Information
HomeNews

പഴയങ്ങാടി ലൈവ് സായാഹ്ന വാർത്തകൾ 2019 ഒക്ടോബർ 27....

27 Oct 20194 മിനിറ്റ് വായന
പഴയങ്ങാടി ലൈവ് സായാഹ്ന വാർത്തകൾ 2019 ഒക്ടോബർ 27....

🌀 പിലാത്തറയിൽ ഓട്ടോയും ബസും കൂട്ടി ഇടിച്ച് ഡ്രൈവറും യാത്രക്കാരനും ഉൾപ്പടെ 2 പേർക്ക് പരിക്ക്. കണ്ണൂർ Gov. മെഡിക്കൽ കോളേജിന്റെ ബസ്സ് ആണ് ഓട്ടോയിൽ ഇടിച്ചത്. ഓട്ടോ ഹൈവേലേക്ക് കടക്കുമ്പോളായിരുന്നു സംഭവം.

🌀 ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടു?  യുഎസ് സൈനികാക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്നാണു വിവരം. ഒരു വലിയ സംഭവം നടന്നിരിക്കുന്നു എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.

🌀അയോധ്യ കേസില്‍ അലഹബാദ് ഹൈക്കോടതി 2010 ല്‍ വിധി പ്രസ്താവിക്കുന്നതിനു മുമ്പ് ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ മുതലെടുപ്പിനു ശ്രമിച്ചെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. വിധി വന്നപ്പോള്‍ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. കോടതിവിധിയെ എല്ലാവരും മാനിക്കുകയാണു ചെയ്തത്. മന്‍ കി ബാത്തിലാണ് അയോധ്യ കേസില്‍ സുപ്രീം കോടതിയുടെ വിധി വരാനിരിക്കേ പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്.

🌀കേരളത്തിനും ലക്ഷദ്വീപിനും ഇടയില്‍ അറബിക്കടലില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദം രൂപപ്പെടുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരുംദിവസങ്ങളില്‍ കാറ്റ് ശക്തിപ്പെടും. ഇടിമിന്നലോടെ കനത്തമഴയ്ക്കും സാധ്യത.

🌀കൊല്ലത്ത് നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അഞ്ചല്‍ പനച്ചിവിള സ്വദേശി ഹാരിസ് അറസ്റ്റിലായി. മുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയെ വീടിനകത്തേക്ക് എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചെന്നാണു കേസ്. കുട്ടി അസ്വസ്ഥ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണു വിവരം പുറത്തറിഞ്ഞത്.

Payangadi Live Online

🌀തെളിവില്ലാത്തതിനാല്‍ കോടതി പ്രതികളെ വെറുതെവിട്ട വാളയാര്‍ കേസില്‍ ഇനി പുനരന്വേഷണമോ അപ്പീലോ പ്രയോജനപ്പെടില്ലെന്നു പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ. പോലീസ് സംഘം ചേര്‍ന്ന് തെളിവുകളെല്ലാം നശിപ്പിച്ചതിനാല്‍ ഇനി ഒരു പ്രയോജനവുമില്ലെന്ന് അവര്‍ പറഞ്ഞു.

🌀വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ രക്ഷിക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസിനും പ്രോസിക്യൂഷനും ഗുരുതര വീഴ്ചയുണ്ടായി. സര്‍ക്കാരിനും ഇതില്‍ പങ്കുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രതികള്‍ക്ക് ഉയര്‍ന്ന ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

🌀കേരളത്തിന് ആവശ്യമില്ലാത്ത ബിജെപി നേതാക്കളെ തള്ളാനുള്ള കുപ്പത്തൊട്ടിയാക്കി മിസോറാമിനെ മാറ്റിയെന്ന് മിസോറാമിലെ കോണ്‍ഗ്രസും മിസോ വിദ്യാര്‍ഥി സംഘടനയായ മിസോ സിര്‍ലായ് പോളും ആരോപിച്ചു. പി.എസ്. ശ്രീധരന്‍പിള്ളയെ മിസോറം ഗവര്‍ണറായി നിയമിച്ചതിലൂടെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ അവഹേളിക്കുകയാണെന്നാണ് ആക്ഷേപം.

🌀ദീപാവലിയോടനുബന്ധിച്ചുള്ള മുഹൂര്‍ത്ത വ്യാപാരം ഇന്നു വൈകുന്നേരം 6.15 മുതല്‍ ഒരു മണിക്കൂര്‍. വില ഉയരുമെന്ന പ്രതീക്ഷയില്‍ ഓഹരി വിപണി.

🌀അമേരിക്കയിലെ നോര്‍ത്ത് കരോളിനയില്‍ വാഹനാപകടത്തില്‍ മലയാളികളായ അമ്മയും മകനും മരിച്ചു. ജൂലി ഏബ്രഹാം (41), മകന്‍ നിക്കോളാസ് (6) എന്നിവരാണു മരിച്ചത്. ജൂലിയുടെ ഭര്‍ത്താവ് ഡെന്നീസ് ഉള്‍പ്പെടെ രണ്ടു പേര്‍ക്കു പരിക്ക്.

Payangadi Live Online

🌀ഹരിയാനയില്‍ ബിജെപി നേതാവ് മനോഹര്‍ ലാല്‍ ഖട്ടര്‍ ഇന്നു മുഖ്യമന്ത്രിയായി രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്യും.

🌀റിസര്‍വ് ബാങ്ക് കരുതല്‍ സ്വര്‍ണം വിറ്റെന്ന് റിപ്പോര്‍ട്ട്. ഇല്ലെന്നു റിസര്‍വ് ബാങ്കിന്റെ തിരുത്തും. 115 കോടി ഡോളറിന്റെ കരുതല്‍ സ്വര്‍ണം വിറ്റെന്നാണ് ആരോപണം. 510 കോടി ഡോളറിന്റെ സ്വര്‍ണം വാങ്ങുകയും ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് 1.76 ലക്ഷം കോടി രൂപ കൈമാറാനാണ് സ്വര്‍ണം വിറ്റതെന്ന് സാമ്പത്തിക  വിദഗ്ധര്‍. 26.8 ബില്യണ്‍ ഡോളറിന്റെ മൂല്യമുള്ള സ്വര്‍ണമാണ് ഇനി റിസര്‍വിലുള്ളത്.

🌀തിരുച്ചിറപ്പിള്ളിയില്‍ കുഴല്‍കിണറില്‍ കുടുങ്ങിയ കുഞ്ഞിനെ പുറത്തെടുക്കാന്‍ ശ്രമം തുടരുന്നതിനിടെ അമ്മ കലൈറാണി തുണിസഞ്ചി തുന്നിക്കൊടുത്തു. പുലര്‍ച്ചെ അഞ്ചരയ്ക്കു രക്ഷാപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതിനുസരിച്ചാണ് കുഞ്ഞിനെ പൊക്കിയെടുക്കാനുള്ള സഞ്ചി തയാറാക്കിയത്. രണ്ടര വയസുകാരന്‍ സുജിത്തിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് കുടുംബവും ജനങ്ങളും. കണ്ണടയ്ക്കല്ലേ, തളരല്ലേ എന്ന് തുരങ്കത്തിലൂടെ അമ്മയും അച്ഛനും ഇടക്കിടെ വിളിച്ചു പറയുന്നുണ്ട്.

🌀ഡല്‍ഹിയില്‍ ഇറക്കുമതി ചെയ്യുന്ന വിദേശനിര്‍മിത മദ്യത്തിന്റെ വില കുറയും. 20 മുതല്‍ 25 വരെ ശതമാനമാണ് കുറവുണ്ടാകുക. ഡല്‍ഹി സര്‍ക്കാര്‍ എക്സൈസ് നയം ഉദാരമാക്കിയതോടെയാണ് വില കുറയുന്നത്.

🌀ലാറ്റിനമേരിക്കന്‍ രാജ്യമായ ചിലിയില്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനോറ മന്ത്രസഭയിലെ എല്ലാവരേയും പുറത്താക്കി. പുതിയ മന്ത്രിസഭ ഇന്നോ നാളെയോ രൂപീകരിച്ചേക്കും. സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കണമെന്നും പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനോറ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമായിരിക്കേയാണ് മന്ത്രിസഭ പിരിച്ചുവിട്ടത്.

🌀തൊണ്ണൂറുകളില്‍ ഓസ്‌ട്രേലിയയെ ഭീതിയിലാഴ്ത്തിയ ബാക്ക്പാക്കര്‍ കില്ലര്‍ ഇവാന്‍ മിലറ്റ് (74) മരിച്ചു. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്നു.

🌀ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി-20യില്‍ ഓസീസിന്‌ 134 റൺസിന്റെ വിജയം.  56 പന്തില്‍ പുറത്താകാതെ സെഞ്ചുറി നേടിയ ഓപ്പണർ ഡേവിഡ് വാര്‍ണറുടെ  മികവില്‍ ഓസ്ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സ് അടിച്ചു. എട്ടു ഫോറും മൂന്നു സിക്സും അടങ്ങുന്നതായിരുന്നു വാര്‍ണറുടെ ഇന്നിംഗ്സ്. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കക്ക്‌ 20 ഓവറിൽ 9 വിക്കറ്റ്‌ നഷ്‌ടത്തിൽ 99 റൺസെടുക്കാനെ സാധിച്ചുള്ളു.

Payangadi Live Online

🌀ഇന്ത്യയുടെ സാത്വിക് സായ്രാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സ് ഫൈനലില്‍. എട്ടാം റാങ്കുകാരായ ജപ്പാനീസ് ജോഡിയെ അട്ടിമറിച്ചാണ് ഇന്ത്യന്‍ കൂട്ടുകെട്ടിന്റെ കുതിപ്പ്.

🌀സംവത് 2075  അവസാനിച്ചപ്പോള്‍ ഓഹരികളേക്കാള്‍ നേട്ടം സ്വര്‍ണത്തിനും വെള്ളിക്കും.  ഇരട്ടി നേട്ടമുണ്ടായി സ്വര്‍ണത്തിന്. മൂന്നു വര്‍ഷത്തിനു ശേഷമാണു സ്വര്‍ണം ഓഹരികളെ മറികടന്നത്. സ്വര്‍ണവില 21 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. എംസിഎക്‌സില്‍ സ്വര്‍ണവില കഴിഞ്ഞ ദീപാവലിക്ക് 31,700 നടുത്തായിരുന്നു. ഇത്തവണ 38,570 രൂപ. നേട്ടം 21.6 ശതമാനം. വെള്ളിയും സമാന നേട്ടമുണ്ടാക്കി. 38,205 രൂപയില്‍ നിന്ന് 46,775 രൂപയിലെത്തി. 22.4 ശതമാനം നേട്ടം.

🌀ഐസിഐസിഐ ബാങ്കിനു ത്രൈമാസ ലാഭത്തില്‍ വന്‍ ഇടിവ്. സെപ്റ്റംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ അറ്റാദായം 28 ശതമാനം കുറഞ്ഞു. 655 കോടി രൂപയാണു ത്രൈമാസത്തെ അറ്റാദായം. കഴിഞ്ഞ വര്‍ഷം ഇതേ ത്രൈമാസത്തില്‍ 909 കോടി രൂപ ഉണ്ടായിരുന്നു.

🌀മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടി അഹാന കൃഷ്ണന്റെ സഹോദരി ഇഷാനി കൃഷ്ണ. മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി എത്തുന്ന ചിത്രം 'വണ്ണി'ലാണ് ഇഷാനി എത്തുക. ചിത്രത്തില്‍ കടക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി വേഷമിടുന്നത്. നടന്‍ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകളാണ് ഇഷാനി.

🌀സുരേഷ് ഗോപിയെ നായകനാക്കി നിഥിന്‍ രഞ്ജിപണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. കാവല്‍ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ഹൈറേഞ്ച് പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രം ഒരു ആക്ഷന്‍ ഫാമിലി ഡ്രാമ ആയിട്ടാണ് ഒരുങ്ങുന്നത്.  ശ്രദ്ധേയമായ വേഷത്തില്‍ ലാലും എത്തുന്നുണ്ട്.

🌀ദീപാവലിക്ക് രണ്ടുദിവസം മുമ്പുള്ള 'ധന്‍തെരാസ്' ദിനത്തില്‍ 600 കാറുകള്‍ വിറ്റഴിച്ച് ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്സിഡസ്. മെഴ്സിഡസിന്റെ ഏറ്റവും പുതിയ മോഡലായ ജിഎല്‍ഇ 3 ആണ് വിപണിയിലെത്തിക്കുന്നതിന് മൂന്ന് മാസം മുമ്പ് കമ്പനി ഉപയോക്താക്കള്‍ക്ക് കൈമാറിയിരിക്കുന്നത്. ദില്ലി എന്‍സിആര്‍ മേഖലയില്‍ ഉള്‍പ്പെടുന്ന ഗാസിയാബാദ്, നോയിഡ, ദില്ലി, ഫരീദാബാദ്, ഗുരുഗ്രാം എന്നിവടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റത്.

Payangadi Live Online

🌀ആടുകള്‍ പ്രശ്‌നമുണ്ടാക്കാത്തവയും നിരുപദ്രവകാരികളും അതിലുപരി ചുറുചുറുക്കുള്ളവയുമാണ്. കഥയ്ക്ക് ഒരൊഴുക്കുണ്ടായിരിക്കണം. അതുകൊണ്ടാണ് വെള്ളാടിനെക്കുറിച്ചെഴുതാം എന്ന് തീരുമാനിച്ചത്. 'പൂനാച്ചി അഥവാ ഒരു വെള്ളാടിന്റെ കഥ'. പെരുമാള്‍ മുരുകന്‍. കേരള ബുക് സ്റ്റോര്‍. വില 237 രൂപ.

🌀ദിവസവും ഒരു മുട്ട വീതം കഴിക്കുന്നത് ഹൃദയത്തിന് പ്രശ്നങ്ങളുണ്ടാക്കില്ലെന്ന് മാത്രമല്ല ഏതാണ്ട് 18 ശതമാനത്തോളം ഹൃദ്രോഗ സാധ്യതകളെ ഇല്ലാതാക്കുകയും ചെയ്യുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 'ഹാര്‍ട്ട്' എന്ന ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് ഇക്കാര്യം പറയുന്നത്. ഹൃദയത്തിന്റെ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് പാലക്ക് ചീര. ഹൃദയത്തിന് മാത്രമല്ല ശരീരഭാരം കുറയ്ക്കുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നതിനും പാലക്ക് ചീര കഴിക്കുന്നത് ഗുണം ചെയ്യും. രക്തസമ്മര്‍ദം കുറയ്ക്കുകയും ധമനികള്‍ക്ക് സംരക്ഷണമേകുകയും ഹൃദ്രോഗം വരാതെ കാക്കുകയും ചെയ്യും. ബെറിപ്പഴങ്ങള്‍ എല്ലാം തന്നെ ഹൃദയത്തിന് വളരെ നല്ലതാണ്. സ്‌ട്രോബെറി, ബ്ലൂബെറി എന്നിവ കഴിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാം. ഫൈബറും ആന്റിഓക്‌സിഡന്റുകളും ശരിയായ അളവില്‍ അടങ്ങിയിട്ടുള്ള പഴങ്ങളാണ് സ്‌ട്രോബെറി, ബ്ലൂബെറി എന്നിവ.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക