Information
HomeNews

ഒരാള്‍ക്ക് എത്ര ബാങ്ക് അക്കൗണ്ട് വരെയാകാം...

20 Jun 20233 മിനിറ്റ് വായന
ഒരാള്‍ക്ക് എത്ര ബാങ്ക് അക്കൗണ്ട് വരെയാകാം...


ബാങ്ക് ഇടപാടുകള്‍ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ ബാങ്ക് അക്കൗണ്ട് നമുക്ക് ഒഴിച്ചുകൂടാൻ കഴിയാത്തതുമാണ്.

എന്നാല്‍, പല ആവശ്യങ്ങള്‍ക്കായി തുടങ്ങിയ
അക്കൗണ്ടുകള്‍ പിന്നീട് ഉപയോഗരഹിതമായി കിടപ്പുണ്ടാകും പലര്‍ക്കും. അവ അങ്ങനെ കിടക്കുന്നതുകൊണ്ട് ചില പ്രശ്നങ്ങളുണ്ട്.

ഒന്നാമത് ടെലികോളര്‍മാര്‍ നിങ്ങളെ വിടാതെ പിന്തുടരുന്നതിനുപിന്നില്‍ ഇത്തരം ഉപയോഗരഹിതമായിക്കിടക്കുന്ന ബാങ്ക് അക്കൗണ്ടാകും. മൊബൈല്‍, ഇന്റര്‍നെറ്റ് ബാങ്കിങ് സേവനങ്ങള്‍ ഇപ്പോള്‍ നമുക്കെല്ലാം അത്യാവശ്യമാണ്. ഇവയുമായി ബന്ധപ്പെട്ട മെസേജുകളും ഇ-മെയിലുകളും നമ്മുടെ ഇൻബോക്സില്‍ പെരുകുന്നത് നാം അത്ര കാര്യമാക്കുന്നുമില്ല.

യഥാര്‍ഥത്തില്‍ ഇതൊക്കെ വേണ്ടതുതന്നെ ആണോ എന്ന് ചിന്തിക്കേണ്ടതുണ്ട്. ഏതെങ്കിലും ലോണിന് വേണ്ടിയോ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കാനോ ഒരു പ്രത്യേക ഓഫറിന് വേണ്ടിയോ ബാങ്ക് അക്കൗണ്ട് തുടങ്ങിയവരുണ്ടാകും. കുറേക്കഴിയുമ്ബോള്‍ ഇതില്‍ ചിലതെല്ലാം ഉപയോഗശൂന്യമായി മാറും. എന്നാല്‍, ആ അക്കൗണ്ട് നിര്‍ത്താനോ അന്വേഷിക്കാനോ നമ്മള്‍ മെനക്കെടാറില്ല. 

ഒരാള്‍ക്ക് എത്ര അക്കൗണ്ട് 

ഒരാള്‍ക്ക് എത്ര സേവിങ്സ് അക്കൗണ്ടുകള്‍ ആകാം എന്നതിന് പരിധിയില്ല. എന്നാല്‍, അക്കൗണ്ടുകളുടെ എണ്ണം കൂടിയാല്‍ അത് മാനേജ് ചെയ്യുന്നത് ഒരു പ്രശ്നമാകും. ഇന്ത്യയില്‍ നിലവിലെ സാഹചര്യത്തില്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍ത്തന്നെ ഒരു സേവിങ്സ് അക്കൗണ്ട് തുടങ്ങേണ്ടിവരുന്നു. ചില മാതാപിതാക്കള്‍ മക്കള്‍ ചെറുതായിരിക്കുമ്ബോള്‍ത്തന്നെ ബാങ്ക് അക്കൗണ്ട് അവരുടെ പേരില്‍ തുടങ്ങും.

വിദേശ പഠനത്തിന് പോകുന്നവര്‍ക്ക് വിദ്യാഭ്യാസ വായ്പയെടുക്കാൻ സേവിങ്സ് അക്കൗണ്ട് തുടങ്ങേണ്ടിവരും. അടുത്ത ഘട്ടത്തില്‍ ജോലി ലഭിച്ചുകഴിഞ്ഞാല്‍ ശമ്ബളത്തിനായി അക്കൗണ്ട് വേണം. എന്നാല്‍, പണം സമ്ബാദിച്ചുതുടങ്ങുമ്ബോഴാണ് പലപ്പോഴും അക്കൗണ്ടുകളുടെ എണ്ണം കൂടുന്നതും പിന്നീട് ഇവയുടെ കൈകാര്യം ഒരു പ്രശ്നമാകുന്നതും. 

ഒരു വാഹനം വാങ്ങാനോ വായ്പ എടുക്കാനോ ഷോപ്പിങ് കാര്‍ഡ്, പെട്രോള്‍/ഡീസല്‍ കാര്‍ഡ് എന്നിവ ലഭിക്കാനോ സൂപ്പര്‍ മാര്‍ക്കറ്റ്/മാള്‍ എന്നിവയില്‍നിന്ന് ഓഫര്‍, ഇളവുകള്‍ ലഭിക്കാനോ എല്ലാം നാം അക്കൗണ്ടുകള്‍ തുടങ്ങുകയായി.

പലപ്പോഴും ഒരു ചെറിയ കാലഘട്ടത്തിലെ ആവശ്യം കഴിഞ്ഞാല്‍ ഇതെല്ലാം നാം മറന്നുപോകും, അല്ലെങ്കില്‍ വകവെക്കുന്നില്ല. ഇതില്‍ ചില അക്കൗണ്ടുകളെങ്കിലും ചാര്‍ജ് ഈടാക്കുന്നവയായിരിക്കും. മാത്രമല്ല മിനിമം ബാലൻസ് ഇല്ലെങ്കില്‍ വലിയ പിഴ ചുമത്തുന്നവയും കാണും. ഇതൊക്കെ നമ്മള്‍ മറക്കുന്നു. 

എന്നാല്‍, ഈ അക്കൗണ്ടുകളില്‍ പിന്നീട് പരിശോധിക്കുമ്ബോഴായിരിക്കും പലവിധ ചാര്‍ജുകള്‍ കൂടി വലിയ തുക ആയിട്ടുള്ള കാര്യം നാം അറിയുക. വിദഗ്ധരുടെ അഭിപ്രായത്തില്‍ ഒരാള്‍ക്ക് പരമാവധി മൂന്ന് അക്കൗണ്ടുകള്‍ മതി. ഒന്ന് സാധാരണ സേവിങ്സ് അക്കൗണ്ട്, മറ്റൊന്ന് പണം നിക്ഷേപിക്കുന്ന അക്കൗണ്ട്, കൂടാതെ അടിയന്തര ഘട്ടങ്ങളില്‍ ആവശ്യത്തിനുള്ള പണം വെക്കേണ്ട മറ്റൊരു അക്കൗണ്ട്.

എന്നാല്‍, ഒരു സേവിങ്സ് അക്കൗണ്ട്, ഡെപ്പോസിറ്റ് അക്കൗണ്ട് എന്നിവതന്നെ ധാരാളമാണ്. നിങ്ങള്‍ക്ക് ചെറിയ കച്ചവടമോ ബിസിനസോ ഉണ്ടെങ്കില്‍ ഒരു അക്കൗണ്ടുകൂടി ആകാം, അതുമതി.

ബാക്കി അക്കൗണ്ടുകള്‍ എന്തു ചെയ്യണം?

ആദ്യം തന്നെ നിങ്ങള്‍ക്ക് നിലവില്‍ എത്ര അക്കൗണ്ട് ഉണ്ട്, അതില്‍ ഏതൊക്കെ വേണം, വേണ്ട എന്ന് തീരുമാനിക്കുക. നിങ്ങളില്‍ പലരും ഒരു പുതിയ ജോലി തുടങ്ങിയപ്പോള്‍ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങിക്കാണും. 

എന്നാല്‍, ഇപ്പോള്‍ ആ ജോലി മാറിയെങ്കില്‍ പുതിയ സ്ഥലത്തെ ജോലിക്ക് വേണ്ടി പുതിയ അക്കൗണ്ട് എടുക്കേണ്ടിവന്നിട്ടുണ്ടാകാം. നിങ്ങള്‍ അറിയേണ്ട ഒരു കാര്യം സീറോ ബാലൻസ് ആയിരുന്ന ആ സാലറി അക്കൗണ്ട് ബാങ്ക് രണ്ട്, മൂന്ന് മാസം ശമ്ബളം അതില്‍ വരാതിരുന്നതിനെ തുടര്‍ന്ന് സേവിങ്സ് അക്കൗണ്ടാക്കി മാറ്റിയിട്ടുണ്ടാകും. 

അതില്‍ മിനിമം ബാലൻസ് നിലനിര്‍ത്താൻ അപ്പോള്‍ നിങ്ങള്‍ ബാധ്യസ്ഥനുമാണ്. ഈ വിവരം അറിയാതെപോയാല്‍ പലവിധ ചാര്‍ജുകള്‍ അതില്‍ കുമിഞ്ഞുകൂടും. ഒരുസമയത്ത് നിങ്ങള്‍ ആ ബാങ്കില്‍ ഒരു വായ്പ അത്യാവശ്യത്തിന് എടുക്കാൻ പോയി എന്ന് കരുതുക, അപ്പോള്‍ ആകെ പ്രശ്നമാകും. ഇത് ഒഴിവാക്കാൻ ആവശ്യമില്ലാത്ത അക്കൗണ്ട് ക്ലോസ് ചെയ്യുക. 

അക്കൗണ്ട് ക്ലോസ് ചെയ്യേണ്ടത് എങ്ങനെ

ആവശ്യമില്ലാത്ത ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുന്നതിനുമുമ്ബ് ഈ അക്കൗണ്ടുമായി ബന്ധപ്പെട്ട് വായ്പകള്‍, നിക്ഷേപങ്ങള്‍, ഓഹരി/മ്യൂച്വല്‍ ഫണ്ട് എന്നിവ ഇല്ലെന്നും, ഈ അക്കൗണ്ടില്‍നിന്ന് പ്രതിമാസം തുകയൊന്നും വേറെ അക്കൗണ്ടിലേക്ക് പോകുന്നില്ലെന്നും, മാത്രമല്ല നിങ്ങളുടെ എന്തെങ്കിലും അത്യാവശ്യ കാര്യങ്ങള്‍ക്ക് എല്‍.ഐ.സി, പി.എഫ്, വായ്പ എന്നിവക്ക് ഈ അക്കൗണ്ട് നല്‍കിയിട്ടില്ലെന്നും ഉറപ്പാക്കുക. 

അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് ഈ അക്കൗണ്ടില്‍നിന്ന് മാറ്റുകയും, പകരം പുതിയ അക്കൗണ്ട് നല്‍കുകയും ചെയ്യുക. ഇതിന് ഏകദേശം 10 ദിവസം മുതല്‍ രണ്ടാഴ്ചവരെ സമയമെടുക്കും. ഇതിനുശേഷം ബാങ്കില്‍ നേരിട്ടെത്തി അക്കൗണ്ട് ക്ലോസ് ചെയ്യാനുള്ള ഫോറം നല്‍കുക. ഉപയോഗിക്കാത്ത ചെക്ക് ബുക്ക്, ഡെബിറ്റ് കാര്‍ഡ് എന്നിവ നല്‍കുക. ജോയന്റ് അക്കൗണ്ട് ആണെങ്കില്‍ എല്ലാ അക്കൗണ്ട് ഉടമകളുടെയും ഒപ്പ് നിര്‍ബന്ധമാണ്. 

മിക്ക ബാങ്കുകളും ഒരുവര്‍ഷം കഴിഞ്ഞാല്‍ അക്കൗണ്ട് അവസാനിപ്പിക്കാൻ ചാര്‍ജ് ഈടാക്കാറില്ല. എന്നാല്‍, ഇത് ഓരോ ബാങ്കിനും വ്യത്യസ്തമാണ്. ബാങ്കിലേക്ക് പണം നല്കാനുണ്ടെങ്കില്‍ അത് ഡി.ഡി ആയോ നെഫ്റ്റ് ട്രാൻസ്ഫര്‍ ചെയ്തോ നല്‍കാം. അക്കൗണ്ട് ക്ലോസ് ചെയ്താല്‍ ആ തീയതി കാണിക്കുന്ന ഒരു സ്റ്റേറ്റ്മെന്റ് എടുത്തുവെക്കണം. അതുകഴിഞ്ഞ് രണ്ടോ മൂന്നോ അക്കൗണ്ടുകള്‍ മാത്രമായി നിലനിര്‍ത്തുക. ഇത് സാമ്ബത്തിക അച്ചടക്കത്തില്‍ പ്രധാനമാണ്. 


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക