Information
HomeNews

മിസൈലിനു മുന്നിൽ പതറാത്ത യുക്രെയ്ൻ ജനത്തെ മുക്കിക്കൊല്ലാൻ റഷ്യ; 42,000 പേരെ നേരിട്ടു ബാധിക്കും

7 Jun 20231 മിനിറ്റ് വായന
മിസൈലിനു മുന്നിൽ പതറാത്ത യുക്രെയ്ൻ ജനത്തെ മുക്കിക്കൊല്ലാൻ റഷ്യ; 42,000 പേരെ നേരിട്ടു ബാധിക്കും

കീഴടങ്ങാൻ മനസ്സില്ലാതെ അവസാന ശ്വാസം വരെ പൊരുതിക്കൊണ്ടിരിക്കുന്ന യുക്രെയ്ൻ ജനത്തെ ഡാം തകർത്ത് മുക്കിക്കൊല്ലാനുള്ള നീക്കമാണ് റഷ്യ നടത്തുന്നതെന്ന് യൂറോപ്യൻ രാജ്യങ്ങൾ. നോവ കഖോവ്ക ഡാം തകർത്തതോടെ മാറ്റിപ്പാർപ്പിച്ചത് ആയിരക്കണക്കിന് ആളുകളെയാണ്. 42,000 ആളുകളുടെ ജീവിതത്തെ നേരിട്ടു ബാധിക്കുന്ന ദുരന്തം ഇന്നോടെ മൂര്‍ധന്യാവസ്ഥയില്‍ എത്തുമെന്നാണ്‌ യുക്രെയ്ൻ അധികൃ‍തർ അറിയിച്ചത്. 

‘വലിയ തോതിലുള്ള പ്രത്യാഘാതങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാകും. ദുരന്തത്തിന്റെ വ്യാപ്തി രണ്ടു ദിവസങ്ങൾക്കുള്ളിൽ വ്യക്തമാകും. തെക്കൻ യുക്രെയ്നിലെ ആയിരക്കണക്കിന് ആളുകൾക്ക് വീടും ജീവിതവും നഷ്ടമാകും. ഭക്ഷണവും വെള്ളവും ലഭിക്കാതെ ആളുകൾ ബുദ്ധിമുട്ടിലാകും’– യുഎൻ എയിഡ് ചീഫ് മാർട്ടിൻ ഗ്രിഫിത്ത് പറഞ്ഞു. നിലവിൽ മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ അതും ഉണ്ടായേക്കാമെന്നും യുഎസ് വക്താവ് അറിയിച്ചു.

പല ഗ്രാമങ്ങളും വെള്ളത്തിൽ മുങ്ങുന്നതിനിടെ റഷ്യ മിസൈൽ ആക്രമണവും നടത്തിയെന്ന് യുക്രെയ്ൻ ആരോപിച്ചു. ഗ്രാമങ്ങളും നഗരങ്ങളുമുൾപ്പെടെ 80 പ്രദേശങ്ങളാണ് വെള്ളത്തിനടിയിലായതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. അതേ സമയം, ഡാം തകർത്തത് യുക്രെയ്ൻ ആണെന്ന് റഷ്യ ആരോപിച്ചു. റഷ്യ–യുക്രെയൻ യുദ്ധം ആരംഭിച്ചതുമുതൽ ഏറ്റവും കൂടുതൽ ഭീഷണി നേരിട്ടിരുന്ന ഡാം ഒടുവിൽ തകർക്കപ്പെട്ടു. യുക്രെയ്ൻ ജനത്തെ കൊടുംയാതനകളിലേക്കാണ് ഡാമിന്റെ തകർച്ച തള്ളിവിട്ടിരിക്കുന്നത്. 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക