കഫ് സിറപ്പ് ദുരന്തം; ഒളിവിലായിരുന്ന ശ്രീശൻ ഫാർമ ഉടമ അറസ്റ്റിൽ, രേഖകൾ പിടിച്ചെടുത്തു

ചെന്നൈ: 20 കുട്ടികളുടെ മരണത്തിന് കാരണമായ മായം ചേർത്ത കോൾഡ്രിഫ് കഫ് സിറപ്പ് നിർമിച്ച കമ്പനിയുടെ ഉടമയെ അറസ്റ്റ് ചെയ്‌തു. തമിഴ്‌നാട് ആസ്ഥാനമായുള്ള ശ്രീശൻ ഫാർമ ഉടമ രംഗനാഥനെ ഇന്നലെ രാത്രി ചെന്നൈയിൽ നിന്നാണ് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ കുട്ടികളാണ് കോൾഡ്രിഫ് മരുന്ന് കുടിച്ചതിനെ തുടർന്ന് മരിച്ചത്. കോൾഡ്രിഫ് കഴിച്ചതിന് പിന്നാലെ കുട്ടികൾക്ക് വൃക്ക അണുബാധ ഉണ്ടാവുകയായിരുന്നു. മായം ചേർക്കൽ, കുറ്റകരമായ നരഹത്യ, കുട്ടികളുടെ സുരക്ഷ അപകടത്തിലാക്കൽ എന്നീ കുറ്റങ്ങളാണ് രംഗനാഥനെതിരെ ചുമത്തിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിന് പിന്നാലെ രംഗനാഥനും കുടുംബവും ഒളിവിലായിരുന്നു.
ഇന്നലെ രംഗനാഥനെ കണ്ടുപിടിച്ച് കൊടുക്കുന്നവർക്ക് 20,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പുലർച്ചെ 1:30 ഓടെയാണ് രംഗനാഥനെ പിടികൂടിയത്. തുടർന്ന് അദ്ദേഹത്തിൻ്റെ കമ്പനിയുടെ കാഞ്ചീപുരം ഫാക്ടറിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് നിർണായക രേഖകൾ പിടിച്ചെടുത്തതായാണ് വിവരം. രംഗനാഥനെ മധ്യപ്രദേശിലേക്ക് കൊണ്ടുപോകുന്നതിന് മധ്യപ്രദേശ് പൊലീസ് ചെന്നൈ കോടതിയിൽ നിന്ന് ട്രാൻസിറ്റ് റിമാൻഡ് തേടിയിരിക്കുകയാണ്.





