Information
ലൈസന്‍സ് ഇല്ലെന്ന് ഊഹിച്ച് എം.വി.ഡി നോട്ടീസ്; പിഴ കണ്ട് ഞെട്ടി ഉടമ, പരാതി പറഞ്ഞപ്പോള്‍ വിചിത്ര വാദം
23 Jun 20232 മിനിറ്റ് വായന
ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്ര വാഹനമോടിക്കുകയും യാത്ര ചെയ്യുകയും ചെയ്താല്‍ രണ്ടുപേര്‍ക്കും 500 രൂപ വീതം പിഴയൊടുക്കണമെന്നതാണ് നിയമം. എന്നാല്‍, ആയിരം രൂപയ്ക്ക് പകരം 11,000 രൂപ പിഴ വന്നോലോ? ഇതാണ് കഴിഞ്ഞ ദിവസം നരിക്കുനിയില്‍ സംഭവിച്ചത്. മുഹമ്മദ് സാദ് എന്ന 19 വയസുകാരനും സഹോദരിയും കഴിഞ്ഞ ദിവസമാണ് സ്‌കൂട്ടറില്‍ നരിക്കുനി ടൗണില്‍ എത്തിയത്. രണ്ടുപേരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. ടൗണിലുണ്ടായിരുന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ ഇവരുടെയും വാഹനത്തിന്റെയും ഫോട്ടോയും എടുത്തു.
പിന്നീട് സംഭവിച്ചതാണ് വിചിത്രം, ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് 5000 രൂപ, ലൈസന്‍സില്ലാത്തയാള്‍ക്ക് വാഹനം ഒാടിക്കാന്‍ നല്‍കിയതിന് വാഹന ഉടമയ്ക്ക് 5000 രൂപ രണ്ട് പേര്‍ ഹെല്‍മറ്റ് വയ്ക്കാത്തതിന് 500 രൂപ വീതം ആയിരം രൂപ എന്നിങ്ങനെ 11,000 രൂപയാണ് പിഴയായി ചുമത്തിയത്. ഇത് കാണിച്ചുള്ള ചെല്ലാനും ഇവര്‍ക്ക് ലഭിച്ചു. എന്നാല്‍, വാഹനമോടിച്ച 19 വയസുകാരന്‍ മുഹമ്മദ് സാദ് എട്ട് മാസം മുമ്പ് ലൈസന്‍സ് നേടിയിട്ടുമുണ്ട്. വാഹനമോ ലൈസന്‍സോ നേരിട്ട് പരിശോധിക്കാതെയാണ് ലൈസന്‍സ് ഇല്ലെന്ന് ഉദ്യോഗസ്ഥര്‍ വിധി എഴുതിയത്.
വാഹനം നിര്‍ത്തുകയോ പരിശോധിക്കുകയോ ചെയ്യാതെയാണ് ഈ പിഴ ഈടാക്കിയതെന്നാണ് സാദ് പറയുന്നത്. ഞാന്‍ കാഴ്ചയില്‍ ചെറിയ ആളായത് കൊണ്ട് എനിക്ക് ലൈസന്‍സ് ഇല്ലെന്ന് ഉദ്യോഗസ്ഥര്‍ നിഗമനത്തില്‍ എത്തിയത് കൊണ്ടാണ് 10000 രൂപ പിഴ ചുമത്തിയതെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. മകന് ലൈസന്‍സ് ഉണ്ടെന്ന് വാഹന ഉടമയായ പിതാവ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ച് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
മോട്ടോര്‍ വാഹന വകുപ്പിന്റെ പിഴവ് അറിയിക്കാന്‍ നന്മണ്ട ആര്‍.ടി.ഓഫീസില്‍ വിളിച്ചപ്പോള്‍ വിചിത്രമായ പ്രതികരണമാണ് അസിസ്റ്റന്റ് എം.വി.ഐയായ രൂപേഷില്‍ നിന്നുണ്ടായത്. വാഹനമോടിച്ചയാള്‍ ഹെല്‍മെറ്റ് വയ്ക്കാത്തതിനാണ് അദ്ദേഹത്തിന്റെ ഫോട്ടോ എടുത്തത്. എന്നാല്‍, അയാള്‍ക്ക് ലൈസന്‍സ് ഉണ്ടോയെന്ന് എനിക്ക് അറിയില്ല. അതുകൊണ്ടാണ് പിഴയിട്ടത്. നിങ്ങള്‍ ഇവിടെ വന്നാല്‍ ആ പിഴ ഒഴിവാക്കി നല്‍കുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പ്രതികരണം.
ടാര്‍ഗെറ്റ് തികയ്ക്കാന്‍ വേണ്ടിയായിരിക്കും മോട്ടോര്‍ വാഹന ഉദ്യോഗസ്ഥ ര്‍ ഇത്തരത്തിലുള്ള നീക്കം നടത്തിയതെന്നാണ് സാദ് ആരോപിക്കുന്നത്. നിയമങ്ങള്‍ എന്നത് വസ്തുതയുടെ അടിസ്ഥാനത്തില്‍ പോകേണ്ട ഒന്നാണല്ലോ എന്നും അല്ലാതെ ഉദ്യോഗസ്ഥരുടെ ഊഹാപോഹങ്ങള്‍ വെച്ച് നടപടി സ്വീകരിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.





