Information
എഫ്.സി.ഐ മെഗാ റിക്രൂട്ട്‌മെന്റ്: വിവിധ തസ്തികകളിലായി 4103 ഒഴിവുകള്‍..
20 Feb 20192 മിനിറ്റ് വായന

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വിവിധ തസ്തികകളിലായി 4103 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയർ എൻജിനീയർ (സിവിൽ/ ഇലക്ട്രിക്കൽ/ മെക്കാനിക്കൽ), അസിസ്റ്റന്റ് ഗ്രേഡ് II (ഹിന്ദി), സ്റ്റെനോ ഗ്രേഡ് II, ടൈപ്പിസ്റ്റ് (ഹിന്ദി), അസിസ്റ്റന്റ് ഗ്രേഡ് III (ജനറൽ/ അക്കൗണ്ട്സ്/ ടെക്നിക്കൽ/ ഡിപ്പോ) എന്നീ തസ്തികകളിലാണ് ഒഴിവ്. ഉദ്യോഗാർഥികൾക്ക് //fci.gov.inഎന്ന വെബ്സൈറ്റിൽ ഫെബ്രുവരി 23 മുതൽ മാർച്ച് 25 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്..
നോർത്ത് സോൺ -1999, സൗത്ത് സോൺ - 540, ഈസ്റ്റ് സോൺ -538, വെസ്റ്റ് സോൺ -735, നോർത്ത് ഈസ്റ്റ് സോൺ -291 എന്നിങ്ങനെയാണ് വിവിധ സോണുകളിലെ ഒഴിവ്. ഉദ്യോഗാർഥികൾ ഇതിൽ ഏതെങ്കിലും ഒരു സോണിലേക്ക് അപേക്ഷിക്കാവുന്നതാണ്. സൗത്ത് സോണിലാണ് കേരളം ഉൾപ്പെടുന്നത്.
തസ്തികയും യോഗ്യതയും പ്രായപരിധിയും
1) ജൂനിയർ എൻജിനീയർ (സിവിൽ):സിവിൽ എൻജിനീയറിങ്ങിൽ ബിരുദം/ ഡിപ്ലോമയും ഒരുവർഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി: 28 വയസ്.
2) ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ മെക്കാനിക്കൽ):ഇലക്ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം/ ഡിപ്ലോമ. ഡിപ്ലോമക്കാർക്ക് ഒരുവർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി: 28 വയസ്.
3) സ്റ്റെനോ ഗ്രേഡ് II:ബിരുദം, DOEACC ഒ ലെവൽ, ടൈപ്പിങ്ങിൽ മിനിറ്റിൽ 40 വാക്കും ഷോർട്ട് ഹാൻഡിൽ മിനിറ്റിൽ 80 വാക്കും വേഗം. അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദവും ടൈപ്പിങ്ങിൽ മിനിറ്റിൽ 40 വാക്കും ഷോർട്ട് ഹാൻഡിൽ മിനിറ്റിൽ 80 വാക്കും വേഗം വേണം. പ്രായപരിധി: 25 വയസ്.
4) അസിസ്റ്റന്റ് ഗ്രേഡ് II (ഹിന്ദി):ഹിന്ദിയിൽ ബിരുദം, ഇംഗ്ലീഷ് പരിജ്ഞാനം, ഇംഗ്ലീഷിൽനിന്ന് ഹിന്ദിയിലേക്കും തിരിച്ചുമുള്ള വിവർത്തനത്തിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയം. ഹിന്ദിയിൽ ബിരുദാനന്തര ബിരുദം അഭിലഷണീയം. പ്രായപരിധി: 28 വയസ്.
5) ടൈപ്പിസ്റ്റ് (ഹിന്ദി):ബിരുദം/ തത്തുല്യം, ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്ക് വേഗം, ഇംഗ്ലീഷിലും ഹിന്ദിയിലും ടൈപ്പിങ് അറിയുന്നവർക്ക് മുൻഗണന. പ്രായപരിധി: 25 വയസ്.
6) അസിസ്റ്റന്റ് ഗ്രേഡ് III (ജനറൽ):ഏതെങ്കിലും വിഷയത്തിൽ ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം. പ്രായപരിധി: 27 വയസ്.
7) അസിസ്റ്റന്റ് ഗ്രേഡ് III (അക്കൗണ്ട്സ്):കൊമേഴ്സ് ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം. പ്രായപരിധി: 27 വയസ്.
8) അസിസ്റ്റന്റ് ഗ്രേഡ് III (ടെക്നിക്കൽ):അഗ്രികൾച്ചർ/ ബോട്ടണി/ സുവോളജി/ ബയോടെക്നോളജി/ ബയോകെമിസ്ട്രി/ മൈക്രോബയോളജി/ ഫുഡ് സയൻസ് ബിരുദം അല്ലെങ്കിൽ ഫുഡ് സയൻസ്/ ഫുഡ് സയൻസ് ആൻഡ് ടെക്നോളജി/ അഗ്രികൾച്ചറൽ എൻജിനീയറിങ്/ ബയോടെക്നോളജിയിൽ ബി.ഇ./ ബി.ടെക്. പ്രായപരിധി: 27 വയസ്.
9) അസിസ്റ്റന്റ് ഗ്രേഡ് III (ഡിപ്പോ):ഏതെങ്കിലും വിഷയത്തിൽ ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം. പ്രായപരിധി: 27 വയസ്.
വയസ്സിളവ്: എസ്.സി., എസ്.ടി.ക്കാർക്ക് അഞ്ചുവർഷവും ഒ.ബി.സി.ക്കാർക്ക് മൂന്നുവർഷവും അംഗപരിമിതർക്ക് ചുരുങ്ങിയത് 10 വർഷവും വിമുക്തഭടർക്ക് നിയമാനുസൃതവും ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും. വിധവകൾ/ വിവാഹമോചിതരായ വനിതകൾ എന്നിവർക്കും വയസ്സിളവുണ്ട്.
തിരഞ്ഞെടുപ്പ്: രണ്ടുഘട്ടങ്ങളിലായി പരീക്ഷയുണ്ടാകും. ആദ്യഘട്ടപരീക്ഷ എല്ലാ തസ്തികയ്ക്കും പൊതുവായിട്ടായിരിക്കും. ഒബ്ജെക്ടീവ് രീതിയിലായിരിക്കും ചോദ്യങ്ങൾ. നെഗറ്റീവ് മാർക്കുണ്ട്. രണ്ടാംഘട്ട പരീക്ഷയുടെ വിശദ സിലബസ് വെബ്സൈറ്റിൽ ലഭിക്കും.
കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവയാണ് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ. രണ്ടാംഘട്ട പരീക്ഷയ്ക്ക് കൊച്ചി മാത്രമായിരിക്കും കേരളത്തിലെ കേന്ദ്രം.
അപേക്ഷാഫീസ്:500 രൂപ. എസ്.സി., എസ്.ടി., അംഗപരിമിതർ, വിമുക്തഭടർ, വനിതകൾ എന്നിവർക്ക് ഫീസില്ല. ഫീസ് ഓൺലൈനായി അടയ്ക്കണം. ഇതിനുള്ള ലിങ്ക് വെബ്സൈറ്റിൽ ലഭിക്കും.
തസ്തിക തിരിച്ചുള്ള ഒഴിവും മറ്റ് വിശദവിവരങ്ങളും വെബ്സൈറ്റിൽ(//fci.gov.in) ലഭ്യമാണ്.





