Information
HomeNews

പരിയാരത്ത് വർക്ക് ഷോപ്പ് ജീവനക്കാരന്‍റെ 66500 രൂപ തട്ടിയെടുത്തതായി പരാതി.

8 Jul 20211 മിനിറ്റ് വായന
പരിയാരത്ത് വർക്ക് ഷോപ്പ് ജീവനക്കാരന്‍റെ 66500 രൂപ തട്ടിയെടുത്തതായി പരാതി.


ഉത്തര്‍പ്രദേശ് രാംപൂര്‍ സ്വദേശി സക്ളന്‍ റാസ അഹമ്മദിന്‍റെ പണമാണ് നഷ്ടപ്പെട്ടത്. ഗൂഗിള്‍പേ വഴിയാണ് പണം തട്ടിയത്. സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി.

പരിയാരത്തെ എ.എം.ആര്‍ ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പിലെ ജീവനക്കാരനാണ് സക്ളന്‍ റാസ. ഏഴിമല നാവിക അക്കാദമിയിലെ ഓഫിസറാണെന്ന് പറഞ്ഞാണ് ഒരാള്‍ വര്‍ക്ക് ഷോപ്പ് ഉടമ എം രഘുവിനെ ഫോണില്‍ വിളിക്കുന്നത്. വിമാനത്താവളത്തിലേക്ക് പോകേണ്ടതുണ്ടെന്നും അടിയന്തിരമായി കാറിന്‍റെ തകരാര്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. ആ സമയത്ത് രഘു നിലമ്പൂരിലായതിനാല്‍ ജീവനക്കാരന്‍റെ ഫോണ്‍ നമ്പര്‍ വിളിച്ചയാള്‍ക്ക് കൈമാറി. ഉടന്‍ തന്നെ ജീവനക്കാരനായ റാസയെ അജ്ഞാതന്‍ വിളിച്ചു. ഗൂഗിള്‍പേ വഴി നാല്‍പതിനായിരം രൂപ അയക്കാമെന്നും അതില്‍ പതിനായിരം രൂപ കാറുമായി വരുന്നയാളെ ഏല്‍പിക്കണമെന്നും പറഞ്ഞു.

റാസ ഗൂഗിള്‍ പേ നമ്പര്‍ വിളിച്ചയാള്‍ക്ക് കൈമാറി. എന്നാല്‍ നമ്പര്‍ കൊടുത്തശേഷം തന്‍റെ ഫോണ്‍ പ്രവര്‍ത്തിക്കാതെയായെന്നും ഫോണ്‍ ഓഫാക്കി ഓണ്‍ ചെയ്തപ്പോഴാണ് പണം നഷ്ടപ്പെട്ടതായി അറിഞ്ഞതെന്നും റാസ പറഞ്ഞു. ആദ്യം നാല്‍പതിനായിരവും, പിന്നീട് ഇരുപതിനായിരം അവസാനം ആറായിരത്തി അഞ്ഞൂറു എന്നിങ്ങനെയാണ് പണം പിന്‍വലിച്ചത്. സ്വന്തം നാട്ടില്‍ വര്‍ക്ക് ഷോപ്പ് തുടങ്ങുന്നതിനായി സ്വരൂപിച്ചുവച്ച പണമാണ് നഷ്ടപ്പെട്ടത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക