Information
HomeNews

പ്ലസ്​ വണ്‍ പ്രവേശനത്തില്‍ റെക്കോഡ്​​ വര്‍ധന; വര്‍ധനയില്‍ 79.28 ശതമാനവും മലബാറില്‍

29 Jan 20222 മിനിറ്റ് വായന
പ്ലസ്​ വണ്‍ പ്രവേശനത്തില്‍ റെക്കോഡ്​​ വര്‍ധന; വര്‍ധനയില്‍ 79.28 ശതമാനവും മലബാറില്‍

 






സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറികളില്‍ ഇത്തവണ വിദ്യാര്‍ഥി പ്രവേശനത്തില്‍ സര്‍വകാല റെക്കോഡ്.


ഏഴ് ജില്ലകളില്‍ 30 ശതമാനവും ഏഴ് ജില്ലകളില്‍ 20 ശതമാനവും ആനുപാതിക സീറ്റ് വര്‍ധനയും 79 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചുമുള്ള പ്രവേശനമാണ് ഇത്തവണ ഹയര്‍സെക്കന്‍ഡറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിദ്യാര്‍ഥി പ്രവേശനം സാധ്യമാക്കിയത്.

ഈ വര്‍ഷം 385253 പേരാണ് ഹയര്‍സെക്കന്‍ഡറികളില്‍ റെഗുലര്‍ പഠനത്തിന് ചേര്‍ന്നത്. കഴിഞ്ഞവര്‍ഷം 368282 കുട്ടികളാണ് സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂളുകളിലായി ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ഇത്തവണ 16971 കുട്ടികളാണ് അധികമായി ഹയര്‍സെക്കന്‍ഡറി പഠനത്തിന് ചേര്‍ന്നത്. ഇതിന് മുമ്ബ് 2018ലാണ് ഹയര്‍സെക്കന്‍ഡറിയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥി പ്രവേശനം നടന്നത്; 3.78 ലക്ഷം പേര്‍. പുതിയ ഹയര്‍സെക്കന്‍ഡറി സ്കൂളുകളും ബാച്ചുകളും അനുവദിക്കില്ലെന്ന ഉത്തരവിറക്കിയാണ് ഇത്തവണ വിദ്യാഭ്യാസ വകുപ്പ് പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ആരംഭിച്ചത്.

എന്നാല്‍, ഒന്നേകാല്‍ ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ എ പ്ലസ് നേടിയതോടെ സീറ്റ് ക്ഷാമം പ്രതിപക്ഷം നിയമസഭയില്‍ പലതവണ ഉയര്‍ത്തി. ഒടുവില്‍ പുതിയ ബാച്ചുകള്‍ അനുവദിക്കില്ലെന്ന ഉത്തരവില്‍നിന്ന് സര്‍ക്കാര്‍ പിറകോട്ട് പോകുകയും സീറ്റ് ക്ഷാമം ഏറെയുള്ള മലബാറില്‍ 79 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുകയും ചെയ്തു.

ഇത്തവണ അധികമായി പ്രവേശനം നേടിയ 16971 പേരില്‍ 13412 പേരും (79.28 ശതമാനം) പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള മലബാര്‍ ജില്ലകളില്‍നിന്നാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ മലപ്പുറം ജില്ലയിലാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ മലപ്പുറത്ത് ഇത്തവണ 5207 കുട്ടികള്‍ക്ക് അധികമായി സ്കൂള്‍ പ്രവേശനം ലഭിച്ചു. കോഴിക്കോട് ജില്ലയില്‍ 3090 പേര്‍ക്കും അധികം പ്രവേശനം ലഭിച്ചു. മുന്‍വര്‍ഷങ്ങളില്‍ സീറ്റ് ലഭിക്കാതെ ഒട്ടേറെ വിദ്യാര്‍ഥികള്‍ ഈ ജില്ലകളില്‍നിന്ന് ഓപണ്‍ സ്കൂളില്‍ പ്രവേശനം തേടുകയായിരുന്നു. ഇത്തവണ എ പ്ലസ് വര്‍ധനയില്‍ മറ്റ് ജില്ലകളില്‍കൂടി സീറ്റ് ക്ഷാമം ഉയര്‍ന്നതോടെ സര്‍ക്കാറിന് നിലപാട് തിരുത്തേണ്ടിവന്നു.


മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം ശരിവെക്കുന്നത് കൂടിയാണ് ഇത്തവണത്തെ പ്ലസ് വണ്‍ പ്രവേശന നടപടികള്‍. താല്‍ക്കാലിക ബാച്ചുകള്‍ സ്ഥിരപ്പെടുത്തിയില്ലെങ്കില്‍ അടുത്ത വര്‍ഷങ്ങളിലും ഈ ജില്ലകളില്‍ സീറ്റ് ക്ഷാമം തുടര്‍ക്കഥയാകും. അതേസമയം, മൊത്തം വിദ്യാര്‍ഥി പ്രവേശനം ഉയര്‍ന്നെങ്കിലും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ പ്ലസ് വണ്‍ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം ഇത്തവണ കുറയുകയാണ് ചെയ്തത്.


പ്ലസ് വണ്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ എണ്ണം കഴിഞ്ഞ വര്‍ഷം (2020-21), ഈ വര്‍ഷം (2021-22), വര്‍ധന എന്ന ക്രമത്തില്‍:


തിരുവനന്തപുരം 31383, 33299, 1916


കൊല്ലം 26247, 27330, 1083


പത്തനംതിട്ട 11933 , 11696, 237 പേര്‍ കുറവ്


ആലപ്പുഴ 22540, 22757, 217


കോട്ടയം 21336, 20795, 541 പേര്‍ കുറവ്


ഇടുക്കി 11108, 10768, 340 പേര്‍ കുറവ്


എറണാകുളം 31561, 31791, 230


തൃശൂര്‍ 32144 , 33348, 1204


പാലക്കാട് 30289, 32563, 2274


മലപ്പുറം 56459, 61666, 5207


കോഴിക്കോട് 37190 , 40280, 3090


വയനാട് 10162, 10471, 309


കണ്ണൂര്‍ 30753, 32698, 1945


കാസര്‍കോട് 15177, 15791, 614

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക