Information
HomeNews

CCTV ക്യാമറയ്ക്കുനേരെ കൈവീശി മോഷ്ടാവ്, ഫ്‌ളൈയിങ് കിസ്സും; 24 മണിക്കൂറിനുള്ളില്‍ പിടിയില്‍

14 Jun 20231 മിനിറ്റ് വായന
CCTV ക്യാമറയ്ക്കുനേരെ കൈവീശി മോഷ്ടാവ്, ഫ്‌ളൈയിങ് കിസ്സും; 24 മണിക്കൂറിനുള്ളില്‍ പിടിയില്‍

കോഴിക്കോട്: ഉള്ള്യേരി ആനവാതിലില്‍ 'വീ കെയര്‍' പോളിക്ലിനിക്കില്‍ പൂട്ട് കുത്തിപൊളിച്ച് മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍. മലപ്പുറം ചെട്ടിപ്പടി പടിഞ്ഞാറെ കുളപ്പരയ്ക്കല്‍ വീട്ടില്‍ എം. കിഷോര്‍ (23) തേഞ്ഞിപ്പലം ചേളാരി അബ്ദുല്‍ മാലിക്ക് (20) എന്നിവരെയാണ് അത്തോളി സി.ഐ. ജിതേഷിന്റെ നിര്‍ദേശപ്രകാരം എസ്.ഐ ആര്‍.രാജീവ്, എസ്.ഐ. മുഹമ്മദാലി, എസ്.സി.പി.ഒ.മാരായ കെ.എം. അനീസ് കെ.ഷിനില്‍, പി.ടി. രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. 
ഞായറാഴ്ച പുലര്‍ച്ചെയാണ് ഇവര്‍ ബൈക്കിലെത്തി ക്ലിനിക്കില്‍ മോഷണം നടത്തിയത്. ഹെല്‍മെറ്റ് ധരിച്ച് മുഖംമറച്ച് കൈയില്‍ ആയുധവുമായി ക്ലിനിക്കില്‍ കയറിയ മോഷ്ടാവിന്റെ ദൃശ്യം സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. സിസിടിവി ക്യാമറയിലേക്ക് നോക്കി മോഷ്ടാക്കളിലൊരാള്‍ കൈവീശി കാണിക്കുന്നതും 'ഫ്‌ളൈയിങ് കിസ്സ്' നല്‍കുന്നതും ചില ആംഗ്യങ്ങള്‍ കാണിക്കുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.
സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍ മലപ്പുറത്തുനിന്നാണ് രണ്ട് പ്രതികളെയും പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. ഒന്നാംപ്രതി കിഷോറിനെതിരേ ഉള്ള്യേരിയില്‍ സിമന്റ് കട കുത്തിത്തുറന്നതും ബാലുശ്ശേരിയിലെ പെട്രോള്‍ പമ്പില്‍ കവര്‍ച്ച നടത്തിയതും ഉള്‍പ്പെടെ കോഴിക്കോട് ജില്ലയില്‍ മാത്രം ഇരുപതോളം കേസുകളുണ്ടെന്നും പോലീസ് അറിയിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക