Information
പഴയങ്ങാടി ലൈവ് സായാഹ്ന വാർത്തകൾ 2019 ഒക്ടോബർ 28..
28 Oct 20195 മിനിറ്റ് വായന

🌀പാലക്കാട് വനമേഖലയായ അഗളിയിലെ മേലെ മഞ്ചിക്കണ്ടിയില്‍ മൂന്നു മാവോയിസ്റ്റുകളെ തണ്ടര്‍ബോള്‍ട്ട് പോലീസ് വെടിവച്ചു കൊന്നു. ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതെന്നാണു റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
🌀വാളയാര്‍ പീഡനക്കേസില്‍ പുനരന്വേഷണമോ സിബിഐ അന്വേഷണമോ ആകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. തുടര്‍ന്നു നടത്തിക്കൊണ്ടുപോകാനാകാതെ സഭ ഇന്നത്തേക്കു പിരിഞ്ഞു. പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയത്. കേസില്‍ മനുഷ്യത്വപരമായ സമീപനമുണ്ടാകുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
🌀സംസ്ഥാനത്തെ വ്യാപാരശാലകള്‍ നാളെ അടച്ചിടും. വ്യാപാരികള്‍ കളക്ടറേറ്റുകളിലേക്കു മാര്‍ച്ചു നടത്തും. വാറ്റ് കുടിശിക ആരോപിച്ച് വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ വ്യാപാരികളെ വേട്ടയാടുന്നതു നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടാണ് കടകള്‍ അടച്ചിട്ടു സമരം നടത്തുന്നത്. ഹോട്ടലുകളും തുറക്കില്ല. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണു കടയടപ്പു സമരം.
🌀കരമന കാലടി സ്വത്ത് തട്ടിപ്പ് കേസില്‍ മുന്‍ കളക്ടര്‍ മോഹന്‍ദാസ് അടക്കം 12 പ്രതികള്‍. കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ ഒന്നാം പ്രതി. മറ്റൊരു കാര്യസ്ഥന്‍ സഹദേവന്‍ രണ്ടാം പ്രതിയും മുന്‍ കളക്ടര്‍ മോഹന്‍ദാസ് പത്താം പ്രതിയുമാണ്. മുന്‍ കളക്ടര്‍ മോഹന്‍ദാസിന്റെ ഭാര്യക്കു സ്വത്തു വിഹിതം ലഭിച്ചതായി ആരോപണമുണ്ടായിരുന്നു. ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടു പ്രകാരമാണ് കേസെടുത്തത്. മാനസിക ബുദ്ധിമുട്ടുള്ള ജയമാധവന്‍നായരെ കബളിപ്പിച്ച് 33 സെന്റ് സ്ഥലവും വീടും സ്വന്തമാക്കിയെന്നാണ് കേസ്.
🌀പളളിത്തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം മാര്‍ത്തോമാ ചെറിയ പളളിയ്ക്കു മുന്നില്‍ സംഘര്‍ഷം. പള്ളിയില്‍ പ്രവേശിക്കാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ തോമസ് പോള്‍ റമ്പാന്റെ നേതൃത്വത്തില്‍ വൈദികരും വിശ്വാസികളും പള്ളിയുടെ മുമ്പിലെത്തി. യാക്കോബായ വിഭാഗം അവരെ അകത്തേക്കു പ്രവേശിപ്പിക്കാതെ തടഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ആയിരത്തിയഞ്ഞുറോളം പൊലീസുകാരെ പ്രദേശത്തു വിന്യസിച്ചിട്ടുണ്ട്.
🌀ഇടുക്കിയില്‍ യുഡിഎഫ് ഹര്‍ത്താല്‍. ഭൂവിനിയോഗ ബില്ലിനെതിരേയാണു ഹര്‍ത്താല്‍.
🌀സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിദഗ്ധ ചികില്‍സയ്ക്ക് അമേരിക്കയിലെ ഹൂസ്റ്റണിലേക്കു തിരിച്ചു.
🌀നിയമസഭയിലെ പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. കോന്നിയില്‍നിന്നു വിജയിച്ച കെ.യു. ജനീഷ് കുമാര്‍, മഞ്ചേശ്വരത്തുനിന്ന് ജയിച്ച എം.സി. ഖമറുദ്ദീന്‍, വട്ടിയൂര്‍ക്കാവില്‍ നിന്നുള്ള വി.കെ. പ്രശാന്ത്, അരൂരില്‍നിന്നുള്ള ഷാനിമോള്‍ ഉസ്മാന്‍, എറണാകുളത്തെ ടി.ജെ. വിനോദ് എന്നിവരാണു സത്യപ്രതിജ്ഞ ചെയ്തത്. മുസ്ലിംലീഗ് എംഎല്‍എയായ എം.സി. ഖമറുദ്ദീന്‍ കന്നഡയിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
🌀വാളയാര്‍ കേസിനെച്ചൊല്ലി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ്, ബിജെപി പ്രതിഷേധങ്ങള്‍. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലേക്കു മഹിളാ കോണ്‍ഗ്രസ്, വനിതാ മോര്‍ച്ച സംഘടനകളുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ചു നടത്തി. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പാലക്കാട് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരുന്നു സമരം. പാലക്കാട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഓഫീസിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി.
🌀വാളയാര്‍ കേസ് അട്ടിമറിച്ചത് മന്ത്രി എ.കെ. ബാലനാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. മന്ത്രിയുടെ അനുയായികളാണു കേസിലെ പ്രതികൾ. പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുമെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.
🌀വര്‍ക്കലയില്‍ ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കു പോലീസ് ഇരച്ചുകയറി വിദ്യാര്‍ഥികളെ മര്‍ദിച്ചു. പ്ലസ് ടു വിദ്യാര്‍ഥി സുധീഷിനു പരിക്കേറ്റു. ദീപാവലി ആഘോഷത്തിന്റെ പേരില്‍ പടക്കം പൊട്ടിച്ചതിന് പ്രിന്‍സിപ്പല്‍ പോലീസിന്റെ സഹായം തേടി. സുധീഷിനെ പോലീസ് നിലത്തിട്ടു ചവിട്ടി. ദൃശ്യങ്ങള്‍ പുറത്ത്.
🌀പി.എസ്. ശ്രീധരന്‍ പിള്ള ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് ഇന്നു രാജിവയ്ക്കും. മിസോറാം ഗവര്‍ണറായി ചുമതലയേല്‍ക്കുന്നതിനാണ് പാര്‍ട്ടി അംഗത്വം രാജിവക്കുന്നത്. നവംബര്‍ അഞ്ചിനോ ആറിനോ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യുമെന്നും ശ്രീധരന്‍ പിള്ള അറിയിച്ചു.
🌀സൗജന്യ നിരക്കില്‍ വിമാന ടിക്കറ്റ് തരപ്പെടുത്തുന്നതിനായി ആധാര്‍ കാര്‍ഡില്‍ കാമുകിയെ 'സഹോദരി'യാക്കി മാറ്റിയ വിമാന ജീവനക്കാരനും കാമുകിയും ഒടുവില്‍ ജയിലിലായി. ഇന്‍ഡിഗോ ജീവനക്കാരനായ ഭുവനേശ്വര്‍ സ്വദേശി രാഗേഷ് (31), പെണ്‍ സുഹൃത്ത് ഒഡിഷ സ്വദേശിനി രസ്മിത ബരാല (24) എന്നിവരാണ് പിടിക്കപ്പെട്ട് ജയിലിലായത്.
🌀കൂടത്തായിയില്‍ ഷാജുവിന്റെയും മരിച്ച സിലിയുടേയും മകള്‍ ആല്‍ഫൈന്റെ മരണത്തിനും ജോളിയെ അറസ്റ്റു ചെയ്തു. ഈ കേസിലെ ചോദ്യം ചെയ്യലിനുള്ള കസ്റ്റഡി അപേക്ഷ പൊലീസ് നാളെ താമരശേരി കോടതിയില്‍ സമര്‍പ്പിക്കും.
🌀ഉപതെരഞ്ഞെടുപ്പ് നടന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ വോട്ടുചോര്‍ത്തല്‍ ആര്‍എസ്എസില്‍ ചര്‍ച്ചയാകുന്നു. സംഘവുമായി മുമ്പ് അടുപ്പമുണ്ടായിരുന്ന ഒരാളുടെ സഹായത്തോടെ ഒരുവിഭാഗത്തിന്റെ വോട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.കെ. പ്രശാന്തിനു കിട്ടിയെന്നാണ് ചര്‍ച്ച.
കുമ്മനം രാജശേഖരനെ സ്ഥാനാര്‍ഥിയാക്കാത്തതിലെ അമര്‍ഷവും സാമുദായികസംഘടനകളുടെ നിലപാടുകളോടുള്ള പ്രതിഷേധവുമാണ് വോട്ടു മറിക്കാന്‍ കാരണം.
കുമ്മനം രാജശേഖരനെ സ്ഥാനാര്‍ഥിയാക്കാത്തതിലെ അമര്‍ഷവും സാമുദായികസംഘടനകളുടെ നിലപാടുകളോടുള്ള പ്രതിഷേധവുമാണ് വോട്ടു മറിക്കാന്‍ കാരണം.
🌀പാലാരിവട്ടം പാലം കേസില്‍ പ്രതികള്‍ക്കു ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍. മന്ത്രി ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ടു ചെയ്യാനുള്ള അപേക്ഷ സര്‍ക്കാരിന്റെ പരിഗണനയിലാണ്. പ്രതികളെ ജാമ്യത്തില്‍വിട്ടാല്‍ ഗൂഡാലോചന നടത്തി കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടൈന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.
🌀കൊച്ചിയില്‍ മേയര്‍ സൗമിനി ജയിന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി. അക്രമാസക്തരായ പ്രവര്‍ത്തകര്‍ പോലീസിന്റെ ബാരിക്കേഡുകള്‍ മറിച്ചിട്ടു.
🌀മഞ്ചേരിയില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ നടി നൂറിന്‍ ഷെരീഫിനെതിരേ കൈയേറ്റം. ബഹളത്തില്‍ ജനങ്ങളുടെ കൈ തട്ടി മൂക്കിനു പരിക്കേറ്റു. ഒടുവില്‍ വേദന കടിച്ചുപിടിച്ചാണ് നൂറിന്‍ ഉദ്ഘാടനത്തിന് എത്തിയ ജനക്കൂട്ടത്തോട് സംസാരിച്ചത്. വൈകീട്ട് നാലു മണിക്കുള്ള ഉദ്ഘാടന ചടങ്ങിനു നാലുമണിക്കുതന്നെ നടി എത്തിയിരുന്നെങ്കിലും ആറുമണിവരെ സംഘാടകര്‍ ഹോട്ടലില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടു. ആറു മണിക്കു സ്ഥലത്ത് എത്തിയപ്പോഴേക്കും കാത്തിരുന്നു ക്ഷുഭിതരായ ജനം കാറില്‍ ഇടിക്കുകയും ഉന്തും തള്ളും സൃഷ്ടിക്കുകയുമായിരുന്നു. ഇതിനിടയിലാണു നടിയുടെ മൂക്കിന് ഇടിയേറ്റത്.
🌀മഹാരാഷ്ട്രയില്‍ അധികാരം പങ്കിടുന്നതിനെ ചൊല്ലി ശിവസേനയും ബിജെപിയും തമ്മിലുള്ള തര്‍ക്കം കൂടുതല്‍ രൂക്ഷമാകുന്നു. ഇരു പാര്‍ട്ടികളുടേയും നേതാക്കള്‍ ഇന്ന് ഗവര്‍ണറെ പ്രത്യേകം പ്രത്യേകമായി സന്ദര്‍ശിച്ചു. ദിവാകര്‍ റാവുത്തിന്റെ നേതൃത്വത്തിലാണു ശിവസേന നേതാക്കള്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരിയെ കാണാനെത്തിയത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലാണ് ബിജെപി നേതാക്കള്‍ ഗവര്‍ണറെ കാണ്ടത്. രണ്ടര വര്‍ഷം മുഖ്യമന്ത്രിപദം വേണമെന്നാണ് ശിവസേനയുടെ ആവശ്യം.
🌀ഉന്നാവോ പീഡനക്കേസിലെ പ്രതിയും ബിജെപിയില്‍നിന്നു പുറത്താക്കപ്പെട്ട എംഎല്‍എയുമായ കുല്‍ദീപ് സിംഗ് സെംഗാറിനും സഹോദരനും പരോള്‍ ലഭിച്ചു. കഴിഞ്ഞ ദിവസം മരിച്ച മറ്റൊരു സഹോദരന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ 72 മണിക്കൂര്‍ പരോളാണ് ഇവര്‍ക്ക് അനുവദിച്ചത്.
🌀കഴിഞ്ഞ വര്‍ഷം ഘര്‍വാപസിയിലൂടെ 25,000 മുസ്ലിങ്ങളും ക്രിസ്ത്യാനികളും തിരികെ ഹിന്ദുമതത്തിലേക്ക് വന്നെന്ന് വിഎച്ച്പി ജനറല്‍ സെക്രട്ടറി മിലിന്ദ് പരാന്ദെ. ഇതരമതങ്ങളിലേക്കു പോയവരെ തിരിച്ചുകൊണ്ടുവരാനുള്ള ഘര്‍വാപസി മുന്നേറ്റം രാജ്യത്തുടനീളം നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
🌀തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ കുഞ്ഞിനെ രക്ഷിക്കാനുള്ള ദൗത്യം ദുഷ്‌കരമാവുന്നു. വീണ് 65 മണിക്കൂര്‍ പിന്നിടുമ്പോള്‍ കുട്ടിക്ക് ചലനമില്ല. സമാന്തരമായി കുഴിയെടുത്ത് കുഞ്ഞിന്റെ അടുത്ത് എത്താനുള്ള ശ്രമങ്ങളാണ് തുടരുന്നത്. പാറ തുരക്കാന്‍ പെട്രോളിയം ഖനനത്തിനുള്ള യന്ത്രങ്ങള്‍ കൊണ്ടുവന്നാണ് സമാന്തരമായി കുഴിയെടുക്കുന്നത്.
🌀പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പാക്കിസ്ഥാന്‍ വീണ്ടും വ്യോമപാത നിഷേധിച്ചതിനെതിരേ ഇന്ത്യ അന്താരാഷ്ട്ര വ്യോമയാന സംഘടനയെ സമീപിക്കും. സൗദി അറേബ്യയിലേക്കു പോകാനായി വ്യോമപാത ഉപയോഗിക്കുന്നതിനുള്ള ഇന്ത്യയുടെ അപേക്ഷ പാക്കിസ്ഥാന്‍ നിരസിച്ചിരുന്നു.
🌀മെക്സികോ നഗരത്തിനു സമീപം നാല്‍പതിലധികം തലയോട്ടികളും അസ്ഥികളും. മയക്കുമരുന്ന് വ്യാപാരികളുടെ ഗൂഢസങ്കേതങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെത്തിയത്. ഗ്ലാസ് ഭരണിയില്‍ സൂക്ഷിച്ച നിലയില്‍ ഒരു ഭ്രൂണവും കണ്ടെത്തിയിട്ടുണ്ട്. ബലിപീഠത്തിനരികിലായി സൂക്ഷിച്ച നിലയിലാണ് തലയോട്ടികള്‍ കണ്ടെത്തിയത്. ബലിപീഠത്തിന് പിറകിലായി തലയില്‍ കൊമ്പുകളോടു കൂടിയ മുഖം മൂടി കൊണ്ടലങ്കരിച്ച നിലയില്‍ ഒരു കുരിശ് സ്ഥാപിച്ചിരുന്നു. സാത്താന്‍ സേവക്കാരുടെ താവളമായിരുന്നെന്നു സംശയിക്കുന്നു.
🌀സംസ്ഥാന സ്‌കൂള്‍ ഗെയിംസിന് തൃശൂരില്‍ തുടക്കം. ബാഡ്മിന്റണ്‍, ജൂഡോ, അനീന്തല്‍, വെയ്റ്റ് ലിഫ്റ്റിംഗ് മല്‍സരങ്ങളാണു തൃശൂരില്‍ നടക്കുന്നത്.
🌀ഗോ എയര്‍ മാലിയിലേക്കുള്ള ശൈത്യകാല ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ ഒന്ന് മുതല്‍ മുംബൈ, ഡല്‍ഹി, ബംഗളുരു എന്നിവിടങ്ങളുമായി ബന്ധിപ്പിച്ചാണ് സര്‍വീസ് നടത്തുക. ശൈത്യകാല ഷെഡ്യൂളില്‍ ഏറ്റഴും കുറഞ്ഞ റിട്ടേണ്‍ നിരക്കായ 9999 രൂപയാണ് ഗോ എയര്‍ വാഗ്ദാനം ചെയ്യുന്നത്. ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
🌀ഐശ്വര്യ ലക്ഷ്മിയുടെ തമിഴ് അരങ്ങേറ്റ ചിത്രമായ 'ആക്ഷന്റെ' ട്രെയ്ലര്‍ പുറത്ത്. വിശാല്‍ നായകനായെത്തുന്ന ചിത്രത്തില്‍ തമന്നയും നായികാ വേഷത്തിലെത്തുന്നുണ്ട്. ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ കേണല്‍ സുഭാഷ് എന്ന കഥാപാത്രമായാണ് വിശാല്‍ എത്തുന്നത്. ആക്ഷന്‍ റിലീസ് ചെയ്യുന്നതിന് മുന്നേ ധനുഷിനൊപ്പം ഐശ്വര്യയുടെ രണ്ടാമത്തെ ചിത്രവും ആരംഭിച്ചു.
🌀ഡാന്‍സ് മാസ്റ്റര്‍ ബ്രിന്ദ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ശോഭനയും സുരേഷ് ഗോപിയും വീണ്ടും ഒരുമിച്ചെത്തുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രം നിര്‍മിക്കുന്നതും ദുല്‍ഖറാണ്.
🌀ഇന്ത്യന്‍ വിപണിയിലെത്തി മൂന്ന് മാസം കൊണ്ട് പുതിയ എക്‌സ് 7 ന്റെ എല്ലാ മോഡലുകളും വിറ്റഴിച്ച് ബി എം ഡബ്യു. 98.90 ലക്ഷം രൂപയാണ് മോഡലിന്റെ എക്‌സ് ഷോറും വില. എന്നാല്‍, ബുക്കിങ് കഴിഞ്ഞ ദിവസം കമ്പനി വീണ്ടും ആരംഭിച്ചു.രണ്ട് വേരിയന്റുകളിലാണ് വാഹനം വിപണിയിലെത്തിയിരിക്കുന്നത്.
🌀ഗാനങ്ങളെ കവിതകളാക്കുകയും കാവ്യകലയെ സംഗീതത്തോടടുപ്പിക്കുകയും ചെയ്ത മലയാളത്തിന്റെ പ്രിയകവി വയലാര്‍ രാമവര്‍മ്മയുടെ അനശ്വര ഗാനങ്ങളെക്കുറിച്ചുള്ള ആസ്വാദന പഠനങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. 'ആയിരം പാദസരങ്ങള്‍'. ടി.പി. ശാസ്തമംഗലം. ഡിസി ബുക്‌സ. വില 399 രൂപ.
🌀ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദിവസവും കുറഞ്ഞത് 14 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഒരു ഗ്ലാസ് ചെറുചൂടുവെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് ഉന്മേഷത്തോടെയിരിക്കാന്‍ സഹായിക്കുന്നു. വെള്ളം കുടിക്കുന്നത് ശരീരത്തിലെ അമിത കൊഴുപ്പ് കളയാന്‍ ഗുണം ചെയ്യും. പ്രഭാതഭക്ഷണത്തില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നത് അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കും. ഒരു ദിവസം 20 അല്ലെങ്കില്‍ 30 ഗ്രാം പ്രോട്ടീന്‍ ശരീരത്തിന് ആവശ്യമാണ്. പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരഭാരം വളരെ പെട്ടെന്ന് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ കഴിക്കുന്നത് എപ്പോഴും വയറ് നിറഞ്ഞതായി തോന്നിപ്പിക്കും. അത് കൊണ്ട് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനും സഹായിക്കും. ബ്രേക്ക്ഫാസ്റ്റില്‍ ചെറുപയര്‍, മുട്ട, പനീര്‍, യോര്‍ഗാര്‍ട്ട്, ഉരുളക്കിഴങ്ങ് എന്നിവ ഉള്‍പ്പെടുത്താം.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ - 70.82, പൗണ്ട് - 90.83, യൂറോ - 78.54, സ്വിസ് ഫ്രാങ്ക് - 71.21, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 48.30, ബഹറിന്‍ ദിനാര്‍ - 187.89, കുവൈത്ത് ദിനാര്‍ - 233.19, ഒമാനി റിയാല്‍ - 183.92, സൗദി റിയാല്‍ - 18.88, യു.എ.ഇ ദിര്‍ഹം - 19.28, ഖത്തര്‍ റിയാല്‍ - 19.45, കനേഡിയന്‍ ഡോളര്‍ - 54.19.
ഡോളര്‍ - 70.82, പൗണ്ട് - 90.83, യൂറോ - 78.54, സ്വിസ് ഫ്രാങ്ക് - 71.21, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 48.30, ബഹറിന്‍ ദിനാര്‍ - 187.89, കുവൈത്ത് ദിനാര്‍ - 233.19, ഒമാനി റിയാല്‍ - 183.92, സൗദി റിയാല്‍ - 18.88, യു.എ.ഇ ദിര്‍ഹം - 19.28, ഖത്തര്‍ റിയാല്‍ - 19.45, കനേഡിയന്‍ ഡോളര്‍ - 54.19.





