India
HomeNews

ഓരോ സീനിലും രോമാഞ്ചം, ദൃശ്യവിസ്‌മയമെന്നത് ഏറ്റവും കുറഞ്ഞ വിശേഷണം, കാന്താര-ചാപ്റ്റർ 1

2 Oct 20252 മിനിറ്റ് വായന
ഓരോ സീനിലും രോമാഞ്ചം, ദൃശ്യവിസ്‌മയമെന്നത് ഏറ്റവും കുറഞ്ഞ വിശേഷണം, കാന്താര-ചാപ്റ്റർ 1


പല ബിഗ് ബജറ്റ് ചിത്രങ്ങളും പുറത്തിറങ്ങുമ്പോൾ, അത് വിജയിച്ച ഏതെങ്കിലും സിനിമകളുടെ തുടർച്ചയാവുമ്പോൾ പ്രേക്ഷകരിൽ ഉണ്ടാക്കുന്നത് വലിയ പ്രതീക്ഷകളാണ്. പക്ഷേ, ആ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ അവയിൽ പലതിനും സാധിക്കാറുമില്ല. ഇപ്പറഞ്ഞതിന് ഒരപവാദമാണ് ഋഷഭ് ഷെട്ടി തിരക്കഥയും സംവിധാനവും നിർവഹിച്ച് നായകനായി എത്തിയ കാന്താര : ചാപ്റ്റർ 1-എ ലെജൻഡ്. ഹൈപ്പിനൊത്ത് എന്നല്ല, ഹൈപ്പിനും അപ്പുറം എന്നാണ് ചിത്രത്തേക്കുറിച്ച് പ്രാഥമികമായി പറയേണ്ടത്. കാന്താര എന്ന ആദ്യ ചിത്രത്തിന്റെ ചുവടുപിടിച്ച് ഋഷഭ് ഷെട്ടി ഒരുക്കിയ ദൃശ്യവിസ്‌മയമാണ് ചാപ്റ്റർ 1.


ബാംഗ്ര എന്ന സമ്പന്ന നാട്ടുരാജ്യം. പല യുദ്ധങ്ങൾ ജയിച്ചിട്ടുണ്ടെങ്കിലും അവർക്ക് എത്തിപ്പിടിക്കാനാവാത്ത ഒന്നേ ഉണ്ടായിരുന്നുള്ളൂ. കാന്താര എന്ന് അന്നാട്ടുകാർ ഭയത്തോടെ വിശേഷിപ്പിക്കുന്ന ഘോരവനവും അവിടത്തെ അമൂല്യമായ സമ്പത്തും ദൈവികശക്തിയും. കാന്താരയെ സ്വന്തമാക്കാൻ ശ്രമിച്ചവർക്കെല്ലാം പരാജയം മാത്രമേ ഉണ്ടായിട്ടുള്ളൂ. പുറംലോകവുമായി ബന്ധപ്പെടാതെ കഴിയുന്ന ഒരു ജനവിഭാഗമാണ് ഇവിടെയുള്ളത്. ഇവിടെനിന്നുള്ള ഒരു സംഘം ആളുകൾക്ക് ഒരു പ്രത്യേക സാഹചര്യത്തിൽ കാടുവിട്ട് ബാംഗ്രയിലേക്ക് പ്രവേശിക്കേണ്ടിവരുന്നു. തുടർന്ന് നടക്കുന്ന സംഘർഷഭരിതമായ സംഭവവികാസങ്ങളാണ് കാന്താര: ചാപ്റ്റർ 1-എ ലെജൻഡ്.

ഒരുതരത്തിൽ നോക്കിയാൽ പരിസ്ഥിതിക്ക് നേരെയുള്ള ആക്രമണങ്ങളും അതിനെ ചെറുക്കാനുള്ള ശ്രമങ്ങളുമാണ് ചിത്രമെന്ന് കാണാനാവും. ബർമ എന്ന യുവാവിന്റെ കാടിന്റെ സംരക്ഷകനായ നേതാവിലേക്കുള്ള പരിണാമവും ചിത്രം കാണിച്ചുതരുന്നു. നേതാവിൽനിന്ന് വിപ്ലവകാരിയിലേക്കും സംരക്ഷകൻ എന്ന തലത്തിലേക്കും ബർമ എന്ന കഥാപാത്രം ഉയരുന്നുണ്ട്. കഴിഞ്ഞ ചിത്രവുമായി ചിത്രത്തിനുള്ള പ്രാഥമികമായ ബന്ധം കാന്താര എന്ന കാടും അതുമായി ബന്ധപ്പെട്ടുകിടക്കുന്ന വിശ്വാസങ്ങളുമാണ്. ആദ്യഭാഗം കാണാത്തവർക്കും ആസ്വദിക്കാവുന്ന തരത്തിലാണ് ഋഷഭ് ഷെട്ടിയും കൂട്ടരും ഈ പതിപ്പ് ഒരുക്കിയിരിക്കുന്നത്.

അഭിനേതാക്കളുടെ പ്രകടനത്തിലേക്ക് വരുന്നതിന് മുൻപ് ചിത്രത്തിന്റെ സാങ്കേതികപ്രവർത്തകരെപ്പറ്റി പറയണം. അവർക്ക് നിറഞ്ഞ കയ്യടി നൽകിക്കൊണ്ട് ഛായാഗ്രഹണം മുതൽ പറഞ്ഞുതുടങ്ങാം. ആദ്യഭാഗം പകർത്തിയ അരവിന്ദ് കശ്യപ് തന്നെയാണ് ഇത്തവണയും ക്യാമറ കൈകാര്യം ചെയ്‌തിരിക്കുന്നത്. കഥ നടക്കുന്ന കാടിനുള്ളിലേക്ക് പ്രേക്ഷകനേയും കൂട്ടിക്കൊണ്ടുപോവുന്ന രീതിയിലാണ് ക്യാമറ ചെയ്തിരിക്കുന്നത്. ആദ്യഭാഗത്തേക്കാൾ ഇരട്ടി ഇംപാക്ട് ഉണ്ടാക്കുന്നുണ്ട് ഓരോ രംഗവും. ബംഗ്ലാൻ്റെ പ്രൊഡക്ഷൻ ഡിസൈനിങ്ങും കയ്യടി അർഹിക്കുന്നു. ബാംഗ്ര എന്ന നാട്ടുരാജ്യവും കാന്താര എന്ന കാടും അവയുടെ എല്ലാ പ്രൗഢിയോടുകൂടി ആസ്വാദകന്റെ മുന്നിൽ എത്തിക്കുന്നതിൽ ചില്ലറ അധ്വാനമൊന്നും ആയിരിക്കില്ല അദ്ദേഹവും ടീമും നടത്തിയിരിക്കുക. അജനീഷ് ലോക്‌നാഥ്‌ തന്നെയാണ് സംഗീതവിഭാഗവും. കാന്താര എന്ന് കേൾക്കുമ്പോൾ ഒരു സിനിമാ പ്രേമിയുടെ മനസിലേക്ക് വരുന്ന ചില രംഗങ്ങളുണ്ട്. അവയുടെ അങ്ങേയറ്റമാണ് പശ്ചാത്തലസംഗീതത്തിലൂടെ അജനീഷ് ചെയ്തുവെച്ചിരിക്കുന്നത്. റാംലക്ഷ്മൺ, അർജുൻ രാജ്, മഹേഷ് മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരുക്കിയ സംഘട്ടന രംഗങ്ങളും പാൻ ഇന്ത്യൻ-ഫാന്റസി ചിത്രത്തിന് യോജിക്കുന്നതായിരുന്നു.ഗ്രാഫിക്സ് രംഗങ്ങളും കണ്ട് അമ്പരന്നുനിൽക്കാം.

ഇനി താരപ്രകടനങ്ങളിലേക്ക്. സംവിധായകനായും നായകനായും നിറഞ്ഞാടുകയാണ് ഋഷഭ് ഷെട്ടി. ആദ്യഭാഗത്തിന്റെ ക്ലൈമാക്സിൽ പ്രേക്ഷകർ കണ്ട് ഞെട്ടിയതെന്താണോ അതിന്റെ ഇരട്ടിയിലേറെയാണ് ചില രംഗങ്ങളിൽക്കൂടി അദ്ദേഹം നൽകിയിരിക്കുന്നത്. ചില രംഗങ്ങൾ കണ്ടാൽ ഈ രംഗങ്ങളെല്ലാം എങ്ങനെയാണ് ഒരാൾ ചിന്തിച്ചുകൂട്ടി തിരക്കഥയായി എഴുതി വെയ്ക്കുക എന്നും തോന്നും. മറ്റുചില രംഗങ്ങൾ കണ്ടാൽ ചിത്രത്തിന്റെ ആദ്യഭാഗം എത്ര ചെറിയ സിനിമയാണെന്നും തോന്നും. ഒരു നായകനടൻ തന്നെ സംവിധായകനായാൽ ചെയ്യാൻ പറ്റുന്നതിന്റെ ഏറ്റവും അങ്ങേയറ്റം എന്നേ ഋഷഭ് ഷെട്ടിയെ വിശേഷിപ്പിക്കാനാവൂ. ഒരു സംവിധായകന് തൻ്റെ ഇഷ്‌ട വിഷയം കയ്യിൽക്കിട്ടിയാൽ എന്ത് ചെയ്യാനാവും എന്ന് കാണിച്ചുതരുന്നുണ്ട് അദ്ദേഹം.

ജയറാമിന്റെയും നായികയായ രുക്മ‌ിണി വസന്തിന്റെയുമാണ് ഞെട്ടിച്ച മറ്റുരണ്ട് പ്രകടനങ്ങൾ. കഥാപാത്രത്തിന് സംഭവിക്കുന്ന വികാസങ്ങളിൽ നായകനായ ഋഷഭിന്റെ കഥാപാത്രത്തിന് മുകളിൽ നിൽക്കുന്നുണ്ട് ഇവർ അവതരിപ്പിച്ച കഥാപാത്രങ്ങൾ. ഇരുവരുടേയും കഥാപാത്രങ്ങൾക്ക് വരുന്ന മാറ്റങ്ങൾ അതിശയോക്തിയല്ല. പ്രധാനമായ മറ്റൊരു കഥാപാത്രം ഗുൽഷൻ ദേവയ്യ അവതരിപ്പിച്ച കുലശേഖര രാജാവാണ്. അത്രമേൽ ധൂർത്തനും മദ്യപാനിയും ദുഷ്‌ടനുമായ കുലശേഖരൻ ഗുൽഷൻ്റെ കയ്യിൽ ഭദ്രമായിരുന്നു.

ഹൈപ്പിനൊത്ത് എങ്ങനെ സിനിമ ചെയ്യണമെന്ന് പാൻ ഇന്ത്യൻ സിനിമകളൊരുക്കുന്നവർക്കും ഒരുക്കാനാഗ്രഹിക്കുന്നവർക്കും പാഠപുസ്ത‌കമാക്കാവുന്ന ചിത്രമാണ് കാന്താര 2. ദൃശ്യവിസ്‌മയം എന്നത് ഏറ്റവും ചുരുങ്ങിയ വിശേഷണമാണ് കാന്താരയ്ക്ക്. ഓരോ സീനിലും രോമാഞ്ചം വരുന്ന ഒരു സിനിമയ്ക്കായാണ് ആഗ്രഹിക്കുന്നതെങ്കിൽ അതിനുള്ള ഉത്തരമാണ് കാന്താര: ചാപ്റ്റർ 1.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക