Kerala
HomeNews

ഹെൽത്ത് കാർഡിനായി ഹോട്ടൽ ജീവനക്കാരുടെ നെട്ടോട്ടം; ഫെബ്രുവരി 1 മുതലാണ് ഹെൽത്ത്‌ കാർഡ് നിർബന്ധമാക്കിയത്

26 Jan 20231 മിനിറ്റ് വായന
ഹെൽത്ത് കാർഡിനായി ഹോട്ടൽ ജീവനക്കാരുടെ നെട്ടോട്ടം; ഫെബ്രുവരി 1 മുതലാണ് ഹെൽത്ത്‌ കാർഡ് നിർബന്ധമാക്കിയത്


 ഹോട്ടലുകളിൽ ഭക്ഷണ സാധനങ്ങൾ കൈകാര്യം ചെയ്യുന്ന ജീവനക്കാർക്കെല്ലാം ഫെബ്രുവരി ഒന്ന് മുതൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കിയതോടെ കാർഡ് തരപ്പെടുത്താൻ ജീവനക്കാർ നെട്ടോട്ടമോടുന്നു. ആറുദിവസം മാത്രം ശേഷിക്കുന്നതിനാൽ അന്യസംസ്ഥാനക്കാർ ഉൾപ്പെടെയുള്ള ജീവനക്കാർ അവധിയെടുത്താണ് കാർഡിനായി ഓടുന്നത്. ഹെൽത്ത് കാർഡ് 2011മുതൽ നിയമം നിലവിലുണ്ടെങ്കിലും ഭൂരിഭാഗം പേരും കാർഡ് എടുത്തിരുന്നില്ലെന്ന് ഇതോടെ വ്യക്തമായി. സ്വകാര്യ ആശുപത്രികളിലും ലാബുകളിലും പരിശോധനാ ഫീസ് കൂടുതലായതിനാൽ സർക്കാർ കേന്ദ്രങ്ങളിൽ ഇപ്പോൾ രാവിലെ മുതൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. ഹെപ്പറ്റൈറ്റസ് എ, ടൈഫോയിഡിന്റെ നാല് പരിശോധനകളുമാണ് സാധാരണയായി നടത്തുന്നത്. ഈ പരിശോധനഫലങ്ങളിൽ സംശയമുണ്ടെങ്കിൽ ഡോക്ടർ നിർദ്ദേശിക്കുന്നത് പ്രകാരം ആവശ്യമായ പരിശോധനകളും നടത്തണം. ഒരുവർഷമാണ് കാലാവധി. സർക്കാർ ലാബുകളിൽ പരമാവധി 250 രൂപ ചെലവാകുമ്പോൾ സ്വകാര്യ ലാബുകളിൽ 1000രൂപവരെയാണ്. തലസ്ഥാന നഗരത്തിൽ കോർപറേഷന് കീഴിലുള്ള പേട്ടയിലെ ഹെൽത്ത് സെന്ററിലും പബ്ലിക്ക് ലാബിലുമാണ് പ്രധാനമായും ആളുകൾ പരിശോധനയ്ക്ക് എത്തുന്നത്. രക്തം നൽകിയാൽ അന്നേദിവസം തന്നെ ഫലം ലഭിക്കുമെന്നതിനാൽ പേട്ടയിലെ ഹെൽത്ത് സെന്ററിൽ രാവിലെ 6 മുതൽ വൻ തിരക്കാണ്. പബ്ലിക്ക് ലാബിൽ പിറ്റേദിവസമാണ് ഫലം ലഭിക്കുന്നത്. പരിശോധനാ ഫലവുമായി കോർപറേഷൻ ആസ്ഥാനത്ത് എത്തിയാൽ അവിടെ നിന്ന് ഹെൽത്ത് ഓഫീസർ മറ്റ് ശാരീരിക പരിശോധനകളും മാർഗനിർദ്ദേശങ്ങളും നൽകിയ ശേഷം സർട്ടിഫിക്കറ്റ് നൽകും. ചർമ്മ പരിശോധനകൾക്ക് ശേഷം മുടി നീട്ടി വളർത്തിയവർ ക്യാപ് വെക്കണമെന്നും, മുറുക്കാൻ ഉപയോഗക്കാതിരിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും നൽകും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക