്ട് ലൈക്ക് ചെയ്താല്‍ പണം ലഭിക്കുമെന്നാണ് ചൗഹാനെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചത്. ഓരോ മണിക്കൂറിലും മൂന്ന് വീഡിയോ വീതം ലൈക്ക് ചെയ്യാനാണ് തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടത്. പിന്നീട് ചാനലുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യാനും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ആദ്യം മൂന്ന് വീഡിയോ ലൈക്ക് ചെയ്തപ്പോള്‍ ഓരോ വീഡിയോക്കും 50 രൂപ വീതം ലഭിച്ചു. പ്രതിഫലമായി ആകെ ലഭിച്ചത് 150 രൂപയാണെന്നും ഇയാള്‍ പറയുന്നു.

പിന്നാലെ ഇയാള്‍ തന്നെ ഒരു ടെലിഗ്രാം ഗ്രൂപ്പില്‍ ചേര്‍ത്തെന്നും നിരവധി പേര് ഈ ഗ്രൂപ്പില്‍ ഉണ്ടായിരുന്നെന്നും തട്ടിപ്പിനിരയായ ദേവാങ് ചൗഹാൻ കൂട്ടിച്ചേര്‍ത്തു. ജോലി ആരംഭിക്കുന്നതിന് മുമ്ബ് 1500 രൂപ പ്രീപെയ്ഡ് ഫീസായി ആവിശ്യപ്പെട്ടിരുന്നു. ഈ പണം തിരികെ തരുമെന്നാണ് തട്ടിപ്പുകാരൻ പറഞ്ഞത്. പിന്നീട് 400 രൂപയും ആവിശ്യപ്പെട്ടു. പിന്നാലെ ജോലിക്ക് വേണ്ടി സൈൻ അപ്പ് ചെയ്തു എന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

 
ജോലിയില്‍ സൈൻ അപ്പ് ചെയ്തതിന് ശേഷം കൂടുതല്‍ ജോലികള്‍ ചെയ്യേണ്ടി വന്നു. എന്നാല്‍ ഈ ജോലികള്‍ക്ക് പ്രതിഫലം ഒന്നും തന്നെ ലഭിച്ചില്ല. പിന്നാലെ ജഹാൻവി സിംഗ്, മോന, റോസാന, ലൂസി എന്നിങ്ങനെ സ്വയം പരിചയപ്പെടുത്തിയ നിരവധി ഫോണ്‍കോളുകളും തനിക്ക് വന്നു കൂടുതല്‍ പണം ലഭിക്കാനായി ഒരു വെബ്‌സൈറ്റ് ഉണ്ടാക്കണമെന്നും ഇതില്‍ തന്റെ പേയ്മെന്റ് വിശദാംശങ്ങള്‍ ചേര്‍ക്കണമെന്നും ഇവര്‍ ആവിശ്യപ്പെട്ടു.

ഇത് അനുസരിച്ച്‌ ഇയാള്‍ ബാങ്ക് വിവരങ്ങള്‍ ഉള്‍പ്പെടെ വെബ്സൈറ്റില്‍ ചേര്‍ത്തു. തുടര്‍ന്നും നിരവധി ടെലിഗ്രാം ഗ്രൂപ്പുകളില്‍ അംഗമാക്കി നിരവധി ആളുകളുമായി സംസാരിപ്പിച്ച്‌ ഇത് നിയമാനുസൃതമാണെന്നും കൂടുതല്‍ പണം സമ്ബാദിക്കാമെന്നും ആത്മവിശ്വാസം നല്‍കി. പണം സമ്ബാദിക്കുന്ന കൂടുതല്‍ ടാസ്കുകള്‍ ലഭിക്കാനായി 30 ലക്ഷം രൂപയും ഇയാള്‍ നല്‍കി. പിന്നീട് ടാസ്കുകള്‍ പൂര്‍ത്തിയാക്കിയിട്ടും പണം തിരികെ ലഭിച്ചില്ല.


ഒരു ക്രിപ്‌റ്റോ കറൻസി സ്ഥാപനം അവലോകനം ചെയ്യാനുള്ള ജോലിയാണ് ഇവര്‍ അവസാനമായി യുവാവിനെ ഏല്‍പ്പിച്ചത്. എന്നാല്‍ പണം തിരികെ ലഭിക്കാത്തതിനാല്‍ ഇതിന് നെഗറ്റീവ് റിവ്യൂ നല്‍കുകയായിരുന്നു. ഇതോടെ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോള്‍ തട്ടിപ്പുകാര്‍ ഇയാളുടെ അക്കൗണ്ട് ബ്ലോക്ക് ആക്കുകയായിരുന്നു. ഇതോടെ പേയ്മെന്റും തടഞ്ഞുവെച്ചു. ഇതിന് പുറമെ ഇയാളെ ബ്ലാക്ക് മെയില്‍ ചെയ്ത് 11 ലക്ഷം രൂപ തട്ടിയെടുത്തു.

ഇതേ തുടര്‍ന്നാണ് ഇയാള്‍ പൊലീസിന് പരാതി നല്‍കിയത്. നിലവില്‍ വര്‍ക്ക് ഫ്രം ഹോമിന്റെ പേരില്‍ നിരവധി ഓണ്‍ലൈൻ തട്ടിപ്പുകളാണ് രാജ്യത്ത് പല ഭാഗങ്ങളിലായി നടക്കുന്നത്. അടുത്തിടെ മഹാരാഷ്ട്രയിലെ നാസിക്ക് സ്വദേശിനിക്ക് സമാനമായി 15 ലക്ഷം രൂപ ഇത്തരത്തില്‍ നഷ്ടപ്പെട്ടിരുന്നു. ഓണ്‍ലൈൻ തട്ടുപ്പുകാരില്‍ നിന്ന് പൗരന്മാര്‍ രക്ഷനേടാൻ പ്രത്യേകം ജാഗ്രത പുലര്‍ത്തേണ്ടതാണ്.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക