Information
HomeNews

കേരള തീരം വരെ ന്യൂനമര്‍ദ്ദ പാത്തി, ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് അഞ്ച് ജില്ലകളില്‍

29 Jun 20231 മിനിറ്റ് വായന
കേരള തീരം വരെ ന്യൂനമര്‍ദ്ദ പാത്തി, ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് അഞ്ച് ജില്ലകളില്‍


തിരുവനന്തപുരം
: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയും കിട്ടിയേക്കും.

വടക്കൻ ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യത. തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കേരള, കര്‍ണാടക തീരങ്ങളിലും, ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം നിലവില്‍ മധ്യപ്രദേശിന് മുകളിലായാണ് സ്ഥിതി ചെയ്യുന്നത്. മഹാരാഷ്ട്ര തീരം മുതല്‍ കേരളാ തീരം വരെയായി ന്യൂനമര്‍ദ്ദപാത്തിയും നിലനില്‍ക്കുന്നുണ്ട്. ആഗോള മഴപ്പാത്തിയുടെ സ്വാധീനവും ഈ ദിവസങ്ങളില്‍ കാലവര്‍ഷം സജീവമാകാൻ കാരണമാണ്. വരും മണിക്കൂറില്‍ കേരളത്തില്‍ തിരുവനന്തപുരം, പാലക്കാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.



ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം

ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക.

1. കടല്‍ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കുക.




ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക