Information
HomeNews

പഴയങ്ങാടിയിൽ ലീഗ് നേതാവായ പോക്‌സോ കേസ് പ്രതിക്കു വേണ്ടി ജുമാ നമസ്‌കാരത്തിന് മുന്‍പ് പ്രാര്‍ത്ഥന, വന്‍ വിവാദം..

20 Jun 20231 മിനിറ്റ് വായന
പഴയങ്ങാടിയിൽ ലീഗ് നേതാവായ പോക്‌സോ കേസ് പ്രതിക്കു വേണ്ടി ജുമാ നമസ്‌കാരത്തിന് മുന്‍പ് പ്രാര്‍ത്ഥന, വന്‍ വിവാദം..


പഴയങ്ങാടി: പോക്‌സോ കേസ് പ്രതിക്കുവേണ്ടി ജുമാ നമസ്‌കാരത്തിന് മുന്‍പ് പ്രാര്‍ത്ഥന നടത്തിയ സംഭവം വന്‍ വിവാദത്തിലേക്ക്.

കണ്ണൂരിലെ പ്രശസ്തമായ മാലിക് ദിനാര്‍ പള്ളിയില്‍ (മാടായി പള്ളി) അടുത്തിടെ നടന്ന പ്രാര്‍ത്ഥന ഒരുവിഭാഗം വിശ്വാസികള്‍ കടുത്ത പ്രതിഷേധവുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെയാണ് പുറത്തറിഞ്ഞത്.

2021ല്‍ പഴയങ്ങായി പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പള്ളി മുന്‍ പ്രസിഡന്റും കല്യാശ്ശേരി മണ്ഡലം മുസ്ലീം ലീഗ് നേതാവുമായ പി. എം. ഹനീഫ് പ്രതിയാണ്. ഈ കേസില്‍ വിചാരണ ആരംഭിച്ച അതേ ദിവസമാണ് വേണ്ടപ്പെട്ടൊരാളാണ് ഹനീഫെന്നും അദ്ദേഹം ബുദ്ധിമുട്ടിലാണെന്നും പ്രാര്‍ത്ഥിക്കണമെന്നും പള്ളി ഖത്തീബ് അബ്ദുള്‍ ബാസിത് ഹുദവി നിര്‍ദ്ദേശിച്ചത്. ഭൂരിഭാഗം വിശ്വാസികളും അത് അനുസരിക്കുകയുമായിരുന്നു. ഖത്തീബിന്റെ നിര്‍ദ്ദേശം ചോദ്യം ചെയ്ത ചിലരെ മറ്റുള്ളവര്‍ ചേര്‍ന്ന് നിശബ്ദരാക്കുകയായിരുന്നെന്നും ആരോപണമുണ്ട്.

2023 ജൂണ്‍ 9-ാം തീയതിയായിരുന്നു തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിച്ചത്. അന്നേ ദിവസം തന്നെയാണ് പ്രതിക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ നിര്‍ദ്ദേശമുണ്ടായതും. കേസ് ജൂലൈ 7-ാം തീയതിയിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

വിഖ്യാതമായ ഒരു പള്ളിയില്‍ ഇത്തരമൊരു പ്രാര്‍ത്ഥന നടത്തിയതില്‍ വിശ്വാസികള്‍ കടുത്ത പ്രതിഷേധത്തിലാണ്. പ്രവാചകന്റെ കാലത്ത് പണിതതെന്ന് വിശ്വസിക്കപ്പെടുന്ന പള്ളിക്ക് കേരളത്തിലെ മുസ്ലീം ചരിത്രത്തോളം തന്നെ പ്രാധാന്യമുണ്ട്. രാജ്യമെങ്ങുനിന്നും പള്ളിയിലേക്ക് വിശ്വാസികള്‍ എത്തുകയും പതിവാണ്. ഇത്തരമൊരു പള്ളിയില്‍ ഈ രീതിയിലൊരു പ്രാര്‍ത്ഥനയ്ക്കുവേണ്ടി നിര്‍ദ്ദേശം നല്‍കിയ ഖത്തീബിനെ പുറത്താക്കണമെന്ന ആവശ്യവും ശക്തമാണ്.

സംഭവം വിവാദമായതിന് പിന്നാലെ പോക്‌സോ കേസിലെ അതിജീവിതയുടെ പിതാവ് പോലീസില്‍ പരാതി നല്‍കി. കണ്ണൂര്‍ റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസ് അട്ടിമറിക്കപ്പെടാന്‍ സംഭവം ഇടയാക്കുമെന്നാണ് കുട്ടിയുടെ ബന്ധുക്കളുടെ ആരോപണം. കേസിലെ പ്രതിയും സാക്ഷികളുമെല്ലാം ഇതേ മഹല്ലില്‍ ഉള്‍പ്പെടുന്നവരാണ്.

ബാലാവകാശ കമ്മീഷനും സംഭവത്തില്‍ ഇടപെടണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. പോക്‌സോ കേസ് അട്ടിമറിക്കാനുള്ള നീക്കം കടുത്ത കുറ്റകൃത്യമാണെന്നും അതിനായി പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയ ഖത്തീബിനെതിരെ കേസെടുത്ത് വിചാരണയ്ക്ക് വിധേയനാക്കണമെന്നും സോഷ്യല്‍ മീഡിയയിലൂടെ വിശ്വാസികളും ആവശ്യപ്പെടുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക