Information
HomeNews

യാത്രയ്‌ക്ക് മുന്‍പ് ഭയമുണ്ടെന്ന് അറിയിച്ചു, എന്നിട്ടും പിതാവിനൊപ്പം പോയത് ലോക പിതൃദിനത്തില്‍ അച്ഛനെ സന്തോഷിപ്പിക്കാന്‍, നോവായി ടൈറ്റാനിലെ 19കാരന്‍ സുലേമാന്റെ വിടവാങ്ങല്‍

23 Jun 20231 മിനിറ്റ് വായന
യാത്രയ്‌ക്ക് മുന്‍പ് ഭയമുണ്ടെന്ന് അറിയിച്ചു, എന്നിട്ടും പിതാവിനൊപ്പം പോയത് ലോക പിതൃദിനത്തില്‍ അച്ഛനെ സന്തോഷിപ്പിക്കാന്‍, നോവായി ടൈറ്റാനിലെ 19കാരന്‍ സുലേമാന്റെ വിടവാങ്ങല്‍


ന്യൂയോര്‍ക്ക്
: ടൈറ്റാനിക്കിന്റെ അവശിഷ്‌ടങ്ങള്‍ കാണാൻ പുറപ്പെട്ട ടൈറ്റാൻ സമുദ്ര‌പേടകം തകര്‍ന്ന് മരണമടഞ്ഞ 19കാരൻ സുലേമാൻ ദാവൂദ് യാത്രയെ ഭയപ്പെട്ടിരുന്നതായി വിവരം.

യാത്ര പുറപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുൻപുതന്നെ സമുദ്രപേടകത്തിലെ യാത്രയില്‍ സുലൈമാൻ ഭയപ്പെട്ടിരുന്നുവെന്നും സമുദ്രത്തിനടിയിലെ യാത്രയെക്കുറിച്ച്‌ ആശങ്കപ്പെട്ടിരുന്നുവെന്നുമാണ് സൂചനകള്‍. യാത്രയില്‍ സുലേമാൻ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതായാണ് ഒരു ബന്ധു അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളെ അറിയിച്ചത്.

ബ്രിട്ടീഷ്-പാകിസ്ഥാനി ബിസിനസുകാരനും ശതകോടീശ്വരനുമായ ഷെഹസാദ ദാവൂദിന്റെ(48) മകനാണ് സുലേമാൻ. പാകിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ആഗോള ബിസിനസ് സ്ഥാപനമായ എൻഗ്രോയുടെ വൈസ് ചെയര്‍മാനായിരുന്നു ഷെഹസാദ. ഗ്ളാസ്‌ഗോയിലെ സ്‌ട്രാത്ക്ളൈഡ് സര്‍വകലാശാലയിലെ ബിസിനസ് സ്‌കൂളില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു സുലേമാൻ.

ഭയമുണ്ടായിരുന്നെങ്കിലും ലോക പിതൃ ദിനത്തില്‍ അച്ഛനെ സന്തോഷിപ്പിക്കാൻ സുലേമാൻ തയ്യാറായെന്ന് ഷെഹസാദയുടെ സഹോദരിയായ അസ്‌മേ ദാവൂദ് പറഞ്ഞു. ഷെഹസാദ ദാവൂദിനും സുലേമാനും പുറമേ സമുദ്രപേടകം നിയന്ത്രിച്ചിരുന്ന ഓഷ്യൻഗേറ്റ് സിഇഒ സ്‌റ്റോക്‌ടണ്‍ റഷ്(61), ബ്രിട്ടീഷ് കോടീശ്വരൻ ഹാമിഷ് ഹാര്‍ഡിംഗ്(58),ഫ്രഞ്ച് ഗവേഷകൻ പോള്‍ ഹെൻട്രി നര്‍ജിയോലെറ്റ് (77) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ടൈറ്റാനിലുണ്ടായിരുന്നവരെല്ലാം മരിച്ചതായി അമേരിക്കൻ നാവികസേനയും ടൈറ്റാന്റെ ഉടമകളായ ഓഷ്യൻ ഗേറ്റ് എക്‌സ്‌പെഡീഷൻസും സ്ഥിരീകരിച്ചു. എന്നാല്‍ ഇവരുടെ ശരീരം ലഭിച്ചിട്ടില്ല. ടൈറ്റാനിക്കിന്റെ അവശിഷ്‌ടങ്ങള്‍ക്ക് സമീപത്തായി ടൈറ്റാന്റെയും അവശിഷ്‌ടങ്ങള്‍  കണ്ടെത്തിയിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക