Information
HomeNews

അനാഥാലയത്തിലെ സൗജന്യ ഭക്ഷണ വിതരണത്തിനിടെ അച്ഛനെ കണ്ടുമുട്ടി; പത്ത് വര്‍ഷത്തിന് ശേഷം പുന:സമാഗമം

4 Jun 20231 മിനിറ്റ് വായന
അനാഥാലയത്തിലെ സൗജന്യ ഭക്ഷണ വിതരണത്തിനിടെ അച്ഛനെ കണ്ടുമുട്ടി; പത്ത് വര്‍ഷത്തിന് ശേഷം പുന:സമാഗമം

അനാഥാലയത്തിലെ സൗജന്യ ഭക്ഷണ വിതിരണത്തിനിടെ അച്ഛനെ തിരിച്ചറിഞ്ഞ് മകന്‍. ജാര്‍ഖണ്ഡിലെ രാംഗഡിലെ ഡിവൈന്‍ ഓംകാര്‍ മിഷന്‍ എന്നു പേരുള്ള അനാഥാലയത്തിലാണ് അതിവൈകാരികമായ സംഭവങ്ങള്‍ അരങ്ങേറിയത്. അനാഥാലയത്തില്‍ വളര്‍ന്ന ശിവം വര്‍മ എന്ന പതിമൂന്നു വയസുകാരന്‍ പത്ത് വര്‍ഷത്തിന് ശേഷം അച്ഛന്‍ ടിങ്കു വര്‍മയെ കണ്ടുമുട്ടുകയായിരുന്നു.
2013-ല്‍ ഭാര്യയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷാ ഡ്രൈവറായ ടിങ്കു വര്‍മയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അന്ന് മൂന്നു വയസ്സുകാരനായിരുന്നു ശിവം. തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ ശിവത്തെ അധികൃതര്‍ അനാഥാലയത്തിന് കൈമാറുകയായിരുന്നു. 
അനാഥാലയത്തിന് കീഴിലുള്ള സ്‌കൂളില്‍ എട്ടാം ക്ലാസിലാണ് ശിവം ഇപ്പോള്‍ പഠിക്കുന്നത്. രണ്ട് വര്‍ഷം മുമ്പാണ് ടിങ്കു ജയില്‍ മോചിതനായത്. പിന്നീട് ഓട്ടോറിക്ഷാ ഓടിച്ചും കൂലിപ്പണിയെടുത്തും ജീവിക്കുകയായിരുന്നു. അനാഥാലയം നടത്തുന്ന സന്നദ്ധ സംഘടനയുടെ സൗജന്യ ഭക്ഷണ വിതരണത്തില്‍ എത്തിയാണ് പലപ്പോഴും വിശപ്പടക്കാറുള്ളത്. ഇവിടെ ഭക്ഷണം വിളമ്പാന്‍ എത്തിയതായിരുന്നു ശിവം.
ഇതിനിടയില്‍ ഭക്ഷണത്തിനായി വരി നില്‍ക്കുന്ന ആള്‍ക്ക് അച്ഛന്റെ മുഖസാദൃശ്യമുള്ളതായി ശിവത്തിന് തോന്നി. തുടര്‍ന്ന് അയാളുടെ അടുത്തെത്തി ശിവം സംസാരിക്കുകയായിരുന്നു. ഇതോടെ അച്ഛന്‍ ടിങ്കുവാണ് അതെന്ന് ശിവം തിരിച്ചറിയുകയും ഇരുവരും കെട്ടിപ്പിടിച്ച് കരയുകയും ചെയ്തു. ഇത് സന്നദ്ധ സംഘടനയുടെ മാനേജറുടെ ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ഈ കഥകളെല്ലാം പുറത്തുവന്നത്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ അച്ഛനൊപ്പം മകനെ വിടുമെന്ന് ഡിവൈന്‍ ഓംകാര്‍ മിഷന്‍ വ്യക്തമാക്കി. മകനെ പത്ത് വര്‍ഷം സംരക്ഷിച്ച അനാഥാലയത്തിനോട് ടിങ്കു വര്‍മ നന്ദി അറിയിച്ചു. അച്ഛനെ കാണാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ജീവിത്തതില്‍ ഇങ്ങനെയെല്ലാം സംഭവിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ശിവം വ്യക്തമാക്കി. തന്റെ കുട്ടിക്കാലം ചിലവഴിച്ച, പത്ത് വര്‍ഷത്തെ ഓര്‍മകളുള്ള അനാഥാലയം വിടുന്നതില്‍ ഒരുപാട് സങ്കടമുണ്ടെന്നും ശിവം കൂട്ടിച്ചേര്‍ത്തു. 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക