Information
HomeNews

രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ വിവരമറിയിക്കണം; ഡെങ്കിപ്പനി, പ്രതിരോധം ശക്തമാക്കും

13 Jun 20231 മിനിറ്റ് വായന
രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ വിവരമറിയിക്കണം; ഡെങ്കിപ്പനി, പ്രതിരോധം ശക്തമാക്കും

കൊച്ചി : എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ കൂടുതൽ ശക്തമാക്കും. ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.
കൊതുകുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന് യോഗം വിലയിരുത്തി. വീടുകളിൽ വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകുന്നതിനുള്ള സാഹചര്യം ഒഴിവാക്കണം. 2023-ൽ എട്ട് ഡെങ്കിപ്പനി മരണങ്ങളാണ് ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്.
കളക്ടറുടെ ക്യാമ്പ് ഓഫീസിൽ ചേർന്ന യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. കെ.കെ. ആശ, പഞ്ചായത്ത് സെക്രട്ടറിമാർ, പ്രോഗ്രാം ഓഫീസർമാർ, ആരോഗ്യവകുപ്പ് ജീവനക്കാർ, നാഷണൽ ഹെൽത്ത് മിഷൻ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

രോഗലക്ഷണങ്ങൾ
പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങൾ.

അപകടസൂചനകൾ
പനി കുറയുമ്പോൾ തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തുനിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നുതടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലി തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ എന്നീ
സൂചനകൾ ഉണ്ടാകുന്നുവെങ്കിൽ എത്രയുംവേഗം രോഗിയെ വിദഗ്ധ ചികിത്സ കിട്ടുന്ന ആശുപത്രിയിൽ എത്തിക്കണം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക