Kerala
HomeNews

തടവറയില്‍ നിന്ന് ഫോണില്‍ രചിച്ച് വാട്‌സ്ആപ്പിലൂടെ അയച്ച നോവലിന് 52 ലക്ഷം രൂപയുടെ സാഹിത്യ പുരസ്‌കാരം

4 Feb 20191 മിനിറ്റ് വായന
തടവറയില്‍ നിന്ന് ഫോണില്‍ രചിച്ച് വാട്‌സ്ആപ്പിലൂടെ അയച്ച നോവലിന് 52 ലക്ഷം രൂപയുടെ സാഹിത്യ പുരസ്‌കാരം

തടവുകാരന്‍ തന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാട്‌സ്ആപ്പിലൂടെ എഴുതിയ നോവലിന് ഓസ്‌ട്രേലിയയിലെ പരമോന്നത സാഹിത്യ പുരസ്‌കാരം. ബെഹ്‌റൂസ് ബൂച്ചാനി എന്ന തടവുകാരനാണ് തടവറയില്‍ കിടന്ന് അത്ഭുതം തീര്‍ത്തത്. ബൂച്ചാനി വാട്‌സ്ആപ്പിലൂടെ രചിച്ച നോവലായ നോ ഫ്രണ്ട് ബട്ട് ദ മൗണ്ടെയ്ന്‍സ്: റൈറ്റിംഗ് ഫ്രം മാനൂസ് പ്രിസണ്‍ എന്ന പുസ്തകത്തിനാണ് ഓസ്‌ട്രേലിയിലെ പരമോന്നത സാഹിത്യ പുരസ്‌കാരമായ വിക്‌ടോറിയന്‍ അവാര്‍ഡ് ലഭിച്ചത്.

ഫോണിലെഴുതിയ നോവല്‍ വാട്‌സ്ആപ്പിലൂടെയാണ് ബൂച്ചാനി പുറംലോകത്ത് എത്തിച്ചത്. ഇറാനില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകനായ ബുച്ചാനി ആറ് വര്‍ഷം മുമ്പാണ് അഭയാര്‍ത്ഥി തടവുകാരനായി പാപ്പുവ ന്യു ഗിനി ദ്വീപില്‍ എത്തിയത്. തന്നെ തടവുകാരനാക്കിയ രാജ്യം നല്‍കുന്ന പുരസ്‌കാരം തന്നെ ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് ബൂച്ചാനി പറഞ്ഞു.

പ്രാദേശിക ഭാഷയായ ഫര്‍സിയിലാണ് നോവല്‍ രചിച്ചത്. ഓരോ അധ്യായമായി വാട്‌സ്ആപ്പിലൂടെ ഓസ്‌ട്രേലിയയിലെ പരിഭാഷകന് അയച്ചു കൊടുക്കുകയായിരുന്നു. ദ്വീപിലെ തടവറയില്‍ വച്ച് ജയില്‍ അധികൃതര്‍ തന്റെ ഫോണ്‍ കണ്ടെത്തുമോ എന്ന ആശങ്കയിലാണ് ബുച്ചാനി നോവല്‍ രചന നടത്തിയത്. കുറ്റകൃത്യം ചെയ്യാതെ തടവുകാരായവരാണ് തനിക്ക് ചുറ്റുമെന്നും അവര്‍ക്കായി ഒന്നും ചെയ്യാനാകാത്തതിന്റെ നിരാശയുണ്ടെന്നും ബുച്ചാനി പറഞ്ഞു.

72390 ഡോളറാണ് (52 ലക്ഷം രൂപ) ബുച്ചാനിയ്ക്ക് സമ്മാനത്തുകയായി ലഭിക്കുക. തന്നെപ്പോലെയുള്ള ആയിരക്കണക്കിന് അഭയാര്‍ത്ഥി തടവുകാരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശാന്‍ ഈ നോവല്‍ ഉപകരിക്കുമെന്നാണ് ബുച്ചാനിയുടെ പ്രതീക്ഷ.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക