Information
HomeNews

കോവിഡ് മൂന്നാം തരംഗം കുട്ടികളെ അധികമായി ബാധിക്കുമോ? ഡബ്ല്യുഎച്ച്ഒ-എയിംസ് പഠനറിപോര്‍ട്ട്...

19 Jun 20211 മിനിറ്റ് വായന
കോവിഡ് മൂന്നാം തരംഗം കുട്ടികളെ അധികമായി ബാധിക്കുമോ? ഡബ്ല്യുഎച്ച്ഒ-എയിംസ് പഠനറിപോര്‍ട്ട്...

 


ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും (എയിംസ്) സംയുക്തമായി നടത്തിയ പഠനത്തില്‍ കോവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കില്ലെന്ന് റിപോര്‍ട്ട്. കുട്ടികളിലെ സിറോപോസിറ്റിവിറ്റി മുതിര്‍ന്നവരെ അപേക്ഷിച്ച് കൂടുതലാണെന്നാണ് വിദഗ്ധ സംഘം കണ്ടെത്തിയത്.

അഞ്ച് വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നുള്ള 10,000 പേരുടെ സാമ്പിളുകള്‍ ശേഖരിച്ചായിരുന്നു പഠനം. ഇടക്കാല വിശകലനത്തിന്റെ കണ്ടെത്തലുകള്‍ക്കായി നാല് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള 4,500 വ്യക്തികളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചു. അടുത്ത രണ്ട്, മൂന്ന് മാസത്തിനുള്ളില്‍ കൂടുതല്‍ കണ്ടെത്തലുകള്‍ ഉണ്ടയേക്കും.

തെക്കന്‍ ഡല്‍ഹിയിലെ മെട്രോപൊളിറ്റന്‍ മേഖലയിലുള്ള കുട്ടികളില്‍ നിന്നു ശേഖരിച്ച സാംപിളുകളില്‍ 74.7 ശതമാനമായിരുന്നു സിറോപോസിറ്റിവിറ്റി. ഇത് ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും കൂടുതലാണെന്ന് സര്‍വേ നടത്തിയ എയിംസിലെ കമ്യൂണിറ്റി മെഡിസിന്‍ പ്രൊഫസര്‍ ഡോ. പുനീത് മിശ്ര പറഞ്ഞു. രണ്ടാം തരംഗത്തിനു മുമ്പ് ഇവിടെ കുട്ടികളില്‍ 73.9 ശതമാനം ആയിരുന്നു സിറോപോസിറ്റിവിറ്റി. രണ്ടാം തരംഗത്തിനുശേഷം ഡല്‍ഹിയിലെയും പ്രാന്ത പ്രദേശങ്ങളിലെയും സിറോപോസിറ്റിവിറ്റി നിരക്ക് വളരെ കൂടിയെന്നും ഇത് വരാനിടയുള്ള മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുതകുമെന്നും ഡോ. പുനീത് മിശ്ര വ്യക്തമാക്കി.

ഡല്‍ഹിയിലെ തിരക്കേറിയ പ്രദേശങ്ങളിലുള്ള കുട്ടികളില്‍ സിറോപോസിറ്റിവിറ്റി ഇതിനകംതന്നെ ഉയര്‍ന്ന തോതിലായതിനാല്‍ സ്‌കൂളുകള്‍ തുറക്കണമെന്ന നിര്‍ദേശം അപകടകരമായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടാം തരംഗത്തില്‍ ഡല്‍ഹി പ്രാന്തമേഖലയിലെ ഫരീദാബാദില്‍ 59.3 ശതമാനമാണ് സിറോപോസിറ്റിവിറ്റി. മുമ്പത്തെ ദേശീയ സര്‍വേകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ഉയര്‍ന്നതാണ്. ഖരക്പുര്‍ ഗ്രാമീണ മേഖലയില്‍ 2-18 വയസ്സുകാരില്‍ 87.9 ശതമാനമാണ് സിറോപോസിറ്റിവിറ്റി. ഈ നിരക്കുകളെല്ലാം മൂന്നാംതരംഗം വലിയ പ്രശ്‌നമില്ലാത്തതാവുമെന്നാണ് രേഖപ്പെടുത്തുന്നതെന്ന് ഡോ. മിശ്ര പറഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക