Information
HomeNews

പഴയങ്ങാടി ലൈവ് സായാഹ്ന വാർത്തകൾ 2019 ഒക്ടോബർ 26..

26 Oct 20196 മിനിറ്റ് വായന
പഴയങ്ങാടി ലൈവ് സായാഹ്ന വാർത്തകൾ 2019 ഒക്ടോബർ 26..

🌀കനത്ത കാറ്റിലും മഴയിലും കണ്ണൂർ നഗരത്തിൽ ബസ് ഷെൽട്ടർ തകർന്നു വീണു കണ്ണൂർ എസ് ബി ഐ ബാങ്കിന് സമീപത്തെ ബസ് ഷെൽട്ടറാണ് തകർന്നു വീണത്, ആളപായം ഇല്ല

🌀പയ്യന്നൂർ നിയന്ത്രണം തെറ്റിയ ബസ് കടയിൽ ഇടിച്ചു കയറി കടയുടെ മുൻഭാഗം തകർന്നു  കടയുടെ മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾക്കു കേട്പാട് പറ്റുകയും ചെയ്‌തു
ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം
പയ്യന്നൂർ ബസ്റ്റാന്റിൽ എത്തിയ ബാലൻ ബസാണ് അപകടത്തിൽ പെട്ടത്  പയ്യന്നൂർ പഴയ ബസ്സ്റ്റാൻഡിൽ സ്ഥിതി ചെയ്യുന്ന പെരുമാൾ മെറ്റൽ കടയുടെ മുൻഭാഗം സംഭവത്തിൽ തകർന്നു.

🌀നവോദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആൻഡ് ഗ്രന്ഥാലയം മംഗലശേരിയും ഡിടിപിസിയും സംയുക്ത ആഭിമുഖ്യത്തിൽ കുപ്പം – മംഗലശേരി പുഴയിൽ നടത്താനിരുന്ന അഞ്ചാമത് മലബാർ ജലോത്സവം നവംബർ മുന്നിലേക്ക് മാറ്റി. പ്രതികൂല കാലാവസ്ഥയും സർക്കാർ ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ള നിർദ്ദേശവും കണക്കിലെടുത്താണ് നാളെ നടത്താനിരുന്ന വള്ളംകളി മാറ്റിവെക്കുന്നത്.

🌀തിരുവനന്തപുരത്തെ കരമനയിലും കൂടത്തായി മോഡല്‍ കൂട്ടക്കൊലപാതകങ്ങള്‍. ഒരു കുടുംബത്തിലെ ഏഴു പേര്‍ മരിച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ബന്ധുക്കള്‍ നല്‍കിയ പരാതി അന്വേഷിക്കുമെന്നു ഡിജിപി ലോക്‌നാഥ് ബഹറ. കാര്യസ്ഥന്‍ സ്വത്തു തട്ടിയെടുത്തെന്നാണ് ആരോപണം. പോലീസ് കേസെടുത്തിട്ടുണ്ട്.

Payangadi live Online

🌀താനൂരില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖിനെ കൊലപ്പെടുത്തിയതു രാഷ്ട്രീയ പ്രതികാരമെന്നു പോലീസ്. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് കൊലപാതകത്തില്‍ പങ്കില്ലെന്ന സൂചനയാണു പോലീസ് നല്‍കുന്നത്. കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒന്നാംപ്രതി മുഹീസ്, മസൂദ്, താഹ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ മൂവരും സിപിഎം പ്രവര്‍ത്തകരാണ്. മൂന്നു പേരെക്കൂടി പിടികൂടാനുണ്ട്.

🌀മധ്യകിഴക്കന്‍ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായിമാറി. 'ക്യാര്‍' എന്നു പേരിട്ട ഈ കാറ്റ് കേരളത്തിലേക്കു വരില്ലെങ്കിലും ചിലയിടങ്ങളില്‍ കനത്തമഴയ്ക്കു സാധ്യത.

🌀പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. സിബിഐ അന്വേഷണം വേണ്ടെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും. കേസിന്റെ ഫയലുകളും തെളിവുകളും സിബിഐക്കു കൈമാറാത്തതിനെതിരേ കുടുംബം സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.

🌀തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം ത്രിശങ്കുവിലായി. വട്ടിയൂര്‍ക്കാവിലെ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ വി.കെ. പ്രശാന്ത് മേയര്‍ സ്ഥാനം രാജിവച്ചു. കേവല ഭൂരിപക്ഷമില്ലാതെയാണ് സിപിഎം ഇവിടെ ഭരിച്ചിരുന്നത്. നൂറ് അംഗങ്ങളുള്ള കൗണ്‍സിലില്‍ സിപിഎമ്മിന് 43 അംഗങ്ങളാണുള്ളത്. ബിജെപിക്ക് 35 അംഗങ്ങളും കോണ്‍ഗ്രസിന് 21 പേരുമുണ്ട്. ഒരു സ്വതന്ത്രനുമുണ്ട്. സ്വതന്ത്രനെ മേയറാക്കാനുള്ള ചര്‍ച്ചകളാണു കോണ്‍ഗ്രസ് ക്യാമ്പില്‍.

🌀നാളെ ദീപാവലി. മധുരപലഹാരങ്ങള്‍ കൈമാറിയും ആശംസകള്‍ നേര്‍ന്നും ആഘോഷങ്ങള്‍ക്കു തുടക്കമായി. പടക്കവും കരിമരുന്നിനങ്ങളും ഉപയോഗിക്കുന്നതിനു നിയന്ത്രണം വേണമെന്നു ഡല്‍ഹി സര്‍ക്കാരിന്റെ മുന്നറിയിപ്പ്. അന്തരീക്ഷ മലിനീകരണംമൂലമാണ് നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ടത്.

🌀മുംബൈയിലെ രണ്ടു ലക്ഷത്തോളം അനധികൃത നിര്‍മാണങ്ങള്‍ സംബന്ധിച്ച കേസ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചില്‍. അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കണമെന്ന മുംബൈ ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കാത്ത മഹാരാഷ്ട്ര സര്‍ക്കാരിനെതിരായ കേസാണിത്.  പ്രാരംഭവാദം കേട്ട ചീഫ് ജസ്റ്റീസ് എതിര്‍കക്ഷികള്‍ക്കു നോട്ടീസ് അയച്ചു. മരട് വിഷയത്തില്‍ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്നു ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഉത്തരവിട്ടിരിക്കേയാണ് മുംബൈ കേസ് കോടതി പരിഗണിക്കുന്നത്.

🌀ഹരിയാന മുഖ്യമന്ത്രിയായി രണ്ടാം തവണ മനോഹര്‍ ലാല്‍ ഖട്ടാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും.
ബിജെപി നിയമസഭാ കക്ഷി നേതാവായി ഖട്ടാറിനെ തെരഞ്ഞെടുത്തു. യോഗത്തിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിച്ച് ഖട്ടാര്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു. ഉപമുഖ്യമന്ത്രിയായി ജെജെപി നേതാവ് ദുഷ്യന്ത് ചൗതാലയും നാളെ സത്യപ്രതിജ്ഞ ചെയ്‌തേക്കും.

🌀കാസര്‍കോട് ചീമേനി തുറന്ന ജയിലില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി ടി.കെ. സുബുവാണു മരിച്ചത്.

Payangadi live Online

🌀റിസര്‍വ് ബാങ്ക് ഗോഹട്ടി ജനറല്‍ മാനേജര്‍ ഒഡീഷ നരഹരിപൂര്‍ സ്വദേശി ആശിഷ് രഞ്ജന്‍ ഹോട്ടല്‍മുറിയില്‍ ജീവനൊടുക്കിയ നിലയില്‍. 

🌀കോന്നിയിലെ പരാജയത്തിനു പ്രധാന കാരണം പത്തനംതിട്ട ഡിസിസിക്കുണ്ടായ വീഴ്ചയാണെന്ന് അടൂര്‍ പ്രകാശ് എംപി. മതവും ജാതിയും മറ്റ ഘടകങ്ങളൊന്നും പരിഗണിക്കാതെയാണ് താന്‍ റോബിന്‍ പീറ്ററുടെ പേരു നിര്‍ദേശിച്ചത്. എന്നാല്‍ പിന്നീട് പാര്‍ട്ടി മോഹന്‍രാജിനെ നിര്‍ത്താന്‍ തീരുമാനിച്ചപ്പോള്‍ താന്‍ അത് പൂര്‍ണമായി അംഗീകരിച്ചു. തോല്‍വി സംബന്ധിച്ച് തനിക്ക് ഒരുപാടു കാര്യങ്ങള്‍ പാര്‍ട്ടി വേദിയില്‍ പറയാനുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

🌀പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിനു വീഴ്ച പറ്റിയെന്ന അടൂര്‍ പ്രകാശിന്റെ ആരോപണം ശരിയല്ലെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്. കെപിസിസിയാണു സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. പ്രചാരണത്തിനു തെരഞ്ഞെടുപ്പു കമ്മിറ്റിയാണു മേല്‍നോട്ടം വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.

🌀കോന്നിയിലേയും വട്ടിയൂര്‍ക്കാവിലേയും തോല്‍വിയെ കോണ്‍ഗ്രസ് ഗൗരവമായി വിലയിരുത്തണമെന്ന് മുസ്ലിംലീഗ് നിയമസഭാ കക്ഷിനേതാവ് എംകെ മുനീര്‍. സ്ഥാനാര്‍ഥികളെ ഏകകണ്ഠമായി തീരുമാനിക്കാന്‍ കഴിയണം. മുനീര്‍ ആവശ്യപ്പെട്ടു.

🌀എറണാകുളം സീറ്റില്‍ ഭൂരിപക്ഷം കുറഞ്ഞതിന്റേയും കൊച്ചിയുടെ വികസനത്തിന്റേയും ഉത്തരവാദിത്വം മേയര്‍ക്കു മാത്രമല്ല, എംപി അടക്കമുള്ള എല്ലാവര്‍ക്കുമുണ്ടെന്നു കൊച്ചി മേയര്‍ സൗമിനി ജയിന്‍. നേട്ടങ്ങള്‍ മാത്രം സ്വന്തം പേരിലാക്കി മേനിചമഞ്ഞു നടന്നാല്‍ പോരെന്നും സൗമിനി ഓര്‍മിപ്പിച്ചു.

🌀ബ്രഹ്മപുരം മലിനീകരണ നിയന്ത്രണ സംവിധാനങ്ങളിലുള്ള പാളിച്ചകള്‍ക്കു കൊച്ചി കോര്‍പറേഷനു പത്തു കോടി രൂപ പിഴ ചുമത്തി. മലിനീകരണ നിയന്ത്രണ ബോര്‍ഡാണു പിഴ ചുമത്തിയത്. ദേശീയ ഹരിത ട്രൈബ്യൂണല്‍ നേരത്തെ ഒരു കോടി രൂപ പിഴ ചുമത്തിയിരുന്നു.

🌀തങ്ങളടിക്കുന്ന ഗോളുകള്‍ തടുക്കാന്‍ ശക്തിയുള്ള ഒരു യുവനിര പ്രതിപക്ഷത്ത് കാണാന്‍ സാധ്യതയില്ലെന്നു ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍. കളി ഞങ്ങള്‍ തുടങ്ങിയിട്ടേയുള്ളൂ. ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ കെല്‍പ്പുള്ള ഒരുപാടു പേര്‍ പാര്‍ട്ടിയിലുണ്ട്. ഉചിതമായ സമയത്ത് പാര്‍ട്ടിക്ക് പുതിയ അധ്യക്ഷന്‍ വരും. അധികാരത്തിന്റെ തണലിലിരുന്നുകൊണ്ടാണ് ഇരുമുന്നണികളും ഞങ്ങളെ കല്ലെറിഞ്ഞിട്ടുള്ളതെന്നും അവര്‍ പറഞ്ഞു.

🌀പുതിയ സംസ്ഥാന അധ്യക്ഷനെ പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്നും അധ്യക്ഷസ്ഥാനം ഏറ്റെടുക്കാനാവശ്യപ്പെട്ടാല്‍ സ്വീകരിക്കുമെന്നും കുമ്മനം രാജശേഖരന്‍. പാര്‍ട്ടി ആവശ്യപ്പെടുന്നത് അനുസരിക്കാന്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും ബാധ്യസ്ഥരാണെന്നും കുമ്മനം രാജശേഖരന്‍.

🌀കൂടത്തായി കൊലപാതകപരമ്പരയുടെ ചുരുളഴിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് റൂറല്‍ എസ്പിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി. ഈ കേസിനു തുടക്കം കുറിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച റൂറല്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി കെ. ഇസ്മയില്‍, രണ്ടുമാസം നിശബ്ദമായ അന്വേഷണം നടത്തിയ അഡീഷണല്‍ എസ്പി സുബ്രഹ്മണ്യന്‍, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍. ഹരിദാസന്‍, എസ്‌ഐ ജീവന്‍ ജോര്‍ജ് തുടങ്ങി 15 പേര്‍ക്കാണ് എസ്പി ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കിയത്.

🌀സര്‍ക്കാര്‍ഭൂമി അനധികൃതമായി കൈവശംവച്ച ആരാധനാലയങ്ങള്‍, വായനശാലകള്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍, ശ്മശാനങ്ങള്‍ എന്നിവയ്ക്ക് അത്യാവശ്യത്തിനുള്ള ഭൂമിമാത്രം പതിച്ചുനല്‍കി ബാക്കി സര്‍ക്കാര്‍ ഏറ്റെടുക്കും. കാലപ്പഴക്കമനുസരിച്ച് സ്ലാബ് തിരിച്ചു പണം ഈടാക്കിയായിരിക്കും ഭൂമി വിട്ടുനല്‍കുക. ഇങ്ങനെ നല്‍കുന്ന ഭൂമി പിന്നീട് മറ്റാവശ്യത്തിനായി ഉപയോഗിക്കരുതെന്ന് വ്യവസ്ഥ ചെയ്യും.

🌀ഒന്നരവര്‍ഷം മുമ്പ് അച്ഛനെ കൊന്നതു താനാണെന്നു ബൈക്ക് മോഷണത്തിനു പിടിയിലായ യുവാവിന്റെ വെളിപ്പെടുത്തല്‍. യുവാവിനെ ചോദ്യംചെയ്യുന്നതിനിടെയാണ് പോലീസിനോട് വെളിപ്പെടുത്തല്‍. ചാലക്കുടി
കൊന്നക്കുഴി സ്വദേശി കുന്നുമ്മല്‍ ബാലുവാണ് അച്ഛന്‍ ബാബു തന്റെ അടിയേറ്റാണ് മരിച്ചതെന്ന് പറഞ്ഞത്.

Payangadi live Online

🌀തമിഴ്നാട് തിരുച്ചിറപ്പള്ളി നടുകാട്ടുപ്പെട്ടിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസുകാരന്‍ സുജിത്തിനെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമം തുടരുന്നു. 25 അടി താഴ്ചയിലായിരുന്ന കുട്ടി രക്ഷാപ്രവര്‍ത്തനത്തിനിടെ 68 അടി താഴ്ചയിലേക്കു പോയി. ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം.

🌀ഹരിയാനയില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയതില്‍ പ്രതിഷേധിച്ച് ജനനായക് ജനതാ പാര്‍ട്ടിയില്‍ നിന്ന് മുന്‍ ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവ് രാജിവെച്ചു. ജവാന്മാര്‍ക്കു മോശം ഭക്ഷണമാണെന്നു സാമൂഹ്യമാധ്യമങ്ങളിലൂടെ പറഞ്ഞതിനു ബിഎസ്എഫ് പുറത്താക്കിയ തേജ് ബഹാദൂര്‍ ബിജെപിയുടെ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനെതിരെ മത്സരിച്ചെങ്കിലും തോറ്റു.

🌀രഹസ്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയ ആണ്‍സുഹൃത്തിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് പത്തൊമ്പതുകാരിയുടെ പ്രതികാരം. അലീഗഡിലെ ജീവന്‍ഗഡിലാണു സംഭവം. പെണ്‍കുട്ടിയെ പോലീസ് അറസ്റ്റു ചെയ്തു.

🌀അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു. ജനവാസ മേഖലകളിലേക്കു തീ പടരുമെന്ന് ആശങ്കയുള്ളതിനാല്‍ അമ്പതിനായിരത്തോളം പേരെ മാറ്റി പാര്‍പ്പിച്ചു. 

🌀വിരമിക്കുന്നതു സംബന്ധിച്ച തീരുമാനം ബാഹ്യസമ്മര്‍ദ്ദങ്ങളില്ലാതെ എം.എസ്. ധോണി  തന്നെ എടുക്കുമെന്നു പരിശീലകന്‍ രവി ശാസ്ത്രി. സ്വന്തം ഷൂസിന്റെ ലേസ് പോലും കെട്ടാന്‍ അറിയാത്തവരാണ് ധോണിയെ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

🌀ഓഹരി നിക്ഷേപകര്‍ക്ക് മോശമല്ലാത്ത നേട്ടം സമ്മാനിച്ചുകൊണ്ട് ഹിന്ദു കലണ്ടര്‍ വര്‍ഷമായ 'സംവത് 2075'-ന് സമാപ്തിയായി. സംവത് 2075-ന്റെ അവസാന വ്യാപാര ദിനമായ വെള്ളിയാഴ്ച ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 37.67 പോയിന്റ് നേട്ടത്തോടെ 39,058.06-ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 1.30 പോയിന്റ് ഉയര്‍ന്ന് 11,583.90-ലും വ്യാപാരം വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ദീപാവലി മുതല്‍ ഈ വര്‍ഷം ദീപാവലി വരെയുള്ള കാലയളവാണ് സംവത് 2075.

🌀ഉത്സവ വിലക്കിഴിവിന്റെ ഭാഗമായി ഷവോമി വിറ്റത് അഞ്ച് ലക്ഷത്തിലേറെ ടെലിവിഷന്‍ സെറ്റുകള്‍. ഓണ്‍ലൈന്‍, ഓഫ്ലൈന്‍ സ്റ്റോറികുളിലൂടെയാണിത്. നവരാത്രി മുതല്‍ 24 ദിവസം നീണ്ട ഉത്സവ വില്പനയിലാണ് കമ്പനി ഇത്രയും ടെലിവിഷനുകള്‍ വിറ്റത്.

🌀തൃഷ നായികയായി ഒരുങ്ങുന്ന ത്രില്ലര്‍ ചിത്രമാണ് ഗര്‍ജനൈ. സുന്ദര്‍ ബാലുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മധുവെന്ന കഥാപാത്രമായിട്ടാണ് ഗര്‍ജനൈയില്‍ തൃഷ അഭിനയിക്കുന്നത്.  ഗര്‍ജനൈയില്‍ തൃഷയ്‌ക്കൊപ്പം വംശി കൃഷ്ണയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.

Payangadi Live Online

🌀സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ ആണ് പീറ്റര്‍ സാജന്‍ എഴുതി സംവിധാനം ചെയ്ത ഒരു കടത്ത് നാടന്‍ കഥയിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഉമ്മയുടെ ഓപ്പറേഷനുള്ള പണം കണ്ടെത്താന്‍ പലവഴി തിരഞ്ഞു നടക്കുന്ന യുവാവ് ഒടുവില്‍ ഹവാല പണമിടപാടില്‍ പെടുന്നതും പോലീസ് പിടിയിലാകാതെ തന്നെ ലക്ഷ്യം സാധൂകരിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.

🌀ഈ സാമ്പത്തിക വര്‍ഷം ആദ്യ പകുതിയിലെ ഇരുചക്ര വില്‍പനയില്‍ ഒന്നാമനായി ഹോണ്ടയുടെ ആക്ടീവ സ്‌കൂട്ടര്‍. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 14 ലക്ഷത്തോളം (13,93,256) അക്ടീവ യൂണിറ്റാണ് ഹോണ്ട വിറ്റഴിച്ചത്. 2001 മുതല്‍ ഇന്ത്യന്‍ നിരത്തിലുള്ള ആക്ടീവയുടെ 2.20 കോടി യൂണിറ്റുകള്‍ ഇതുവരെ ഹോണ്ട വിറ്റഴിച്ചിട്ടുണ്ട്.

🌀അറബ് ജനതയുടെ ജീവിതം തീവ്രമായി അതേസമയം രസകരമായി അനുഭവിപ്പിക്കുന്ന കഥകളുടെ സമാഹാരം. യു.എ.ഇയിലെ പ്രശസ്തനായ അറബി എഴുത്തുകാരന്‍ മുഹമ്മദ് അല്‍മുറിന്റെ കഥാലോകത്തുനിന്നും തിരഞ്ഞെടുത്ത പത്തു കഥകള്‍. 'മൊണാലിസയുടെ കണ്ണുചിമ്മല്‍'. പരിഭാഷ: അഹമദ് മൂന്നാംകൈ. മാതൃഭൂമി ബുക്‌സ്. വില 117 രൂപ.

🌀നെല്ലിക്ക പോഷകഗുണങ്ങളുടെയും ഔഷധമൂല്യങ്ങളുടെയും ഒരു വലിയ കലവറയാണ്. ജീവകം സി ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള ഒരു ഫലമാണ് നെല്ലിക്ക. ജീവകം സി യുടെ അംശം ഓറഞ്ചിലുള്ളതിനെക്കാള്‍ ഇരുപത് ഇരട്ടി കൂടുതലാണ് നെല്ലിക്കയില്‍. ജീവകം ബി, ഇരുമ്പ്, കാത്സ്യം എന്നിവയും നെല്ലിക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. നെല്ലിക്കയിലെ ഗാലിക് ആസിഡ്, ഗലോട്ടാനിന്‍, എലജിക് ആസിഡ്, കോറിലാജിന്‍ എന്നിവ പ്രമേഹത്തെ തടയാന്‍ ഉത്തമമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും. രാവിലെ വെറുംവയറ്റില്‍ നെല്ലിക്ക ജ്യൂസില്‍ തേന്‍ ചേര്‍ത്ത് കുടിച്ചാല്‍ മലബന്ധ പ്രശ്‌നം തടയാം. ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പ്രതിവിധിയാണ് നെല്ലിക്ക ജ്യൂസ്. മുടികൊഴിച്ചിലിന് ഫലപ്രദമായ ഔഷധമാണ് നെല്ലിക്ക. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറച്ച് എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ ഉയര്‍ത്താന്‍ സഹായിക്കുന്നു. പിഎച്ച് ലെവല്‍ നിയന്ത്രിക്കാനും നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ - 70.84, പൗണ്ട് - 90.87, യൂറോ - 78.49, സ്വിസ് ഫ്രാങ്ക് - 71.23, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 48.33, ബഹറിന്‍ ദിനാര്‍ - 187.91, കുവൈത്ത് ദിനാര്‍ - 233.25, ഒമാനി റിയാല്‍ - 184.02, സൗദി റിയാല്‍ - 18.89, യു.എ.ഇ ദിര്‍ഹം - 19.29, ഖത്തര്‍ റിയാല്‍ - 19.46, കനേഡിയന്‍ ഡോളര്‍ - 54.24.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക