Information
HomeNews

2000, 500 രൂപ നോട്ടുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ വളരെ ശ്രദ്ധിക്കുക

20 Mar 20231 മിനിറ്റ് വായന
2000, 500 രൂപ നോട്ടുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ വളരെ ശ്രദ്ധിക്കുക

വ്യാജ കറന്‍സി തട്ടിപ്പ് വ്യാപകമായിട്ടും ഇരുട്ടില്‍ത്തപ്പി പോലീസ്. കടകളിലെത്തി സാധനങ്ങള്‍ വാങ്ങുമ്പോഴും ലോട്ടറി ടിക്കറ്റ് എടുക്കുമ്പോഴും വ്യാജ നോട്ട് നല്‍കി പണം തട്ടുന്ന സംഘമാണ് ഇപ്പോൾ സജീവമായിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു കടയില്‍ ബൈക്കിലെത്തിയ യുവാവ് 4000 രൂപ കബളിപ്പിച്ച്‌ കൊണ്ടുപോയി. ചില്‍ഡ്രന്‍ ബാങ്ക് ഒഫ് ഇന്ത്യ എന്ന പേരിലുള്ള 2000 രൂപയുടെ നോട്ടുകളാണ് കടയില്‍ നല്‍കിയത്. പിന്നീട് കടയിലെത്തിയ ലോട്ടറി കച്ചവടക്കാരന്‍ നാല് 500 രൂപ നോട്ടുകള്‍ നല്‍കി 2000 രൂപ വാങ്ങി. ഇതുമായി ലോട്ടറി കച്ചവടക്കാരന്‍ റേഷന്‍കടയിലെത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. ലോട്ടറി കച്ചവടം നടത്തുന്ന വൃദ്ധയുടെ കൈയില്‍ നിന്ന് 100 ലോട്ടറി ടിക്കറ്റുകള്‍ വാങ്ങി രണ്ടായിരത്തിന്റെ രണ്ട് നോട്ടുകള്‍ നല്‍കി സമാന രീതിയില്‍ കബളിപ്പിച്ചിരുന്നു. രണ്ട് കേസിലും പോലീസ് അന്വേഷണം തുടരുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഇതുവരെ തുമമ്പൊന്നും ലഭിച്ചില്ല.

കെണിയില്‍ വീഴുന്നത് പ്രായമായവര്‍

പ്രായമായവരെ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടക്കുന്നത്. കൂടുതലും ലോട്ടറി വില്‍ക്കുന്നവരും പെട്ടിക്കട നടത്തുന്നവരും. വ്യാജ നോട്ടുകള്‍ ഇവര്‍ക്ക് പെട്ടെന്നു തിരിച്ചറിയാന്‍ കഴിയില്ലെന്നത് തട്ടിപ്പുകാ‍ര്‍ മുതലെടുക്കുന്നു. ഈ മാസമാദ്യം ലോട്ടറി വില്പനക്കാരന്റെ കൈയില്‍ നിന്ന് ടിക്കറ്റെടുത്ത യുവാവ് 2000 രൂപയുടെ വ്യാജ നോട്ട് നല്‍കി കബളിപ്പിച്ചിരുന്നു. പരാതികളേറിയിട്ടും ആരെയും പിടികൂടാനാകാത്തത് പോലീസിനും നാണക്കേടാകുകയാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക