Information
HomeNews

കുട്ടി ഡ്രൈവര്‍മാര്‍ വേണ്ട, രക്ഷിതാക്കള്‍ കുരുക്കിലാകും; നടപടി കടുപ്പിക്കുന്നു

21 Jun 20231 മിനിറ്റ് വായന
കുട്ടി ഡ്രൈവര്‍മാര്‍ വേണ്ട, രക്ഷിതാക്കള്‍ കുരുക്കിലാകും; നടപടി കടുപ്പിക്കുന്നു


റോഡുകളില്‍ ചീറിപ്പായുന്ന കുട്ടി ഡ്രൈവര്‍മാരെ പിടികൂടാൻ മോട്ടോര്‍ വാഹന വകുപ്പും പൊലീസും നടപടി ശക്തമാക്കുന്നു.

ലൈസൻസ് നേടാത്ത, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനമോടിക്കാൻ നല്‍കുന്ന രക്ഷിതാക്കള്‍ക്കെതിരെ നടപടി കടുപ്പിക്കും. 

ഏപ്രിലില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ ഇത്തരത്തില്‍ 400ലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പ്രായപൂര്‍ത്തിയാകാതെ വാഹനമോടിച്ചവര്‍ക്കും വാഹന ഉടമക്കും രക്ഷിതാക്കള്‍ക്കുമെതിരെ ശിക്ഷാനടപടി ശിപാര്‍ശ ചെയ്യുന്ന മോട്ടോര്‍ വാഹന നിയമത്തിലെ 199 എ വകുപ്പ് ചുമത്തി ഈ സംഭവങ്ങളിലെല്ലാം കേസെടുത്തിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 338 എണ്ണവും വടക്കൻ ജില്ലകളിലാണ്. ഏറ്റവുമധികം കേസുകള്‍ മലപ്പുറം ജില്ലയിലാണ്, 145 എണ്ണം. 

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ചെയ്യുന്ന ഗതാഗത കുറ്റകൃത്യങ്ങള്‍ക്ക് രക്ഷിതാക്കളെയോ മോട്ടോര്‍ വാഹന ഉടമയെയോ പ്രതിയാക്കി കേസെടുക്കണമെന്നാണ് വ്യവസ്ഥ. ലൈസൻസ് റദ്ദാക്കി പ്രോസിക്യൂഷൻ നടപടിയിലൂടെ രക്ഷിതാവിനെയോ വാഹന ഉടമയെയോ മൂന്ന് വര്‍ഷം വരെ തടവിനും 25,000 രൂപ പിഴക്കും ശിക്ഷിക്കാവുന്ന വകുപ്പാണിത്. വാഹനത്തിൻറെ രജിസ്‌ട്രേഷൻ 12 മാസത്തേക്ക് റദ്ദാക്കുകയും ചെയ്യാം. 


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക