Information
HomeNews

മെഡിസെപ് വിവരങ്ങള്‍ ഇനി വിരല്‍തുമ്ബില്‍; ഇതുവരെ ലഭ്യമാക്കിയത് 591 കോടി രൂപയുടെ ചികിത്സാ ആനുകൂല്യം

2 May 20232 മിനിറ്റ് വായന
മെഡിസെപ് വിവരങ്ങള്‍ ഇനി വിരല്‍തുമ്ബില്‍; ഇതുവരെ ലഭ്യമാക്കിയത് 591 കോടി രൂപയുടെ ചികിത്സാ ആനുകൂല്യം

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമുള്ള സമഗ്ര ആരോഗ്യ പരിരക്ഷാ പദ്ധതിയായ മെഡിസെപ്പ് നിലവില്‍ വന്ന് 10 മാസത്തിനുള്ളില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ പേര്‍ പദ്ധതി പ്രയോജനപ്പെടുത്തിയതായി സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.

'10 മാസത്തിനുള്ളില്‍ രണ്ട് ലക്ഷം പേര്‍ മെഡിസെപ് പ്രയോജനപ്പെടുത്തും എന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ 2,20,000ത്തില്‍പ്പരം പേരാണ് ആകെ 591 കോടി രൂപയുടെ ചികിത്സാപരിരക്ഷാ ആനുകൂല്യം ഇതേവരെ പ്രയോജനപ്പെടുത്തിയത്. ഇതൊരു ചരിത്ര സംഭവമാണ്,' മെഡിസെപ് പദ്ധതിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കവേ മന്ത്രി പറഞ്ഞു.

ലോകത്ത് ഒരിടത്തും മെഡിസെപിന് തുല്യമായ ആരോഗ്യപരിരക്ഷാ പദ്ധതി ഇല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 21 വയസ് മുതല്‍ 104 വയസ് വരെയുള്ളവര്‍ പങ്കാളികളായ, പ്രതിമാസം വെറും 500 രൂപ മാത്രം ഈടാക്കുന്ന, 1000 ത്തില്‍പ്പരം രോഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന പദ്ധതി ലോകത്ത് ആദ്യമായാണ്. ലോകമൊട്ടുക്കും ആശുപത്രി, ചികിത്സാ ചെലവുകള്‍ വളരെ ഉയര്‍ന്നതാണ്. പല്ലിന് റൂട്ട് കനാല്‍ ചെയ്യണമെങ്കില്‍ പോലും പ്രവാസി മലയാളികള്‍ നാട്ടിലെ ആശുപത്രികളെയാണ് ആശ്രയിക്കാറ്. ആ സ്ഥിതിയിലാണ് ഇത്രയും ചുരുങ്ങിയ പണം ഈടാക്കി 31 ലക്ഷത്തോളം പേര്‍ക്ക് പ്രയോജനം ചെയ്യുന്ന മെഡിസെപ് ആവിഷ്‌കരിച്ചത്, മന്ത്രി പറഞ്ഞു.

കേരളത്തെ ഹെല്‍ത്ത് ഹബ്ബ് ആക്കി മാറ്റുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. അതിന്റെ ഭാഗമായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യും. ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കും. പ്രായമായവരുടെ അംഗസംഖ്യ വര്‍ധിക്കുകയും തൊഴിലെടുക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കുറയുകയും ചെയ്യുന്ന കേരളത്തില്‍ അത് മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള ആരോഗ്യ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് മന്ത്രി പറഞ്ഞു.

ആകെ 2,20,860 ക്ലെയിമുകളിലായി 591,42,70,739 രൂപയുടെ പരിരക്ഷയാണ് ഇതുവരെ അംഗീകരിച്ചത്. ഇതില്‍ സര്‍ക്കാര്‍ മേഖലയിലെ ക്ലെയിമുകള്‍ 18,153 എണ്ണവും അംഗീകരിച്ച തുക 39,52,04,198 രൂപയുമാണ്. സ്വകാര്യമേഖലയില്‍ 202,707 ക്ലെയിമുകളിലായി 551,90,66,541 രൂപ അംഗീകരിച്ചു. ഗുരുതര രോഗങ്ങള്‍ക്കുള്ള പാക്കേജ് വിഭാഗത്തില്‍ 1853 ക്ലെയിമുകളിലായി 38,18,06,928 രൂപ അംഗീകരിച്ചു. പരിപാടിയില്‍ ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. മാതൃകാപരമായ പദ്ധതിയായ മെഡിസെപ് ജനങ്ങള്‍ക്കിടയില്‍ അങ്ങേയറ്റം സ്വീകാര്യമായി കഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

മെഡിസെപ്പ് പദ്ധതിയുമായി നാളിതുവരെ സഹകരിച്ച്‌, മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സര്‍ക്കാര്‍, സ്വകാര്യ, സഹകരണ, സ്വയംഭരണ മേഖലയിലെ ആശുപത്രികള്‍, ഇന്‍ഷുറന്‍സ് കമ്ബനി, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ ധനമന്ത്രിയില്‍ നിന്ന് അഭിനന്ദന പത്രങ്ങള്‍ സ്വീകരിച്ചു.

ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്ബനി ലിമിറ്റഡ് സി.എം.ഡി ആര്‍.ആര്‍ സിംഗ് ധനമന്ത്രിയില്‍ നിന്ന് അഭിനന്ദന പത്രം ഏറ്റുവാങ്ങി. തിരുവനന്തപുരം, കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍, തൃശ്ശൂര്‍ അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്, ആസ്റ്റര്‍ മിംസ്, തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച്‌ മെഡിക്കല്‍ കോളജ്, എറണാകുളം അപ്പോളോ അടൂലക്സ് ആശുപത്രി, കൊല്ലം എന്‍.എസ് ആശുപത്രി, കണ്ണൂര്‍ എ.കെ.ജി ആശുപത്രി, തിരുവനന്തപുരം ജനറല്‍ ആശുപത്രി, തിരുവനന്തപുരം റീജ്യനല്‍ ക്യാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ ജില്ലാ പരാതി പരിഹാര കമ്മിറ്റി എന്നിവരുടെ പ്രതിനിധികള്‍ അഭിനന്ദനപത്രം സ്വീകരിച്ചു.

നഗരസഭാ മേയര്‍ ആര്യ രാജേന്ദ്രന്‍, ധനകാര്യ റിസോഴ്‌സസ് ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി മുഹമ്മദ് വൈ സഫീറുള്ള കെ, ധനകാര്യ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അഡീഷണല്‍ സെക്രട്ടറി ഷിബു എ എന്നിവര്‍ പങ്കെടുത്തു. മെഡിസെപിനുള്ള സ്വീകാര്യത വര്‍ധിച്ചു വരുന്ന സാഹചര്യത്തിലും പദ്ധതി വിപുലീകരണത്തിന്റെ ഭാഗമായും പദ്ധതിയുടെ വിശദാംശങ്ങള്‍ ഗുണഭോക്താക്കളുടെ വിരല്‍ത്തുമ്ബില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക