Information
HomeNews

World No-Tobacco Day 2023 : ലോക പുകയില രഹിത ദിനം ; 'നമുക്ക് വേണ്ടത് പുകയിലയല്ല, ഭക്ഷണമാണ് '

31 May 20232 മിനിറ്റ് വായന
World No-Tobacco Day 2023 :  ലോക പുകയില രഹിത ദിനം ; 'നമുക്ക് വേണ്ടത് പുകയിലയല്ല, ഭക്ഷണമാണ് '

ഇന്ന് ലോക പുകയില രഹിത ദിനമാണ് (World No-Tobacco Day). പുകയിലയുടെയും അതിന്റെ ഉൽപന്നങ്ങളുടെയും ഉപയോഗം മൂലം കുടുംബത്തിലും സമൂഹത്തിലും പരിസ്ഥിതിയിലും ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങളെ കുറിച്ച് അവബോധം വളർത്തുന്നതിനു വേണ്ടിയാണ് ലോകാരോഗ്യ സംഘടന എല്ലാ വർഷവും ഈ ദിവസം ലോക പുകയില രഹിത ദിനമായി ആചരിക്കുന്നത്. 

ഈ വർഷത്തെ ലോക പുകയില രഹിതദിന പ്രമേയം "നമുക്ക് വേണ്ടത് പുകയിലയല്ല, ഭക്ഷണമാണ്" എന്നതാണ്. ഗ്രാമപ്രദേശങ്ങളിലെ പുകയില കർഷകരിലേക്ക് പുകയിലയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കാനും പുകയില കൃഷി ഫലഭൂയിഷ്ഠമായ മണ്ണിനെയും പരിസ്ഥിതിയെയും എങ്ങനെ നശിപ്പിക്കുന്നു എന്നതിനെക്കുറിച്ചും കർഷകർക്കിടയിൽ ബോധവൽക്കരണം നടത്തുവാനും ഈ പ്രമേയം വഴി സാധിക്കുന്നു.

ലോകത്ത് ഏറ്റവും കൂടുതൽ ആളുകളുടെ മരണത്തിനിടയാക്കുന്ന പ്രധാനഘടകങ്ങളിലൊന്ന് പുകയിലയുടെ ഉപയോഗമാണ്. പുകയിലയിലും അവ കത്തിച്ചാൽ ഉണ്ടാകുന്ന പുകയിലും 4000ത്തിൽ അധികം രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. അവയിൽ ഏറ്റവും അറിയപ്പെടുന്നത് നിക്കോട്ടിനാണ്.

പുകവലിക്കുന്നവരെ പുകയിലയ്ക്ക് അടിമയാക്കുന്നത് നിക്കോട്ടിനാണ്. ഈ രാസവസ്തു ചെറിയ അളവിൽ തന്നെ മാരകമാണ്. ഒരു സിഗരറ്റിലെ ശരാശരി നിക്കോട്ടിന്റെ അളവ് ഏകദേശം 10 മുതൽ 12 മില്ലിഗ്രാം വരെയാണ്. ഇത് ഒരു ബ്രാൻഡിൽ നിന്ന് മറ്റൊന്നിലേക്ക് വ്യാപകമായി വ്യത്യാസപ്പെടാം. ഒരു സിഗരറ്റ് വലിക്കുമ്പോൾത്തന്നെ ഏകദേശം രണ്ട് മില്ലിഗ്രാം നിക്കോട്ടിൻ രക്തത്തിൽ കലരാറുണ്ട്.

പുകയില മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ...

• ഒരു സിഗരറ്റ് വലിക്കുമ്പോൾ നിങ്ങളുടെ ആയുസ്സിന്റെ ഏകദേശം 11 മിനിറ്റ് കുറയുന്നു.പുകവലിക്കുന്ന ഒരാൾക്ക് പുകവലിക്കാത്ത ആളെക്കാൾ ഏകദേശം 10 വർഷ ആയുസ്സ് കുറഞ്ഞിരിക്കും.
• ഇന്ത്യൻ പുരുഷന്മാരിൽ ഏറ്റവും കൂടുതൽ കാണുന്ന ക്യാൻസർ വായയിൽ ഉണ്ടാവുന്നതാണ്. 
• പുകയില ചവയ്ക്കുന്നതും പുകവലിക്കുന്നതും ഒക്കെ അതിന് കാരണമാണ്.
• പുകവലി ഉപയോഗം പ്രത്യുൽപാദനശേഷിയെ ദോഷകരമായി ബാധിക്കും 
• ഗർഭാവസ്ഥയിലുള്ള പുകയില ഉപയോഗം ഗർഭസ്ഥ ശിശുവിൻറെ തൂക്കക്കുറവിനും മാസം തികയാതെയുള്ള പ്രസവത്തിനും കാരണമാകും.
• ശ്വാസകോശം: ശ്വാസകോശ കാൻസർ, വിട്ടുമാറാത്ത ചുമ (ക്രോണിക് ബ്രോങ്കിറ്റിസ്, എംഫിസീമ), കുട്ടികളിലെ ആസ്ത്മ
• ഹൃദയം: ഹൃദയാഘാതം, രക്തപ്രവാഹം തടസപ്പെടൽ.
• മസ്തിഷ്കം: പക്ഷാഘാതം, ബുദ്ധിമാന്ദ്യം, വിഷാദരോഗങ്ങൾ
• വായയുടെ ആരോഗ്യം: പല്ലിൽ കറ പിടിക്കൽ, വായ്നാറ്റം, രുചി മുകുളങ്ങളുടെ നാശം, മോണ രോഗം, വായുടെയും തൊണ്ടയുടെയും അർബുദം, താടി എല്ലിലുള്ളിൽ അസ്ഥികളുടെ നാശം, വായിക്കുള്ളിൽ വെളുത്ത പാടുകൾ, മോണ കേറൽ, മുറിവ് ഉണങ്ങുന്നതിൽ കാലതാമസം
• മറ്റുള്ളവ: വിവിധ അവയവങ്ങളിലെ കാൻസറുകൾ (വായ , തൊണ്ട, അന്നനാളം, ആമാശയം, പാൻക്രിയാസ്, വൃക്ക, ഗർഭാശയ കാൻസറുകൾ) രക്താർബുദം, ആമാശയത്തിിലേയും കുടലിലേയും വ്രണങ്ങൾ, വന്ധ്യത, പ്രമേഹം, ഗർഭമലസൽ. 
പുകയില ഉപയോഗം നിർത്തുന്നത് കൊണ്ടുള്ള ഉപയോഗങ്ങൾ
• പുകയില ഉപയോഗം മൂലമുണ്ടാകുന്ന രോഗ സാധ്യതകൾ കുറയുന്നു
• യൗവനം കാത്തുസൂക്ഷിക്കാൻ സാധിക്കുന്നു
• പുകയില ഉൽപ്പന്നങ്ങൾ വാങ്ങാതിരിക്കുന്നത് വഴി ധനനഷ്ടം ഒഴിവാക്കാം
• പാരിസ്ഥിതിക മലിനീകരണം ഒഴിവാക്കാം
• ഒരു വർഷം പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം നിർത്തുന്നത് മൂലം ഹൃദയാഘാതം ഉണ്ടാവാനുള്ള സാധ്യത പകുതിയായി കുറയുന്നു

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക