Information
HomeNews

ട്രെയിനില്‍ ടിടിഇക്ക് നേരേ അക്രമം; ടിക്കറ്റ് ചോദിച്ചപ്പോള്‍ കഴുത്തില്‍ കയറിപ്പിടിച്ചു

28 Jun 20231 മിനിറ്റ് വായന
ട്രെയിനില്‍ ടിടിഇക്ക് നേരേ അക്രമം; ടിക്കറ്റ് ചോദിച്ചപ്പോള്‍ കഴുത്തില്‍ കയറിപ്പിടിച്ചു


കാസര്‍കോട്
: ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ ടി.ടി.ഇ.ക്ക് നേരേ അക്രമം. ട്രെയിൻ ടിക്കറ്റ് സ്ക്വാഡ് ജീവനക്കാരൻ കണ്ണൂര്‍ കൂത്തുപറമ്ബിലെ എം.രാജേഷിനെയാണ് ആക്രമിച്ചത്.

ഇതുമായി ബന്ധപ്പെട്ട് വടകര എടച്ചേരി ചിറക്കം പുനത്തില്‍ വീട്ടില്‍ സി.പി.മുഹമ്മദലി (33)യെ കാസര്‍കോട് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഏഴോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.

ചെന്നൈ-മംഗളൂരു മെയിലിലെ ജനറല്‍ കംപാര്‍ട്ട്മെന്റില്‍ ടിക്കറ്റില്ലാതെ യാത്രചെയ്തത് ചോദ്യംചെയ്തപ്പോഴാണ് മുഹമ്മദലി ടി.ടി.ഇ.യുടെ കഴുത്തില്‍ കയറിപ്പിടിച്ചത്. പയ്യന്നൂരിനും കാഞ്ഞങ്ങാടിനും ഇടയിലായിരുന്നു സംഭവം. യാത്രക്കാരാണ് പ്രതിയെ പിടിച്ചുമാറ്റിയത്. വണ്ടി കാസര്‍കോട്ടെത്തിയപ്പോള്‍ രാജേഷ് ജനറല്‍ ആസ്പത്രിയിലെത്തി ചികിത്സതേടി. പിന്നീട് കാസര്‍കോട് ആര്‍.പി.എഫ്. സ്റ്റേഷനിലെത്തി പരാതി നല്‍കി.

എസ്.ഐ. എം.രജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കാസര്‍കോട് സ്റ്റേഷൻ പരിസരത്തുനിന്ന് മുഹമ്മദലിയെ കസ്റ്റഡിയിലെടുത്തു.

ഇയാളെ കാഞ്ഞങ്ങാട് കോടതിയില്‍ ഹാജരാക്കി. എ.എസ്.ഐ.മാരായ എം.വി.പ്രകാശൻ, ഇല്യാസ് വാണിമേല്‍, എസ്.സി.പി.ഒ.മാരായ സി.കെ.മഹേഷ്, പി.പി.അജയൻ, സി.പി.ഒ.മാരായ അശ്വിൻ ഭാസ്കര്‍, ജ്യോതിഷ് ജോസ്, എ.കെ.ശരത്, കാസര്‍കോട് ആര്‍.പി.എഫ്. ഹെഡ് കോണ്‍സ്റ്റബിള്‍ കെ.രാജൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക