75 ആണ്ടുകൾ പിന്നിട്ടിട്ടും രാജ്യം ബ്രിട്ടീഷ് ഭരണത്തിനു സമാനം: അബ്ദുൽ മജീദ് ഫൈസി..

കല്ല്യാശ്ശേരി : എഴുപത്തി അഞ്ചാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗങ്ങൾ ഇന്നും അശാന്തിയുടെയും അസമാധാനത്തിന്റെയും അടിമത്ത വായുവാണ് ശ്വസിച്ചുകൊണ്ടിരിക്കുന്നത് എന്നും ഈ വിഭാഗങ്ങൾക്ക് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാൻ അവസരം ഉണ്ടാക്കുന്നതിൽ പ്രതിപക്ഷ
കക്ഷികൾ എന്നുപറയുന്ന മുഴുവൻ മതേതര രാഷ്ട്രീയ കക്ഷികളും പരാജയപ്പെട്ടതിന്റെ പരിണിതഫലമാണ് ഇന്ന് രാജ്യം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ ദുരിതാവസ്ഥക്ക് മുഖ്യ കാരണം എന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി പറഞ്ഞു. മടക്കരയിൽ നടന്ന കല്യാശ്ശേരി മണ്ഡലം പ്രതിനിധി സഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ജനങ്ങളുടെ ആഗ്രഹമെന്നോണം അവരുടെ ആശങ്കകൾ അകറ്റുന്നതിന് വേണ്ടി രാജ്യത്തിന്റെ സർവ്വതും നശിപ്പിച്ചുകൊണ്ടിരിക്കുന്ന വർഗീയ പ്രതിലോമ പിന്തിരിപ്പൻ ശക്തികളെ രാജ്യത്തുനിന്നും തുരത്തി ഓടിക്കുക എന്ന റിസ്ക്കാണ് എസ്ഡിപിഐ ഏറ്റെടുത്തിരിക്കുന്നത്. രാജ്യത്തെ ജനലക്ഷങ്ങൾ അത് തിരിച്ചറിഞ്ഞു പാർട്ടിയോടൊപ്പം അണിനിരക്കുന്നുണ്ട് എന്നും ഫൈസി കൂട്ടിച്ചേർത്തു.
കല്ല്യാശ്ശേരി മണ്ഡലത്തിലെ 2021-24 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി പ്രസിഡണ്ട് ഹാരിസ് മടക്കര, ജനറൽ സെക്രട്ടറി ത്വൽഹത്ത് തങ്ങൾ കണ്ണപുരം, വൈസ് പ്രസിഡണ്ട് മൊയ്തു കെ, ജോയിൻ സെക്രട്ടറി കാസിം കെ , ട്രഷറർ ഷമീർ ബി പി എന്നിവരെ പ്രതിനിധിസഭ തെരഞ്ഞെടുത്തു.
പരിപാടിയിൽ ജില്ലാ പ്രസിഡന്റ് എസി ജലാലുദ്ദീൻ പോസിറ്റീവ് പൊളിറ്റിക്സ് എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സെടുത്തു. ജില്ലാ കമ്മിറ്റി അംഗം ആഷിക് അമീൻ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.





