പ്രവാസികളുടെ വിജ്ഞാനവും മികവും കേരളവികസനത്തിന് ഉപയോഗിക്കാനാവണം: മുഖ്യമന്ത്രി

കൊച്ചി: പ്രവാസികളുടെ വിജ്ഞാനവും മികവും കേരളവികസനത്തിന് ഉപയോഗിക്കാനാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമായാണ് പ്രവാസികള്‍ക്ക് പ്രാതിനിധ്യസ്വഭാവമുള്ള വേദിയായ ലോക കേരള സഭ രൂപം നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം താജില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ എന്‍വയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ പ്രൊജക്റ്റ് അവാര്‍ഡുകള്‍
വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ വികസനകാര്യങ്ങളില്‍ പ്രവാസികള്‍ക്ക് വലിയ പങ്കുണ്ട്. പ്രവാസികളുടെ മികവ് കേരളവികസനത്തിന് ഉപയോഗിക്കുന്നതിന്റെ ഭാഗമായി ആശയവിനിമയം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. ഏതെങ്കിലും രംഗത്ത് പ്രാവീണ്യമുള്ളവര്‍ വികസനരംഗത്ത് അവരുടെ അഭിപ്രായം സര്‍ക്കാരിനെ അറിയിക്കണം.
പ്രവാസികളുടെ പണം കൂട്ടായി നിക്ഷേപിക്കുന്ന സംവിധാനം ഒരുക്കാനും നിക്ഷേപിക്കുന്ന പണത്തിന് നഷ്ടം സംഭവിക്കാതെ സര്‍ക്കാര്‍ ഗ്യാരണ്ടി നില്‍ക്കുന്ന വിധത്തിലുള്ള സംവിധാനം ഉറപ്പാക്കാനും പദ്ധതിയുണ്ട്. ബാങ്കില്‍ നിക്ഷേപിച്ച് പലിശ വാങ്ങുന്നതുപോലെ സുരക്ഷിതമായി പണം നിക്ഷേപിക്കാനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ഒരുക്കുക. ഇതിലൂടെ നാടിന്റെ വികസനവും കൂടുതല്‍ തൊഴിലവസരവും ഉറപ്പാക്കാനും സര്‍ക്കാരിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.





